Home

അങ്കിള്‍ പൈ യുടെ കഥ

അങ്കിള്‍ പൈ യുടെ കഥ

ഡിങ്കനും മുമ്പുള്ള ഇന്ത്യന്‍ ചിത്രകഥയുടെ ചരിത്രമറിയണമെങ്കില്‍ അരനൂറ്റാണ്ട്‌ പിന്നിലേക്കു പോകണം. രണ്ടാം വയസ്സില്‍ അച്ഛനും അമ്മയും നഷ്ടപ്പെട്ട കര്‍ണാടകയിലെ കര്‍ക്കല സ്വദേശിയായ ഒരു കുഞ്ഞിന്റെ കഥയറിയണം. ഇന്ത്യന്‍ കുഞ്ഞുങ്ങളെ കഥപറഞ്ഞു രസിപ്പിച്ച, ബാല്യത്തിനു മുന്നില്‍ കഥകളുടെ മഹാസാഗരം സൃഷ്ടിച്ച ആ അനാഥക്കുഞ്ഞാണ്‌ സാക്ഷാല്‍ അനന്ത പൈ. ഇന്ത്യന്‍ ചിത്രകഥയ്‌ക്ക്‌ അദ്ദേഹത്തിന്റെ ജീവചരിത്രത്തോളം പഴക്കമുണ്ട്‌.

പുരാണങ്ങളും നാടോടിക്കഥകളും കുട്ടികളെ പഠിപ്പിക്കാന്‍ 1967ലാണ്‌ പൈ 'അമര്‍ചിത്രകഥയ്‌ക്ക്‌' രൂപം നല്‍കുന്നത്‌. ദൂരദര്‍ശനിലെ ഒരു ക്വിസ്‌ പ്രോഗ്രാമാണ്‌ ഇതിനു പ്രചോദനം. ഗ്രീക്ക്‌ മിത്തോളജി ഉള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ക്ക്‌ എളുപ്പത്തില്‍ ഉത്തരം പറഞ്ഞ കുട്ടികള്‍ ഇന്ത്യന്‍ കഥകളില്‍ അറിവില്ലാതെ പതറുന്നത്‌ കണ്ട്‌ അനന്ത പൈ പകച്ചു പോയി. കുട്ടികളെ ചരിത്രം പഠിപ്പിക്കാന്‍ ചിത്രകഥയാണ്‌ നല്ലതെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ ജോലി അവസാനിപ്പിച്ച്‌ അമര്‍ചിത്രകഥയെന്ന ആശയവുമായി അലഞ്ഞു തുടങ്ങി. നിരവധി പ്രസാധകരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഒടുവില്‍ ഇന്ത്യാ ബുക്ക്‌ ഹൗസിന്റെ ജി എല്‍ മിര്‍ച്ചദാനി സഹായ ഹസ്‌തം നീട്ടി. അങ്ങനെ ഇന്ത്യന്‍ നാടോടിക്കഥകളും ഹിന്ദുപുരാണങ്ങളും കോര്‍ത്തിണക്കി അമര്‍ചിത്രകഥാ പരമ്പരയ്‌ക്ക്‌ തുടക്കം. പില്‍ക്കാലത്ത്‌ എല്ലാ ഇന്ത്യന്‍ ചിത്രകഥകളും അമര്‍ചിത്രകഥളെന്നു വിളിക്കപ്പെട്ടതും 400ല്‍ അധികം അമര്‍ചിത്രകഥകളുടെ 90 ലക്ഷത്തിലധികം കോപ്പികള്‍ വിപണിയില്‍ വിറ്റഴിഞ്ഞതും ചരിത്രം.

1980ല്‍ അനന്ത പൈ 'ടിങ്കിള്‍' മാസിക കൂടി തുടങ്ങിയതോടെ ഇന്ത്യന്‍ ചിത്രകഥാ സാഹിത്യത്തിന്റെ അടുത്ത ഘട്ടമായിരുന്നു. രാം വരീക്കറുടെ 'ശുപ്പാണ്ടിയും' വസന്ത്‌ ബി ഹാല്‍ബെ, ലൂയിസ്‌ ഫെര്‍ണാന്‍ഡെസ്‌ എന്നിവര്‍ ചേര്‍ന്നൊരുക്കിയ 'ശിക്കാരി ശംഭുവും' ലൂയിസും പ്രദീപ്‌ സാഥേയും ഒരുമിച്ച 'കാലിയയു' മൊക്കെ ടിങ്കിളിലൂടെ കഥപറഞ്ഞു.