Home

ഡിങ്കന്റെ കഥ ഇതുവരെ..

ഡിങ്കന്റെ കഥ ഇതുവരെ..

"പണ്ടു പണ്ട്‌ പണ്ട്‌ എന്നുവച്ചാല്‍ വളരെപ്പണ്ട്‌, ഒരിടത്തൊരിടത്ത്‌ ഒരു കാടുണ്ടായിരുന്നു. ആ കാടിന്റെ പേര്‌ പങ്കിലക്കാട്‌. ക്രൂരമൃഗങ്ങളും മറ്റും വിഹരിച്ചിരുന്ന ആ കാട്ടുവക്കത്ത്‌ ഒരു മൂഷിക കുടുംബം താമസിച്ചിരുന്നു..." മൂഷികന്‍ന്ന്‌ പറഞ്ഞാല്‍ എന്താ മുത്തശ്ശീ..?!" "മൂഷികന്‍ന്നു വച്ചാ എലി.. ചുണ്ടെലി!" ഒരു മുത്തശ്ശി, തന്റെ പേരക്കിടാങ്ങള്‍ക്കു മുന്നില്‍ കഥയുടെ ഭാണ്ഡം തുറക്കുകയാണ്‌. പോയിട്ടില്ലാത്ത രാജ്യത്തെ കണ്ടിട്ടില്ലാത്ത കാട്ടിലെ കേട്ടിട്ടില്ലാത്ത കഥകള്‍.

മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പാണ്‌ അങ്ങനൊരു മുത്തശിക്കഥയുമായി കോട്ടയത്തു നിന്നു മംഗളം ഗ്രൂപ്പിന്റെ ബാലമംഗളം വരുന്നത്‌. 1983ല്‍. മഹാവികൃതിയായിരുന്നു കഥയിലെ ആ ചുണ്ടെലിക്കുഞ്ഞന്‍. നാട്ടുകാരുടെ കപ്പ കട്ടുതിന്നു വീട്ടുകാരെ അനുസരിക്കാതെ കറങ്ങി നടക്കുന്ന ഒരു താന്തോന്നി. ഒരു ദിവസം വീട്ടില്‍ നിന്നു വഴക്കിട്ടു പടിയിറങ്ങിയ അവന്‍ കാട്ടില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയായിരുന്നു. പെട്ടെന്ന്‌ ആകാശത്തു നിന്നൊരു പേടകം അവന്റെ അരികിലിറങ്ങി. ഒരു കൂട്ടം അന്യഗ്രഹ ജീവികള്‍ ചാടിയിറങ്ങി അവനെ പൊക്കിയെടുത്ത്‌ പേടകത്തിനകത്തിട്ടു. വാതിലടഞ്ഞു. അകത്തു നിന്നു അവന്റെ നിലവിളി കേട്ട്‌ ആകാംക്ഷയുടെ കൊടുമുടിയില്‍ ബാലമംഗളം തെരുപ്പിടിച്ച്‌ കുട്ടികളിരുന്നു. ഒടുവില്‍ പേടക വാതില്‍ തുറക്കപ്പെട്ടു. ചുണ്ടെലിയുടെ പുതിയ രൂപം കണ്ട്‌ കുരുന്നുകള്‍ വായ പിളര്‍ന്നു. ചുവന്ന ജെട്ടിയും മഞ്ഞക്കുപ്പായവും കഴുത്തില്‍ ചുവന്ന ഷാളും ഷൂസുമൊക്കെ ധരിച്ച്‌ ശക്തി വീര്‍ത്ത്‌ തുളുമ്പുന്ന നെഞ്ചുമായി മുന്നിലെത്തിയ പുതിയ മുഖത്തെ അവര്‍ ഡിങ്കനെന്നു വിളിച്ചു. ഇവന്‍ ശക്തരില്‍ ശക്തനെന്നും തിന്മകളെ നേരിടുമെന്നും ഇവന്‍ തിന്മ ചെയ്‌താല്‍ ഇവന്റെ ശക്തി ഞങ്ങള്‍ തിരിച്ചെടുക്കുമെന്നും പറഞ്ഞ്‌ അന്യഗ്രഹ ജീവികളും പേടകവും കുട്ടികള്‍ നോക്കി നില്‍ക്കെ ആകാശത്ത്‌ മറഞ്ഞു.

ഡിങ്കനെ വായിച്ച്‌ വായിച്ച്‌ ഒരു തലമുറ വാനോളം വളര്‍ന്നു. ആദ്യം മാസത്തിലൊന്നും പിന്നെ രണ്ടും ഒടുവില്‍ ആഴ്‌ചതോറും അവന്‍ കൂട്ടുകാരെ തേടിയെത്തി. 'ഡിങ്കാാാ..' എന്ന ഒറ്റവിളിയില്‍ പറന്നെത്തിയ അവന്‍ എതിരാളിക്കൊരു പോരാളിയായി. അവന്റെ ഇടവും വലവും നിന്ന്‌ കുട്ടികള്‍ അനീതികളില്ലാത്ത നന്മയുടെ ഭൂമി പടുതുയര്‍ത്തി. കേരകന്മാരും കരിങ്കാടന്മാരുമില്ലാത്ത സ്വപ്‌നലോകം കിനാവു കണ്ടു. നാല്‌ വര്‍ഷം മുമ്പ്‌ 2012ല്‍ ബാലമംഗളം പ്രസിദ്ധീകരണം നിലച്ചു. അതോടെ ഡിങ്കന്‍ അപ്രത്യക്ഷനായി. ഇക്കാലത്ത്‌ സൈബര്‍ ലോകത്ത്‌ ഡിങ്കോയിസം എന്നൊരു മതമുണ്ടായി. ഡിങ്കനെ വായിച്ചു വളര്‍ന്നു മുതിര്‍ന്നവരായ പഴയ ചില കൂട്ടുകാരായിരുന്നു ഡിങ്കോയിസത്തിനു പിന്നില്‍. അനുയായികള്‍ ഡിങ്കോയിസ്‌റ്റുകള്‍ എന്നറിയപ്പെട്ടു. ഡിങ്കനെ അവര്‍ സത്യദൈവമെന്നു വിളിച്ചു. അടുത്തകാലത്ത്‌ ദിലീപിന്റെ 'പ്രൊഫസര്‍ ഡിങ്കന്‍' എന്ന സിനിമയ്‌ക്കെതിരെ കൊച്ചിയില്‍ ഡിങ്കോയിസ്‌റ്റുകളുടെ പ്രതിഷേധം അരങ്ങേറി. അതോടെ ഡിങ്കന്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. കലക്ടറും ബുദ്ധിജീവികളും മാധ്യമ -ചലച്ചിത്ര പ്രവര്‍ത്തകരുമുള്‍പ്പെടെയുള്ള ഒരു വലിയ കൂട്ടം ഡിങ്കോയിസ്‌റ്റുകളായി. ഡിങ്കനെ മുന്‍നിര്‍ത്തി പരമ്പരാഗത മതചിഹ്നങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു.

ഈ വിവാദ ചര്‍ച്ചകള്‍ക്കിടെ പുതിയ വാര്‍ത്തയെത്തി. മംഗളം വാരികയില്‍ ഫെബ്രുവരി 22 മുതല്‍ ഡിങ്കന്‍ പുനരവതരിക്കുന്നു. മൂന്നു പതിറ്റാണ്ട്‌ കാലം ഡിങ്കന്റെ കഥയെഴുതിയ എന്‍ സോമശേഖരനെയും രൂപമുണ്ടാക്കിയ ആര്‍ടിസ്‌റ്റ്‌ ബേബി ജോണിനെയും തേടിയിറങ്ങിയത്‌ അങ്ങനെയാണ്‌. 'ഡിങ്കന്‍' എന്ന ടൈറ്റിലിനു കീഴില്‍, കഥ: 'സോം' എന്നും ചിത്രീകരണം: 'ബേബി'യെന്നും മാത്രം വായനക്കാര്‍ക്ക്‌ പരിചിതരായ ഇരുവരും ഏഷ്യാനെറ്റിനോട്‌ സംസാരിക്കുന്നു. ഒപ്പം ഇന്ത്യന്‍ ചിത്രകഥാ സാഹിത്യം, ഡിങ്കോയിസം, ലോകത്തിലെ വിവിധ ന്യൂജനറേഷന്‍/ പാരഡി മതങ്ങള്‍ തുടങ്ങിയവയെക്കുറിച്ചുള്ള വിശേഷങ്ങളും.

ഡിങ്കന്‍ സ്‍പെഷന്‍ വെബ്സൈറ്റ് കാണാന്‍ ക്ലിക്ക് ചെയ്യുക - ഡിങ്കന്‍ - ശക്തരില്‍ ശക്തന്‍, എതിരാളികള്‍ക്കൊരു പോരാളി