Home

ന്യൂജനറേഷന്‍ മതങ്ങള്‍

ന്യൂജനറേഷന്‍ മതങ്ങള്‍

ഹിന്ദുയിസം, ക്രിസ്‌ത്യന്‍, ഇസ്ലാം, ജൂതമതം, ബുദ്ധമതം, ജൈനമതം തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക മതങ്ങളെക്കുറിച്ചും അറിയാത്തവര്‍ കുറവായിരിക്കും. ആയിരക്കണക്കിന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ രൂപം കൊണ്ട ഇവയുടെ ഉപവിഭാഗങ്ങളും പലര്‍ക്കും പരിചയമുണ്ടാകും. എന്നാല്‍ ഇവയെക്കൂടാതെ നിരവധി ആധുനിക മതങ്ങളും ഇന്നു നിലവിലുണ്ട്‌. ഇവയില്‍ ചിലത്‌ പുതിയ ചില വിശ്വാസപ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മറ്റു ചിലവ പരമ്പരാഗത മതങ്ങളെ കളിയാക്കുന്ന സ്‌പൂഫ്‌ ആയിട്ടാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ഡിങ്കോയിസത്തിന്റെ വരവോടെയാകണം ഒരു പക്ഷേ ഭൂരിഭാഗം മലയാളികളും പാരഡിമതങ്ങളെക്കുറിച്ച്‌ കേള്‍ക്കുന്നത്‌. പരമ്പരാഗത മതങ്ങളെ കളിയാക്കുകയാണ്‌ പ്രധാനമായും പാരഡി മതക്കാര്‍ ചെയ്യുന്നത്‌. ഡിങ്കോയിസം ഇത്തരമൊരു സ്‌പൂഫ്‌ ആണെന്നു പറയാം. ഇതുവരെ കേട്ടിട്ടില്ലാത്ത, കൗതുകമുണര്‍ത്തുന്ന പാരഡി മതങ്ങള്‍ ഉള്‍പ്പെടെയുള്ള പുതിയ കാലത്തെ ചില മതങ്ങളെ പരിചയപ്പെടാം.

1) എയ്‌ഥേറിയസ്‌ സൊസൈറ്റി

1954ല്‍ സ്ഥാപിതം. അന്യഗ്രഹ ജീവികളാണ്‌ ഇവരുടെ മൂര്‍ത്തികള്‍. യോഗയിലൂടെയും മറ്റും അന്യഗ്രഹ ജീവികളുമായി നല്ല ബന്ധം പുലര്‍ത്തിയാല്‍ മാനവരാശിയെ സംരക്ഷിക്കാനാകുമെന്നാണ്‌ ഇവര്‍ പറയുന്നത്‌. ഇവരുടെ വിശ്വാസ പ്രകാരം ശ്രീകൃഷ്‌ണനും ബുദ്ധനും യേശുവും മറ്റു അവതാരങ്ങളും മനുഷ്യകുലത്തെ രക്ഷിക്കാന്‍ അവതിച്ച അന്യഗ്രഹ ജീവികളാണെന്നാണ്‌.

2) ഹാപ്പി സയന്‍സ്‌

ജപ്പാന്‍കാരനായ റ്യൂഹോ ഒകാവയാണ്‌ ഹാപ്പി സയന്‍സിന്റെ സ്ഥാപകന്‍. ലോകത്ത്‌ സന്തോഷം വ്യാപിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. പരമേശ്വരനായ എല്‍ കാന്ററെയുടെ പുനരവതാരമാണ്‌ താനെന്നും ലോകത്ത്‌ സന്തോഷകരമായ ജീവിതം വ്യാപിപ്പിക്കലാണ്‌ തന്റെ ലക്ഷ്യമെന്നും ഒകോവ അവകാശപ്പെടുന്നു.

3) പാസ്റ്റഫാരിയനിസം

ഇറ്റാലിയന്‍ ഭക്ഷ്യവിഭവമായ സ്‌പെഗെട്ടിയെ ആസ്‌പദമാക്കി രൂപം കൊണ്ട പാരഡി മതമാണ്‌ ഇത്‌. വലിയ അനുയായികളുണ്ട്‌. സ്‌പെഗെട്ടിയുടെ രൂപത്തിലുള്ള അദൃശ്യനായ രാക്ഷസനാണ്‌ പാസ്റ്റഫാരിയനിസത്തിന്റെ ആരാധനാ മൂര്‍ത്തി. മദ്യപിച്ച്‌ ലക്കുകെട്ട അവസ്ഥയിലായിരിക്കെയാണ്‌ ഈ രാക്ഷസന്‍ ഭൂമിയെ സൃഷ്ടിച്ചതത്രെ. കടല്‍കൊള്ളക്കാരാണ്‌ യഥാര്‍ത്ഥ പാസ്റ്റഫാരിയനിയനുകളെന്നും ഇവര്‍ വിശ്വസിക്കുന്നു. ഡിങ്കോയിസത്തോട്‌ സമാനമാണ്‌ പാസ്റ്റ്‌ഫാരിയനിസ്റ്റുകളുടെ പല രീതികളും.

4) സയിന്റോളജി

എല്ലാ മനുഷ്യരും അനശ്വരമായ പ്രത്യേകം ആത്മാക്കളാണെന്നും എന്നാല്‍ തങ്ങളുടെ യഥാര്‍ത്ഥ രൂപത്തെ കുറിച്ച്‌ മറന്നവരാണെന്നും ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ജീവിതത്തിലുണ്ടായ മറന്നുപോയ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത്‌ പരിമിതികളില്‍ നിന്നും രക്ഷനേടാന്‍ ഓഡിറ്റിങ്‌ എന്ന പേരില്‍ ആത്മീയ ധ്യാനമാണ്‌ സയിന്റിയോളജിയുടെ പ്രധാന അനുഷ്‌ഠാനം.


5) റിയലിസം

1974ല്‍ സ്ഥാപിതം. എയ്‌ഥേറിയസ്‌ സൊസൈറ്റിക്കാരെപ്പോലെ അന്യഗ്രഹ ജീവികളുണ്ടെന്നും മനുഷ്യരുമായി അവ ഇടപഴകുന്നുണ്ടെന്നും വിശ്വസിക്കുന്നവര്‍. ക്ലൗഡെ വൊറില്‍ഹോയാണ്‌ പ്രവാചകന്‍. ഒരിക്കല്‍ അന്യഗ്രഹ ജീവികളെ താന്‍ കണ്ടുമുട്ടിയെന്നും അവ തന്നെ എലോഹിയം എന്ന ഗ്രഹത്തിലെത്തിച്ചെന്നും അവിടെവെച്ച്‌ യേശു, ബുദ്ധന്‍ തുടങ്ങിയ മതപ്രവാചകന്‍മാരെ കണ്ടുമുട്ടിയെന്നും ക്ലൗഡെ അവകാശപ്പെടുന്നു. 2025ല്‍ അന്യഗ്രഹ ജീവികള്‍ വീണ്ടും ഭൂമി സന്ദര്‍ശിക്കുമെന്നാണ്‌ ഇദ്ദേഹത്തിന്റെ പ്രവചനം.

6) തീ ടെമ്പിള്‍ ഓഫ്‌ സൈക്കിക്ക്‌ യൂത്ത്‌

അതീന്ദ്രിയമായ ശക്തികളിലും ഇന്ദ്രജാലത്തിലും വിശ്വസിക്കുന്നവരാണിവര്‍. വാക്കുകളെല്ലാം തെറ്റിച്ചായിരിക്കും ഇവര്‍ പറയുക. സാധാരണ സംഭാഷണ രീതിയാണ്‌ വ്യക്തികളെ സ്വന്തത്തെ കുറിച്ച്‌ അറിയാന്‍ സഹായിക്കുന്നതെന്ന വിശ്വാസം ഇവര്‍ക്കില്ല. നിര്‍ദോഷകരമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ്‌ മറ്റൊരു ഹൈലൈറ്റ്‌.

7) അദൃശ്യമായ പിങ്ക്‌ യൂണിക്കോണ്‍

ഡിങ്കോയിസത്തോട്‌ അടുത്ത്‌ നില്‍ക്കുന്ന ഒരു പാരഡി മതം. അദൃശ്യമായ പിങ്ക്‌ യൂണിക്കോണ്‍ എന്ന പേര്‌ തന്നെ ദൈവത്തെ ഹാസ്യത്മകമായി അവതരിപ്പിക്കുന്നതാണ്‌. അദൃശ്യമായ എന്നതിനോടൊപ്പം പിങ്‌ എന്ന ദൃശ്യ നിറവും അമാനുഷിക ജീവിയായ യൂണികോണുമാണ്‌ ഐപിയുവിന്റെ ദൈവം. മത ഗ്രന്ഥങ്ങളിലെ ദൈവം എന്ന വാക്കിന്‌ പകരം ഇന്‍വിസിബിള്‍ പിങ്ക്‌ യൂണിക്കോണ്‍ എന്നാണ്‌ ഇവര്‍ ഉപയോഗിക്കുക.

8) ഡിസ്‌കോര്‍ഡിയനിസം

പേരുപോലെ ഭിന്നതയെയും കലഹത്തെയും അടിസ്ഥാനമാക്കിയുള്ള മതം. ഗ്രീക്ക്‌ വിശ്വാസപ്രകാരം കലഹങ്ങളുടെ ദേവനായ എറിസ്‌ ആണ്‌ ഇവരുടെ ദൈവം. ക്രമവും ക്രമരഹിതവും മനുഷ്യന്റെ നാഡി വ്യവസ്ഥ പ്രപഞ്ചത്തിനുമേല്‍ ചുമത്തിയ മിഥ്യാധാരണയാ ണെന്നാണ്‌ ഇക്കൂട്ടരുടെ വിശ്വാസം.


9) ജെഡേയിസം

സ്റ്റാര്‍ വാര്‍ ചിത്രങ്ങളിലെ ജെഡേയിനെ അടിസ്ഥാനമാക്കിയുള്ള താത്വികവും ആത്മായവുമായ ഒരു മതം. പ്രകാശത്താലുള്ള വാളുകളാണ്‌ ഇവരുടെ സാങ്കല്‍പിക ആയുധം.

10) ഡ്യൂഡിസം

2005ല്‍ തായ്‌ലന്റ്‌ എഴുത്തുകാരനായ ഒളിവര്‍ ബെഞ്ചമിന്‍ സ്ഥാപിച്ചു. ദി ബിഗ്‌ ലെബോവ്‌സ്‌കി എന്ന ചിത്രത്തില്‍ നിന്നും രൂപം കൊണ്ട ഒരു ജീവിത രീതിയാണ്‌ ഡ്യൂഡിസം. ഒന്നര ലക്ഷത്തിലധികം വിശ്വാസികള്‍. സ്വയം ഡ്യൂഡിസ്റ്റ്‌ പുരോഹിതനായി അവരോധിക്കാന്‍ മതത്തില്‍ സ്വാതന്ത്ര്യമുണ്ടെന്നതാണ്‌ വലിയ പ്രത്യേകത.