Home

പുതിയ ഡിങ്കനും പഴയ ഡിങ്കനും, ആര്‍ടിസ്റ്റ്‌ ബേബി സംസാരിക്കുന്നു

പുതിയ ഡിങ്കനും പഴയ ഡിങ്കനും, ആര്‍ടിസ്റ്റ്‌ ബേബി സംസാരിക്കുന്നു

പ്രശോഭ് പ്രസന്നന്‍

"മൂന്നു പതിറ്റാണ്ടിനിടയില്‍ ഒരുതവണ ഡിങ്കന്‍ മുടങ്ങി. ഡിങ്കനില്ലെങ്കില്‍ അടുത്ത ലക്കം മുതല്‍ ബാലമംഗളം വേണ്ടെന്ന്‌ പറഞ്ഞ്‌ കുട്ടികളുടെ നൂറുകണക്കിന്‌ എഴുത്തുകളാണ്‌ വന്നത്‌. അതില്‍പ്പിന്നെ ബാലമംഗളം അവസാനിക്കും വരെ ഡിങ്കന്‍ മുടങ്ങിയിട്ടില്ല. ഇപ്പോള്‍ ഡിങ്കന്‍ വീണ്ടും വരുമ്പോള്‍ അതിന്റെ ആവേശത്തിലാണ് ഞാന്‍" -  പറയുന്നത്‌ ഡിങ്കന്റെ രൂപശില്‍പ്പി ആര്‍ടിസ്റ്റ്‌ ബേബി ജോണ്‍.

ചേര്‍ത്തലക്കാരന്‍ ബേബി, ജോണ്‍- തങ്കമ്മ ദമ്പതികളുടെ മകനാണ്‌. അച്‍ഛനും അമ്മാവനുമൊക്കെ ചിത്രം വരയ്‌ക്കുമായിരുന്നു. അങ്ങനെ ഇരുവഴിക്കും ചിത്രകലാ പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ബേബിയുടെ ജനനം. ചേര്‍ത്തലക്കാരന്‍ കെ കെ വാര്യരായിരുന്നു ഗുരു. ചിത്രകലയില്‍ ഡിപ്ലോമയ്‌ക്കു ശേഷം ചില പ്രസിദ്ധീകരണങ്ങളുടെ കവര്‍ ചെയ്‌തായിരുന്നു തുടക്കം. 1979ല്‍ മാമാങ്കം മാസികയില്‍ ചേര്‍ന്നു. തുടര്‍ന്നു കുറച്ചുനാള്‍ കുമ്പളാംപൊയ്‌ക സ്‌കൂളില്‍ ഡ്രോയിംഗ്‌ മാഷുടെ വേഷം. ഏഴുമാസത്തിനു ശേഷം അധ്യാപക ജോലി ഉപേക്ഷിച്ച്‌ മനശബ്‍ദം വാരികയിലെത്തി. പിന്നീട്‌ സഹ്യവാരികയില്‍. ഒടുവില്‍ ബാലമംഗളത്തില്‍. വൈകാതെ സ്‌റ്റാഫ്‌ ആര്‍ടിസ്റ്റായി. ഡിങ്കന്റെ വരവോടെയാണ്‌ ബാലമംഗളം ക്ലച്ച്‌ പിടിക്കുന്നതെന്ന്‌ ബേബി. പൂമ്പാറ്റയിലെ അനന്ത പൈയുടെ കപീഷു മാത്രമായിരുന്നു അന്ന്‌ മലയാളത്തില്‍ അരങ്ങു വാണിരുന്നത്‌. മായാവിയൊക്കെ പിന്നീടാണ്‌ വന്നത്‌. എം സി വര്‍ഗ്ഗീസിന്റെ വലിയ താല്‍പര്യമാണ്‌ ഡിങ്കന്റെ പിറവിക്കു പിന്നില്‍.

എലി കുടുംബത്തിലെ വികൃതിയായ ചുണ്ടെലി. വഴക്കിട്ടു വീട്ടില്‍ നിന്നിറങ്ങി. കാട്ടിലൂടെ നടക്കുമ്പോള്‍ ഒരു പേടകം വന്നിറങ്ങി. ഇവനെ പിടിച്ച്‌ അതിനകത്തിട്ട്‌ എന്തൊക്കെയോ പരീക്ഷണം നടത്തി. അതാണ്‌ തുടക്കം. ശക്തനായ ഡിങ്കന്റെ നെഞ്ച്‌ വീര്‍പ്പിച്ച്‌ വരച്ചതൊക്കെ ഓര്‍ക്കുന്നു. ശക്തരില്‍ ശക്തന്‍, എതിരാളിക്കൊരു പോരാളി തുടങ്ങിയ പഞ്ച്‌ ഡയലോഗുകള്‍. കുട്ടികള്‍ ഭയങ്കര ആവേശത്തോടെയാണ്‌ സ്വീകരിച്ചത്‌.

സോമശേഖരനായിരുന്നു ഡിങ്കന്റെ എല്ലാമെല്ലാമെന്നും ബേബി പറയുന്നു. സോമനുമൊത്തുള്ള കാലം ഓര്‍മ്മകളുടെ പൂക്കാലമാണ്‌ ബേബിക്ക്‌. 'ശക്തിമരുന്ന്‌' എന്ന സൂപ്പര്‍ഹിറ്റ്‌ ചിത്രകഥയ്‌ക്കു പിന്നിലും ബേബിയും സോമശേഖരനുമായിരുന്നു. നമ്പോലനും വൈദ്യരും സുശീലം, കുശീലം രാജാക്കന്മാരും ഭടന്മാരുമൊക്കെ മായാതെ മനസിലുണ്ട്‌. 'കൊച്ചുവീരന്‍', 'കാട്ടിലെ കിട്ടന്‍' തുടങ്ങിയ കഥാപാത്രങ്ങളും ബേബിയുടെ മാസ്റ്റര്‍ പീസുകളാണ്‌. തിരക്കുകൂടിയ കാലത്ത്‌ ഉറക്കമൊഴിച്ചിരുന്നൊക്കെ വരച്ചിരുന്നു. ഇപ്പോഴും ചില ബാലപ്രസിദ്ധീകരണങ്ങള്‍ക്കു വേണ്ടി സോമനുമൊത്ത്‌ പ്രവര്‍ത്തിക്കുന്നുണ്ടെന്നു പറയുമ്പോള്‍ ബേബിക്കു പുഞ്ചിരി.

ബാലമംഗളം പ്രസിദ്ധീകരണം നിലച്ചതിനു ശേഷം മംഗളത്തിന്റെ ബാംഗ്ലൂര്‍ യൂണിറ്റിലായിരുന്നു ബേബി. കന്നഡയില്‍ 'ബാലമംഗള' ഇപ്പോഴും ഇറങ്ങുന്നുണ്ട്‌. ഡിങ്കന്‍ തന്നെയാണ്‌ ഹൈലൈറ്റ്‌. അവിടെയും കുട്ടികള്‍ക്കിടയില്‍ സൂപ്പര്‍ ഹിറ്റാണ്‌ ഡിങ്കന്‍. ബേബിയുടെ തന്നെ സ്‌ക്രിപ്‌റ്റ്‌ കന്നഡയിലേക്ക്‌ മൊഴിമാറ്റിയാണ്‌ അവതരണം. ബാംഗ്ലൂരില്‍ നിന്നു കഴിഞ്ഞ ജൂണിലാണ്‌ സീനിയര്‍ ആര്‍ടിസ്‌റ്റായി വിരമിക്കുന്നത്‌.

മംഗളം വാരികയില്‍ പുതുതായി തുടങ്ങുന്ന ഡിങ്കന്റെ സ്‌ക്രിപ്‌റ്റും വരയും ബേബി തന്നെയാണ്‌. ഡിങ്കനെക്കുറിച്ച്‌ അഞ്‌ജരായ പുതിയ തലമുറയിലെ രണ്ട്‌ കുട്ടികളില്‍ നിന്നാണ്‌ തുടക്കം. ഡിങ്കചരിതം ഗൂഗിളില്‍ പരതുന്ന കുട്ടികളുടെ സംസാരം ഒളിഞ്ഞിരുന്ന്‌ ഒരു ചുണ്ടെലി കേള്‍ക്കുന്നു. ഡിങ്കചരിതം കേട്ട്‌ അമ്പരന്ന ചുണ്ടെലിയും കുട്ടികളറിയാതെ അവരുടെയൊപ്പം ഡിങ്കനെ തേടി പങ്കിലക്കാട്ടിലേക്കു പുറപ്പെടാനൊരുങ്ങുകയാണ്‌.

ഡിങ്കോയിസമൊക്കെ തമാശയായി കാണാനാണ്‌ ദൈവ വിശ്വാസിയായ ബേബിക്ക്‌ ഇഷ്ടം. കഴിഞ്ഞ ദിവസം ചില ഡിങ്കോയിസ്‌റ്റുകള്‍ വിളിച്ചിരുന്നു. ചിന്തിക്കാനും പ്രവര്‍ത്തിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും ആരേയും കുറ്റപ്പെടുത്തുന്നില്ലെന്നും ബേബി പറയും. ഭാര്യ ജയലക്ഷ്‌മി അധ്യാപികയാണ്‌. ജയകൃഷ്‌ണന്‍, ഹരികൃഷ്‌ണന്‍ എന്നിവര്‍ മക്കള്‍.

പുതിയ ഡിങ്കന്‍ വരുമ്പോള്‍

ഡിങ്കന്‍ നോവലും

വിവാദങ്ങള്‍ കാരണമല്ല ഡിങ്കന്‍ മംഗളത്തില്‍ പുന:പ്രസിദ്ധീകരിക്കുന്നതെന്നാണ്‌ മംഗളം വാരികയുടെ എഡിറ്റര്‍ ഇന്‍ ചീഫ്‌ സജില്‍ ശ്രീധര്‍ പറയുന്നത്‌. മംഗളം പബ്ലിക്കേഷന്‍സിന്റെ പഴയ ചില കഥാപാത്രങ്ങളെക്കൂടി ഉള്‍പ്പെടുത്തി മംഗളം വാരിക പുതിയ മാറ്റങ്ങളോടെ ഈ വര്‍ഷം മുതല്‍ അവതരിപ്പിക്കണമെന്ന്‌ മുമ്പേ തീരുമാനിച്ചിരുന്നു. കെട്ടിലും മട്ടിലും മാറ്റം വരുത്തി വാരിക പുനരവതരിപ്പിക്കുമ്പോള്‍ കാല്‍നൂറ്റാണ്ടിലധികം വയസ്സുള്ള സൂപ്പര്‍ ഹിറ്റ്‌ കഥാപാത്രമായ ഡിങ്കനെ അവതരിപ്പിക്കുന്നത്‌ തികച്ചും സ്വാഭാവികമാണ്‌. ഇപ്പോഴുണ്ടായ വിവാദങ്ങളും സംഭവങ്ങളും തികച്ചും യാദൃശ്ചികമാണ്‌. ഇങ്ങനൊരു തലത്തിലേക്ക്‌ ഡിങ്കന്‍ ഉയര്‍ന്നത്‌ പുതിയൊരു വഴിത്തിരിവായി കാണുന്നു. പുതിയ ചിത്രകഥയില്‍ ഡിങ്കന്‍ മനുഷ്യര്‍ക്കിടയിലേക്ക്‌ ഇറങ്ങി വരും. എല്ലാ പഴയ കഥാപാത്രങ്ങളും കൂടെ ഉണ്ടാകും. നിലവില്‍ പഴയ രൂപത്തില്‍ തന്നെയാവും ഡിങ്കന്‍ വരിക. എന്നാല്‍ പുതിയ സാഹചര്യത്തില്‍ അവന്‍ പല രൂപങ്ങളില്‍ അവതരിച്ചേക്കാം. ആള്‍ദൈവത്തിന്റെ തലത്തിലേക്ക്‌ ഉയര്‍ന്നേക്കാം. ഡിങ്കനെ കേന്ദ്രീകരിച്ച്‌ ഹാരി പോട്ടര്‍ ശൈലിയിലുള്ള ഒരു നോവല്‍ ആരംഭിക്കുന്നതിനുള്ള ആലോചനകളും നടക്കുന്നുണ്ടെന്നും സജില്‍ ശ്രീധര്‍ പറയുന്നു‍.