Home

ഡിങ്കോയിസം ; ചിന്തിക്കുന്നവര്‍ക്ക്‌ കുന്ത്രാണ്ടം ഉണ്ട്‌!

ഡിങ്കോയിസം ; ചിന്തിക്കുന്നവര്‍ക്ക്‌ കുന്ത്രാണ്ടം ഉണ്ട്‌!

ഡിങ്കനെന്ന ചിത്രകഥയിലെ നായകനെ ദൈവമായി അവരോധിക്കുന്നതിലൂടെ പരമ്പരാഗത മത ചിഹ്നങ്ങളുടെ ചില നിരര്‍ത്ഥകതയും അയുക്തിയും ചോദ്യം ചെയ്യുകയാണ്‌ ഡിങ്കോയിസ്റ്റുകള്‍. എല്ലാ മതങ്ങളുടെയും ഒരു കോമിക്‌ പ്രോട്ടോടൈപ്പ്‌. നൂറ്റാണ്ടുകള്‍ നീണ്ട പാടിപ്പറയലുകളും പ്രചരണങ്ങളുമാണ്‌ ഇന്നു കാണുന്ന സകല വിശ്വാസ പ്രമാണങ്ങളുടെയെല്ലാം അടിസ്ഥാനമെന്നും ആവര്‍ത്തിച്ചു പ്രചരിപ്പിച്ചാല്‍ ആരും ദൈവമായി ഉയര്‍ത്തപ്പെടുമെന്നും കാലഘട്ടങ്ങള്‍ക്കനുസരിച്ചുള്ള ധാര്‍മിക - മൂല്യ ചിന്തകള്‍ ഇത്തരം ബിംബനിര്‍മ്മാണങ്ങളില്‍ കലരുമെന്നും തെളിയിക്കാനുള്ള ലളിത ശ്രമം. ബാലമംഗളം വിശുദ്ധ ഗ്രന്ഥമാകുന്നതും പങ്കിലക്കാടും കപ്പാസിറ്റിയുമെല്ലാം വിശുദ്ധ നഗരങ്ങളാകുന്നതും പച്ചക്കപ്പ പൂജാ നിവേദ്യമാകുന്നതുമൊക്കെ അങ്ങനെയാണ്‌. പാസ്റ്റഫേറിയനിസം പോലെ വിദേശത്ത്‌ പ്രചാരത്തിലുള്ള കോമിക്‌ മതങ്ങളുടെ ചുവട്‌ പിടിച്ചാണ്‌ ഡിങ്കമതവും എത്തുന്നത്‌. ചിരിച്ച്‌ ചിരിച്ച്‌ മണ്ണുകപ്പുന്നവയാണ്‌ ഡിങ്കോയിസത്തിന്റെ പേരില്‍ പ്രചരിക്കുന്ന കഥകളും വചനങ്ങളുമൊക്കെ. മതമൗലിക വാദികള്‍ക്ക്‌ കേട്ടാല്‍ പൊള്ളുകയും പരിഹസിക്കുന്നതു തിരിച്ചറിയാതെ തര്‍ക്കിക്കാനിറങ്ങി രൂക്ഷമായ മോക്കിംഗിനു വിധേയമാക്കപ്പെടുകയും ചെയ്യുന്നതാണ്‌ അടുത്തകാലത്ത്‌ സോഷ്യല്‍ മീഡിയകളിലെ പതിവു കാഴ്‌ച. ഡിങ്കോയിസ്‌റ്റ്‌ ഭാഷയില്‍ ഒരു പ്രയോഗം കേള്‍ക്കൂ. 'ചിന്തിക്കുന്നവര്‍ക്ക്‌ കുന്ത്രാണ്ടം ഉണ്ട്‌'. ഈ 'കുന്ത്രാണ്ടം' എന്നാല്‍ പാരമ്പര്യ വാദികളുടെ 'ദൃഷ്ടാന്തം' എന്ന വാക്കാണെന്നു തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ഡിങ്കോയിസമെന്തെന്ന്‌ എളുപ്പം മനസ്സിലാകും. രസകരമായ അത്തരം ഡിങ്കമത വിശേഷ - വിശേഷണങ്ങളിലേക്ക്‌.

ഡിങ്കമതത്തിന്റെ എതിര്‍ മതങ്ങള്‍

മറ്റ്‌ മതങ്ങളെ കളിയാക്കാനുള്ള സംഘടിത ശ്രമമാണ്‌ ഡിങ്കോയിസം എന്നാരെങ്കിലും പറഞ്ഞാല്‍ ഡിങ്കോയിസ്‌റ്റുകള്‍ എതിര്‍ക്കും. അതൊക്കെ അസൂയക്കാര്‍ പറഞ്ഞു പരത്തുന്നതാണ്‌. മറ്റ്‌ മതം എന്നൊന്നില്ലത്രെ! ഡിങ്കോയിസം മാത്രമേ ഉള്ളൂ. ഡിങ്കന്‍, അവന്‍ മാത്രമാണ്‌ സത്യം.. ഇതാണ്‌ അവരുടെ പക്ഷം.! വിശ്വാസത്തിന്റെ കാര്യത്തില്‍ ചില പരമ്പരാഗത മതാനുയായികള്‍ (മതമൗലികവാദികള്‍) പുലര്‍ത്തുന്ന അസഹിഷ്‌ണുതയെ കളിയാക്കുന്ന ഭാഷയും സര്‍ക്കാസവും തിരിച്ചറിയുന്നതിന്‌ സാമാന്യ ബുദ്ധി മതിയാകും.

എന്നാല്‍ ഏകീകൃതസ്വഭാവമോ കര്‍ശന ചിട്ടവട്ടങ്ങളോ ഒന്നുമില്ലാത്തതിനാല്‍ ഡിങ്കോയിസത്തെക്കുറിച്ചും അതിന്റെ നിലപാടുകളെക്കുറിച്ചും വ്യത്യസ്‌ത അഭിപ്രായങ്ങളും സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്‌. പരമ്പാരഗത മതങ്ങളുടെ മാതൃകയില്‍ സ്വന്തം വിശ്വാസത്തിന്‌ വിരുദ്ധമായി ജീവിക്കുന്ന എതിര്‍മതങ്ങളുണ്ടെന്നു പല ഡിങ്കോയിസ്‌റ്റുകളും വിശ്വസിക്കുന്നതും അതുകൊണ്ടാണ്‌. മായാവിസ്‌്റ്റുകള്‍, ലുട്ടാപ്പിസ്റ്റുകള്‍ തുടങ്ങിയവരാണ്‌ ആ എതിര്‍ മതക്കാര്‍. മായാവിയുടെ വിശ്വാസികളാണ്‌ മായാവിസ്റ്റുകള്‍. ലുട്ടാപ്പിസ്റ്റുകള്‍ ലുട്ടാപ്പിയുടെ ഭക്തരും. ഒരു ഡിങ്കോയിസ്റ്റും തങ്ങളുടെ കുഞ്ഞുങ്ങള്‍ ബാലമംഗളം മാത്രമേ വായിക്കാവൂ എന്ന്‌ ശാഠ്യം പ്രകടിപ്പിക്കാറില്ലെന്ന്‌ ഡിങ്കോയിസത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്‌. മറ്റ്‌ മതങ്ങളില്‍ നിന്ന്‌ വിഭിന്നമായി ഡിങ്കോയിസം അനുവദിക്കുന്ന ചിന്താ സ്വാതന്ത്ര്യമാണ്‌ ഈ ബഹുസ്വരതയെന്നാണ്‌ ഡിങ്കോയിസ്റ്റുകളുടെ ഭാഷ്യം.

വായിക്കുക - ഡിങ്കോയിസം: സംശയങ്ങളും ഉത്തരങ്ങളും