Home

ഡിങ്കന്റെ പിറവിയുടെ കഥ

 ഡിങ്കന്റെ പിറവിയുടെ കഥ

എതിരാളിക്കൊരു പോരാളി, ശക്തരില്‍ ശക്തന്‍ - പഞ്ചു ഡയലോഗുമായി എത്തിയ ഡിങ്കന്‍ കുട്ടികളുടെ പ്രിയപ്പെട്ട കൂട്ടുകാരനായിരുന്നു. പുതിയ കാലത്ത് ഡിങ്കനു അനുയായികളുണ്ടായി. ഡിങ്കോയിസം എന്ന സ്‍പൂഫ് മതവുമുണ്ടായി. ബാലമംഗളം പ്രസിദ്ധീകരണം നിര്‍ത്തിയപ്പോള്‍ നിന്നുപോയ ഡിങ്കന്‍ കഥകള്‍ മംഗളത്തിലൂടെ വീണ്ടും എത്തുകയുമാണ്.  ഡിങ്കനു ജന്മം നല്‍കി മൂന്നു പതിറ്റാണ്ടോളം കഥയെഴുതിയത് എന്‍ സോമശേഖരനാണ്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ എന്‍ സോമശേഖരന്‍ asianetnews.tvയോട് സംസാരിക്കുന്നു. പ്രശോഭ് പ്രസന്നന്‍ നടത്തിയ അഭിമുഖം

 

 

 


എഴുപതുകളിലും എണ്‍പതുകളുടെ തുടക്കത്തിലും കോട്ടയത്തു പ്രസാധക വിപ്ലവം നടന്നു. കൂണുകള്‍ പോലെ പ്രസിദ്ധീകരണങ്ങള്‍ മുളപൊട്ടി. അച്ചടിമേഖല കരുത്താര്‍ജ്ജിച്ചു. ജനപ്രിയ സാഹിത്യവും ബാല ചിത്രകഥാ സാഹിത്യവുമൊക്കെ കോട്ടയത്തെ അച്ചുകൂടങ്ങളില്‍ നിന്നും കേരളത്തിന്റെ മുക്കിലും മൂലയിലേക്കുമൊഴുകി. 1980ലാണ്‌ ബാലമംഗളം പുറത്തിറങ്ങുന്നത്‌. ബാലരമയും പൂമ്പാറ്റയുമൊക്കെ സജീവമായിരുന്ന കാലം. അദ്‌ഭുതശക്തിയുള്ള അന്നത്തെ ഏക കോമിക്ക്‌ കഥാപാത്രം പൂമ്പാറ്റയിലെ കപീഷ്‌ മാത്രമായിരുന്നു. മായാവി അവതരിച്ചിരുന്നില്ല. ഇക്കാലത്താണ്‌ ഡിങ്കന്റെ പിറവി. ആ കഥകള്‍ ഡിങ്കന്റെ പിതാവ്‌ എന്‍ സോമശേഖരന്‍ തന്നെ പറയും:

ഡിങ്കന്റെ ജന്മദേശം കോഴിക്കോട്‌
എറണാകുളത്തെ കോതമംഗലമാണ്‌ എന്‍ സോമശേഖരന്റെ ജന്മനാട്‌. കോതമംഗലം മാര്‍ അത്തനേഷ്യസ്‌ കോളേജില്‍ സുവോളജിയില്‍ ബിരുദ പഠനം. കോളേജ്‌ പഠനകാലത്ത്‌ മനോരമയിലും ദേശാഭിമാനിയിലും മാതൃഭൂമിയിലമൊക്കെ ബിറ്റുകള്‍ എഴുതുമായിരുന്നു. പത്രപ്രവര്‍ത്തനത്തിലേക്കു വഴികാട്ടിയത്‌ സഹോദരനും മനോരമയിലെ മാധ്യമപ്രവര്‍ത്തകനുമായിരുന്ന എന്‍ വിജയമോഹനന്‍. ഉയര്‍ന്ന മാര്‍ക്കില്‍ ഡിഗ്രി പാസ്സായ ഉടന്‍ മംഗളത്തില്‍ ചേര്‍ന്നു. ജോലിയില്‍ കയറി ഏതാനും മാസങ്ങള്‍ക്കകം കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിയില്‍ ജേര്‍ണലിസത്തിനു പ്രവേശനം ലഭിച്ചു. കാര്യവട്ടത്തും കോഴിക്കോടും മാത്രം ജേര്‍ണലിസം കോഴ്‌സുകളുണ്ടായിരുന്ന കാലം. തിരിച്ച്‌ വരണമെന്ന അഭ്യര്‍ത്ഥനയോടെ സോമശേഖരനെ മംഗളം കോഴിക്കോട്ടേക്കു യാത്രയാക്കി. പഠനവും ജോലിയും ഒരുമിച്ചു കൊണ്ടു പോകാന്‍ ഗുരുക്കന്മാരുടെ ഉപദേശം. അങ്ങനെ പഠിക്കുന്നതിനൊപ്പം ബാലമംഗളത്തലും എഴുതിക്കൊണ്ടിരുന്നു. ഡിങ്കനെയും നമ്പോലനെയുമൊക്കെ സൃഷ്ടിച്ച്‌ കേരളത്തിലെ ഒരുതലമുറയെ വായനയുടെ ഭാവനാ ലോകത്തേക്കു വഴിനടത്തിയ എന്‍ സോമശേഖരനെന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്റെ വാക്കുകളിലേക്ക്‌.

ഡിങ്കന്‍ എന്ന കഥാപാത്രത്തിന്റെ രൂപീകരണത്തിലേക്കു വരുന്നത്‌ എങ്ങനെയാണ്‌?

ഡിങ്കനെ സൃഷ്ടിക്കുമ്പോള്‍ എനിക്ക്‌ 24 വയസ്സാണ്‌ പ്രായം. കോഴിക്കോട്‌ കാമ്പസില്‍ മാധ്യമപ്രവര്‍ത്തനം പഠിക്കാന്‍ പോയ കാലം. മംഗളത്തിന്റെ എം ഡി ആയിരുന്ന എം സി വര്‍ഗീസ്‌ സാര്‍ ഇത്തരമൊരു കഥാപാത്രത്തെക്കുറിച്ചു നിരന്തരം പറയുമായിരുന്നു. ബാലമംഗളത്തിന്‌ അന്നു വെറും 4000 കോപ്പിയാണ്‌ ഉണ്ടായിരുന്നത്‌. മാധ്യമപഠനത്തിനിടയില്‍ ഇങ്ങനൊരു കഥാപാത്രത്തെക്കുറിച്ചായിരുന്നു ചിന്ത. കുട്ടികള്‍ക്ക്‌ മെസേജ്‌ കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ കാമ്പസില്‍ കൂട്ടുകാരുമൊത്തുള്ള ചര്‍ച്ചകള്‍ക്കിടയില്‍ 1981 -1982 കാലത്താണ്‌ ഡിങ്കനെന്ന കഥാപാത്രത്തെ മനസ്സില്‍ രൂപപ്പെടുത്തുന്നത്‌.

എപ്പോഴാണ്‌ ഡിങ്കന്‍ പ്രസിദ്ധീകരണം തുടങ്ങുന്നത്‌?

ഓര്‍മ്മ ശരിയാണെങ്കില്‍ 1983-84 കാലത്താണ്‌. 82ലെ വരള്‍ച്ച കാരണം 1983 വരെ എന്റെ കോഴ്‌സ്‌ നീണ്ടതായിട്ടാണ്‌ ഓര്‍മ്മ. പഠനം കഴിഞ്ഞയുടന്‍ ബാലമംഗളത്തില്‍ തിരികെയെത്തിയിരുന്നു.പങ്കിലക്കാട് പാപത്തിന്റെ ഭൂമി

മറ്റു കഥാപാത്രങ്ങളുടെയും കഥാപരിസരത്തിന്റെയും രൂപീകരണം?

ഡിങ്കനും കൂട്ടുകാരും ജീവിക്കുന്ന കാടാണ്‌ പങ്കിലക്കാട്‌. പാപത്തിന്റെ ഭൂമിയെന്ന അര്‍ത്ഥത്തിലാണ്‌ പങ്കിലക്കാടെന്ന പേരിടുന്നത്‌. പങ്കിലം എന്നാല്‍ പാപം. തിന്മയുള്ളിടത്തല്ലേ നല്ല ഒരാളുടെ ആവശ്യം?! പാപമുള്ളിടത്ത്‌ ഒരു അവതാരം വേണം. വീര്യവും വാശിയും കുട്ടികള്‍ക്കിഷ്‍ടമാണല്ലോ.. ഹനുമാനെയൊക്കെ കുരുന്നുകള്‍ ഒരുപാടിഷ്‍ടപ്പെടുന്നത്‌ അതുകൊണ്ടാണെന്ന്‌. ഇത്‌ ചക്രവര്‍ത്തി രാജഗോപാലാചാരി തന്റെ രാമായണത്തില്‍ പറയുന്നുണ്ട്‌. ഊര്‍ജ്ജത്തിന്റെ ശ്രോതസാണ്‌ കുട്ടികള്‍. അവര്‍ക്കു വീറും ഒപ്പം നന്മയും കൊടുക്കണം. കഥപറഞ്ഞു കൊടുക്കാനുള്ള ടൂളുകളാണ്‌ മൃഗങ്ങള്‍. കേരകനെന്ന ദിനോസര്‍, സടയന്‍ സിംഹം, മീട്ടുമുയല്‍, കരിങ്കാടന്‍ കടുവ, ചിന്നു മാന്‍ അങ്ങനെ കുറേ കഥാപാത്രങ്ങളുണ്ടായിരുന്നു ഡിങ്കനൊപ്പം.

 ജുറാസിക്ക്‌ പാര്‍ക്കിനും മുന്നേ ഒരു ദിനോസര്‍

കഥ എഴുതിയിരുന്ന രീതികള്‍?

ഡിങ്കന്‍ എന്ന പേരൊക്കെ തികച്ചും യാദൃശ്ചികമായി സംഭവിച്ചതാണ്‌. മിക്ക കഥകളും ഒട്ടും ആലോചിച്ചെഴുതിയതല്ല. മിക്കപ്പോഴും 5 - 10 മിനുട്ടിനുള്ളില്‍ കഥയെഴുതി ബേബിക്കു വരയ്‌ക്കാന്‍ നല്‍കും. തീവ്രമായി ആലോചിച്ചെഴുതുന്നതല്ല. ടെന്‍ഷന്‍ അനുഭവിച്ചിരുന്നില്ല. ഇതൊന്നും എന്റെ പ്രതിഭയുമല്ല. എല്ലാം പണ്ടു മുതലേ പാട്ടിപ്പതിഞ്ഞ കഥകള്‍ തന്നെയായിരുന്നു. പഞ്ചതന്ത്രവും കഥാസരിത്‌ സാഗരവുമൊക്കെ കഥകളുടെ സാഗരങ്ങളാണ്‌. അത്തരം പഴങ്കഥകള്‍ ഞങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിച്ചെന്നു മാത്രം. ഡിങ്കന്റെ പ്രധാന എതിരാളിയായ കേരകന്‍ ഒരു ദിനോസറാണ്‌. സ്‌റ്റീവന്‍ സ്‌പില്‍ബര്‍ഗിന്റെ ജുറാസിക്ക്‌ പാര്‍ക്കിനും മുമ്പാണ്‌ ഈ കഥാപാത്രത്തെ ഞങ്ങള്‍ അവതരിപ്പിച്ചത്‌. ഞാന്‍ സ്‍പീല്‍ബര്‍ഗോളം പ്രതിഭ ആയതുകൊണ്ടല്ല അതൊന്നും സംഭവിച്ചത്‌. ഡിഗ്രിക്ക്‌ സുവോളജി പഠിച്ചതിന്റെ ഗുണമാണ്‌. ഒരു കഥപോലെ ഏറെ ഇഷ്‍ടപ്പെട്ടു പഠിച്ച വിഷയമായിരുന്നു സുവോളജി. കൊച്ചു കേരളത്തില്‍ നിന്നും സ്‌പില്‍ബര്‍ഗിനെപ്പോലെ ചിന്തിക്കാന്‍ കഴിഞ്ഞുവെന്നത്‌ സ്വകാര്യ സന്തോഷം. ജീവികളെ കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നതില്‍ കോളേജുകാലത്തെ സുവോളജി പഠനം എന്നെ ഒരുപാട്‌ സഹായിച്ചിട്ടുണ്ട്‌. വിദേശ ചിത്രകഥകള്‍ വയലന്‍സിനാണ്‌ പ്രധാന്യം നല്‍കുന്നത്‌. ഹീമാന്‍, ഇലക്ട്രോമാന്‍ പോലുള്ള കഥാപാത്രങ്ങള്‍ ഉദാഹരണം. കുട്ടികളില്‍ ഒരു വികാരവും അവയുണ്ടാക്കുന്നില്ല. മെസേജസ്‌ കൊടുക്കാനും പറ്റില്ല. നമ്മുടെത്‌ അങ്ങനെയല്ല. നമുക്ക്‌ പഞ്ചതന്ത്രവും കഥാ സരിത്‌ സാഗരവുമൊക്കെയുള്ള ഫാന്റസിയുടെ വലിയൊരു ലോകം തന്നെയുണ്ട്‌. മിക്ക കഥകളും ജന്തു കേന്ദ്രീകൃതവും. പട്ടിയും പൂച്ചയും കുറുക്കനും പാറ്റയും കുരങ്ങനും ഉറുമ്പും കിളികളുമൊക്കെ കൂട്ടുകാരായി വരുന്ന അദ്‌ഭുതവും കൗതുകവും നിറഞ്ഞ ലോകം.

ഡിങ്കന്‍ താങ്കളുടെ ജീവിതത്തില്‍ വരുത്തിയ മാറ്റം?

ഡിങ്കന്‍ ഓരോ ലക്കം മുന്നോട്ടു പോകുന്തോറും ബാലമംഗളത്തിന്റെ കോപ്പികളുടെ എണ്ണവും കൂടി. 4000 യിരത്തില്‍ നിന്നു 40000 കോപ്പിയിലേക്കുയര്‍ന്നു. പിന്നെ ഒന്നര ലക്ഷം. കൊച്ചുപയ്യനല്ലേ അന്നു ഞാന്‍..! മാനേജ്‌മെന്റിനു ഭയങ്കര സന്തോഷമായിരുന്നു. ഡിങ്കന്റെ വിജയരഹസ്യം എന്താണെന്നു പലരും ചോദിക്കുമായിരുന്നു. എനിക്കു ജീവിക്കണമെന്ന്‌ ഈശ്വരന്‌ ബോധ്യമുണ്ടെന്നായിരുന്നു ഞാന്‍ മറുപടി പറഞ്ഞിരുന്നത്‌. തിരിഞ്ഞു നോക്കുമ്പോള്‍ അദ്‌ഭുതം തോന്നുന്നു. ആ പ്രായത്തില്‍ ഞാന്‍ തന്നെയാണോ ഇതൊക്കെ ചെയ്‌തതെന്ന്‌..!മുതിര്‍ന്നവരും ഡിങ്കന്റെ ആരാധകര്‍

കുട്ടികള്‍ മാത്രമായിരുന്നോ വായനക്കാര്‍?

ഡിങ്കന്‍ മുതിര്‍ന്നവരെയും ആകര്‍ഷിച്ചിരുന്നു. ബാലമംഗളം വായിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളായിരുന്നു അവയില്‍ ഭൂരിഭാഗവും. ആ കാലത്ത്‌‌ ഒന്നരലക്ഷത്തോളം കോപ്പികളായി ബാലമംഗളത്തിന്റെ സര്‍ക്കുലേഷന്‍ കുതിച്ചുയര്‍ന്നു. മറ്റ്‌ ബാലപ്രസിദ്ധീകരണങ്ങള്‍ക്കില്ലാത്ത ഒരു പ്രത്യേകത ബാലമംഗളത്തിനുണ്ടായിരുന്നു. വെക്കേഷന്‍ കാലത്ത്‌ കോപ്പി കൂടില്ല; പരീക്ഷക്കാലത്ത്‌ കുറയുകയുമില്ല. ഇക്കാര്യം ഒരിക്കല്‍ ഇക്കണോമിക്‌സ്‌ ടൈംസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. മറ്റ്‌ ബാലപ്രസിദ്ധീകരണങ്ങള്‍ നേരെ തിരിച്ചായിരുന്നു. അതിനുള്ള കാരണം ബാലമംഗളത്തിന്റെ മുതിര്‍ന്ന വായനക്കാരാണെന്നു ഞാന്‍ കരുതുന്നു. ധാര്‍മികത കാത്തുസൂക്ഷിക്കുന്ന കഥാപരിസരം അവര്‍ക്കും ഇഷ്‍ടപ്പെട്ടിരിക്കാം. മാത്രമല്ല കുട്ടികള്‍ക്ക്‌ ഉപദേശമായിട്ടു ഫീല്‍ ചെയ്‌തിരുന്നുമില്ല. ഉപദേശിക്കാനായി ഉപദേശിക്കരുതെന്നാണ്‌ എന്റെ പക്ഷം. കുട്ടികള്‍ക്ക്‌ നല്ല കഥമാത്രം നല്‍കുക. കഥ അവര്‍ക്ക്‌ ബോധ്യപ്പെട്ടാല്‍ മാത്രം മതി. സ്വാഭാവികമായി അവര്‍ സ്വാധീനിക്കപ്പെടും. ഉപദേശങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്‌. ഏതുരീതിയിലും നമുക്കു നയിക്കാന്‍ പറ്റുന്നവരാണ്‌ കുട്ടികള്‍. വിപണിയില്‍, മറ്റു ബാല പ്രസിദ്ധീകരണങ്ങളുമായുള്ള മത്സരത്തില്‍ മംഗളത്തിനു ചെലുത്താവുന്ന ശക്തി പരിമിതമായിരുന്നു. അതു തികച്ചും സ്വാഭാവികമായിരുന്നു. എന്നിട്ടും ഡിങ്കന്‍ എസ്റ്റാബ്ലിഷ്‌ ചെയ്‌തുവെന്നത്‌ വലിയ കാര്യമാണ്‌. അതിലെ നന്മ മാത്രമാണ്‌ ഈ വിജയത്തിനു കാരണം. പിന്നെ ഈശ്വര നിശ്ചയവും.

ഡിങ്കന്‍ സ്വന്തം എഴുത്തിലും വായനയിലും സ്വാധീനിച്ചിട്ടുണ്ടോ??

വളരെ വലിയ മാറ്റമാണ്‌ ഈ കഥാപാത്രം എന്റെ ജീവിതത്തിലുണ്ടാക്കിയത്‌. വായന വിപുലപ്പെടുത്തിയത്‌ ഇക്കാലത്താണ്‌. വിവേകാനന്ദ സാഹിത്യവും മറ്റും വായിച്ചു തുടങ്ങി. കഥാലോകം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ വായന. മഹാന്മാരുടെ ജീവിതത്തിലെ നന്മ നിറഞ്ഞ കഥകള്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കുകയായിരുന്നു ലക്ഷ്യം. അതോടെ ഞാന്‍ ആകെ മാറി. വായന ഇത്തരം കൃതികളിലേക്ക്‌ കേന്ദ്രീകരിച്ചു. വിവേകാനന്ദന്റെയൊക്കെ നന്മകളുടെ അംശം ഡിങ്കന്റെ കഥാപരിസരത്തെ സ്വാധീനിച്ചിട്ടുണ്ട്‌. ഈ വായന എന്നെ മറ്റൊരു ലോകത്തേക്കു വഴി നടത്തി. പില്‍ക്കാലത്ത്‌ ഹിമാലയ സന്ദര്‍ശനത്തിനൊക്കെ കാരണമായത്‌ ഈ പുസ്‌തകങ്ങളാണ്‌.

ബേബിയുമായുള്ള ആത്മബന്ധം?

ഞാന്‍ മനസ്സില്‍ കാണുന്നതൊക്കെ വരയ്‌ക്കുന്ന മിടുക്കനായ ആര്‍ടിസ്റ്റായിരുന്നു ബേബി. എന്റെ മനസ്സറിയുന്ന ചിത്രകാരന്‍. പരസ്‌പരം ചര്‍ച്ചകള്‍ ചെയ്‌താണ്‌ ഞങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നത്‌. എഡിറ്റര്‍ ആര്‍ടിസ്‌റ്റ്‌ വകഭേദമൊന്നും ഇല്ല. സ്‌ക്രിപ്‌റ്റ്‌ വായിച്ച്‌ ചിലപ്പോള്‍ ബേബി ചോദിക്കും സോമാ, നമുക്ക്‌ കഥ ഇങ്ങനെയൊന്നു തിരുത്തായാല്‍ നന്നാവില്ലേ എന്നൊക്കെ. അതിനനുസരിച്ച്‌ മാറ്റംവരുത്തും. ശക്തിമരുന്ന്‌ ഉള്‍പ്പെടെയുള്ള നിരവധി രചനകള്‍ ഞങ്ങളൊരുമിച്ചു ചെയ്‌തിട്ടുണ്ട്‌. നല്ല കോമ്പിനേഷനായിരുന്നു ബേബി.അമര്‍ചിത്രകഥാ കാലത്തെക്കുറിച്ച്‌?

ഒരിക്കല്‍ അങ്കിള്‍ പൈയെ നേരില്‍ക്കണ്ടു സംസാരിച്ചിരുന്നു. ഡല്‍ഹിയിലെ കുറേ കുട്ടികളെ ഇന്ത്യന്‍ ഹിസ്റ്ററി പഠിപ്പിക്കാന്‍ അമര്‍ചിത്രകഥ തുടങ്ങിയ കഥകള്‍ അന്നദ്ദേഹം പറഞ്ഞു. അതൊരു കാലഘട്ടം. ചിത്രകഥ വായിച്ച്‌ വളര്‍ന്ന ജനത; ചിത്രകഥയിലൂടെ പുരാണങ്ങള്‍ പഠിച്ച കുട്ടികള്‍. പില്‍ക്കാലത്ത്‌ രാമാനന്ദ്‌ സാഗറിന്റെ ടീവി സീരിയലുകള്‍ ചെയ്‌തതും ഇതൊക്കെത്തന്നെയാണ്‌.

പുതിയ കാലത്ത്‌ ബാല പ്രസിദ്ധീകരണങ്ങള്‍ക്ക്‌ എന്താണ്‌ സംഭവിച്ചത്‌?

ഇന്ന്‌ ബാലപ്രസിദ്ധീകരണങ്ങള്‍ക്ക്‌ പ്രിയം കുറഞ്ഞുവെങ്കില്‍ അതിനു കാരണം അവ ആഴ്‌ചപ്പതിപ്പുകളാക്കിയതാണ്‌. എന്തു സാധനവും ആവര്‍ത്തിച്ചാല്‍ മടുക്കും. പ്രസിദ്ധീകരണങ്ങളുടെ ആഴ്‌ചതോറുമുള്ള പ്രളയം കുട്ടികള്‍ക്ക്‌ എന്റര്‍ടെയിന്‍മെന്റ്‌ വായനയുടെ ദഹനക്കേടുണ്ടാക്കി. മാത്രമല്ല മെറ്റീരിയലുകള്‍ക്ക്‌ ക്ഷാമം നേരിട്ടു. അപ്പോള്‍ ചവറുകള്‍ നിറയ്‌ക്കുന്ന പ്രവണതയും വര്‍ദ്ധിച്ചു.

ബാലമംഗളം വിടുന്നതെങ്ങനെയാണ്‌?

വിവേകാനന്ദ കൃതികളുടെയും മറ്റും ആഴത്തിലുള്ള വായന ജീവിതത്തെ മാറ്റി മറിച്ചു. തുടര്‍ന്ന്‌ ഹിമാലയന്‍ യാത്രകള്‍ നടത്തി. ഇക്കാലത്ത്‌ രാമകൃഷ്‌ണ മഠം സന്ദര്‍ശിച്ചു. ശ്രീരാമകൃഷ്‌ണന്റെ ശിഷ്യന്റെ ശിഷ്യനെ പരിചയപ്പെട്ടു. അന്നദ്ദേഹത്തിനു 99 വയസ്സുണ്ട്‌. ആ പരിചയപ്പെടല്‍ വലിയൊരു വഴിത്തിരിവായിരുന്നു. പിന്നെയും നിരന്തര യാത്രകള്‍. പുട്ടപര്‍ത്തിയൊക്കെ സന്ദര്‍ശിച്ചു. വായിച്ചറിഞ്ഞതിന്റെയൊക്കെ ജീവിക്കുന്ന രൂപങ്ങളെ പലയിടത്തും നേരില്‍ക്കണ്ടു. ആധ്യാത്മിക വഴിയിലേക്കു തിരിഞ്ഞു. ജോലിയും യാത്രകളും ഒരുമിച്ചു കൊണ്ടു പോകാന്‍ മനസ്സനുവദിച്ചില്ല. അങ്ങനെ 2005ല്‍ ജോലി രാജി വച്ച്‌ ബാലമംഗളത്തിന്റെ പടിയിറങ്ങി. നല്ലരീതിയിലായിരുന്നു മടക്കം. കുറച്ചു വര്‍ഷങ്ങള്‍ക്കു ശേഷം ബാലമംഗളം അടച്ചു പൂട്ടിയിതറിഞ്ഞു. ഒരിക്കലും അത്‌ പ്രതീക്ഷിച്ചിരുന്നില്ല. വേദന തോന്നി. മംഗളം വാരികയില്‍ പുതിയ ഡിങ്കനു കഥയെഴുതാന്‍ വിളിച്ചിരുന്നു. താല്‍പര്യമില്ലെന്നു പറഞ്ഞു പിന്മാറുകയായിരുന്നു. ഇപ്പോള്‍ പ്രഭാഷണങ്ങള്‍ക്കും മറ്റും പോകുന്നുണ്ട്‌. കോട്ടയത്താണ്‌ താമസം.ഡിങ്കോയിസം ഒരു മോക്കിംഗ്

ഡിങ്കന്റെ പേരില്‍ നടക്കുന്ന പുതിയ സംഭവങ്ങള്‍ അറിയുന്നുണ്ടോ? ഡിങ്കോയിസത്തെക്കുറിച്ച്‌ എന്താണ്‌ തോന്നുന്നത്‌?

ഡിങ്കന്‍ ഇന്റര്‍നെറ്റില്‍ സജീവമാണെന്ന്‌ നാലഞ്ച്‌ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഒരു ചാനലില്‍ നിന്നു വിളിച്ചപ്പോഴാണ്‌ അറിഞ്ഞത്‌. പുതിയസംഭവങ്ങള്‍ ശ്രദ്ധിക്കാറില്ല. താല്‍പര്യമില്ല. ഡിങ്കോയിസം ഒരു മോക്കിങ്ങായിട്ടാണ്‌ തോന്നുന്നത്‌. കുട്ടികള്‍ ഊര്‍ജ്ജം വെറുതെ കളയുകയാണ്‌. ആരേയും കുറ്റപ്പെടുത്തുകയല്ല. എല്ലാവര്‍ക്കും അവരവരുടേതായ സ്വാതന്ത്ര്യമുണ്ട്‌. ഞാന്‍ ഫേസ്‌ബുക്കില്‍ ഇല്ല. ഡിങ്കന്റെ പേരില്‍ പ്രചരിക്കുന്ന ചില സന്ദേശങ്ങള്‍ ചിലര്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. വായിച്ചപ്പോള്‍ ചെറിയ വേദന തോന്നി.

ഡിങ്കോയിസ്‌റ്റുകളുടെ പ്രതിഷേധ പ്രകടനങ്ങളെക്കുറിച്ച്‌ എന്താണ്‌ പറയാനുള്ളത്‌? ഞങ്ങള്‍ ചെയ്യുന്നത്‌ കോമാളിത്തമാണെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഇത്രകാലവും ചെയ്‌തതും ഇപ്പോള്‍ ചെയ്യുന്നതുമായ കാര്യങ്ങള്‍ അങ്ങനെയാണ്‌ ഞങ്ങള്‍ക്കും തോന്നുന്നതെന്നാണ്‌ ഡിങ്കോയിസ്‌റ്റുകള്‍ മതമൗലിക വാദികളോടു പറയുന്നത്‌. അതിനെക്കുറിച്ച്‌..?

ഞാന്‍ പറഞ്ഞല്ലോ, ആരേയും കുറ്റപ്പെടുത്താനും പരിഹസിക്കാനും ഞാനാരുമല്ല. കുഞ്ഞുങ്ങള്‍ക്ക്‌ ഈ ഊര്‍ജ്ജം വേറെന്തിനൊക്കെ വേണ്ടി ഉപയോഗിക്കാമെന്നതു മാത്രമാണ്‌ ചിന്തിക്കുന്നത്‌. ഈശ്വരനെയൊക്കെ മാറ്റി നിര്‍ത്തിയിട്ട്‌ ചിന്തിച്ചു നോക്കു. ഈ സമയത്ത്‌ ഒരു പാത്രത്തില്‍ കുറച്ച്‌ വെള്ളമെടുത്ത്‌ വയ്‌ക്കു. കിളികള്‍ വന്നു കുടിച്ചോട്ടെ. ഇങ്ങനെ പറയുമ്പോള്‍ എന്നെ പഴഞ്ചനെന്നു വിളിച്ചേക്കാം. എന്റെ ഭാഗത്തു നിന്നുള്ള ഒരു അഭിപ്രായം മാത്രമാണിത്‌. ഡിങ്കനെ മുന്‍നിര്‍ത്തി നന്മ ചെയ്യൂ. യുവതയുടെ ഊര്‍ജ്ജം നല്ലതിലേക്കു തിരിച്ചു വിടൂ.  ഇരുപത്തിനാലാമത്തെ വയസ്സില്‍ ഡിങ്കനെ പരുവപ്പെടുത്തുമ്പോള്‍ നന്മ മാത്രമായിരുന്നു മനസ്സില്‍. കുട്ടികള്‍ക്ക്‌ നന്മനിറഞ്ഞ സന്ദേശങ്ങള്‍ കൊടുക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇത്തരം ചര്‍ച്ചകള്‍ നടത്തി സമയം പാഴാക്കുന്നതിനു പകരം കുട്ടികള്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്നാണ്‌ ആഗ്രഹം. പറ്റുമെങ്കില്‍ ഡിങ്കനെ മുന്‍നിര്‍ത്തി വിഷരഹിത പച്ചക്കറി കൃഷി ചെയ്യുക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ആരേയും വേദനിപ്പിക്കാനോ വിവാദങ്ങള്‍ക്കോ പറയുന്നതല്ല ഒന്നും. യുവത ഊര്‍ജ്ജം വെറുതെ കളയരുതെന്നാണ്‌ ആഗ്രഹം. ഇത്തരം ചര്‍ച്ചകളുടെ ഭാഗമാകാന്‍ ഒട്ടും താല്‍പര്യമില്ല.

എന്‍ സോമശേഖരന്റെ വാക്കുകളില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ നടന്നു തഴമ്പിച്ച വഴികളുടെ ചൂടും ചൂരുമുണ്ട്‌. കഥ പറയുന്ന കാരണവരുടെ കരുത്തുണ്ട്‌. കഥകേള്‍ക്കുന്നതിനിടയില്‍ സംശയം ചോദിക്കുന്ന ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയുണ്ട്‌. ഒപ്പം ജീവിതാനുഭങ്ങളില്‍ പുരണ്ട ആധ്യാത്മികതയുടെ തിളക്കമുണ്ട്‌.