വീട്ടിലൊരു ഫിഷ്പോണ്ട്

വീട്ടിലൊരു ഫിഷ്പോണ്ട്

മത്സ്യങ്ങള്‍ക്കായി വീട്ടിനകത്ത് ഒരു കുളം എന്ന ആശയം ഗൃഹനിര്‍മ്മാണത്തിനോപ്പം വ്യാപകമായിരിക്കുന്നു. ഫിഷ് പോണ്ട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. -വിപിന്‍ പാണപ്പുഴ എഴുതുന്നു

ഡ്രോയിങ്ങ് റൂമിന്റെ മൂലയില്‍ ഒരു അക്വേറിയം. അതില്‍ നീന്തി തുടിക്കുന്ന മത്സ്യങ്ങള്‍, ഗ്ലാസ് കൂട്ടിലെ ഈ കാഴ്ച അടുത്തകാലം വരെ വീടിന്‍റെ സങ്കല്‍പ്പത്തിലെ ഒഴിവാക്കാന്‍ പറ്റാത്ത ഒരു കാര്യമായിരുന്നു. എന്നാല്‍ കാലം മാറി ട്രെന്റ് മാറി. ഇനി കുറച്ച് കൂടി ഫ്രീഡം കൊടുക്കാം മത്സ്യങ്ങള്‍ക്ക് എന്നാണ് കുറച്ച് വിശാലമായി വീട് നിര്‍മ്മിക്കുന്നവരുടെ ചിന്ത. മത്സ്യങ്ങള്‍ക്കായി വീട്ടിനകത്ത് ഒരു കുളം, ഫിഷ് പോണ്ട് എന്ന് ആശയം ഗൃഹനിര്‍മ്മാണത്തിനോപ്പം വ്യാപകമായിരിക്കുന്നു എന്ന് തന്നെ പറയാം. ഇനി ഒരു ഫിഷ് പോണ്ട് നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ഒരു വീടിന്‍റെ ആശയം പ്ലാനില്‍ രൂപം കൊള്ളുമ്പോള്‍ തന്നെ ഫിഷ് പോണ്ട് വേണോ എന്ന കാര്യം തീരുമാനിക്കണം. എന്നാല്‍ മാത്രമേ അതിന് ആവശ്യമായ സ്ഥലം പ്ലാനില്‍ കണ്ടെത്താന്‍ കഴിയു. എവിടെ പണിയണമെന്നും വലിപ്പം, ആകൃതി എന്നിവയും കൂടി നിശ്ചയിക്കണം.

കുള നിര്‍മ്മാണം, ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ജലസംഭരണി നിര്‍മ്മിക്കുമ്പോഴാണ് പ്രധാനമായ ശ്രദ്ധ ചെലുത്തേണ്ടത്. ചെറിയ കുളമാണ് നിര്‍മ്മിക്കുന്നെങ്കില്‍ ഇഷ്ടികയും, വലുതാണെങ്കില്‍ കോണ്‍ക്രീറ്റും ഉപയോഗിക്കാം. ഇനി പ്ലാസ്റര്‍ ചെയ്യുകയാണ് വേണ്ടത്. ഇഷ്ടികകൊണ്ട് നിര്‍മ്മിച്ച കുളമാണെങ്കില്‍ മെഷ് എന്ന പ്രത്യേക തരത്തിലുള്ള ഇരുമ്പ് വല അടിച്ച ശേഷമാണ് പ്ലാസ്റര്‍ ചെയ്യേണ്ടത്. കുളം നിര്‍മ്മാണത്തിന് ശേഷം പ്ലാസ്റര്‍ ചെയ്യെണ്ടത് അത്യാവശ്യമാണ്. ഭാവിയില്‍ കുളത്തിന് ഉണ്ടായേക്കാവുന്ന ലീക്ക് തടയുവാന്‍ ഇത് സഹായിക്കും.

പ്ലാസ്ററിങ്ങിന് ശേഷം വീടിന്റെ ഇന്റീരിയര്‍ അനുസരിച്ച് ടൈല്‍ ഒട്ടിക്കുകയോ, പെയിന്റ് ചെയ്യുകയോ ആകാം. കുളത്തിന്‍റെ ആഴം കൂട്ടുന്നത് അത്ര നന്നാകില്ലെന്നാണ് ഡിസൈനര്‍മാരുടെ അഭിപ്രായം ഇത് പരിപാലന ചിലവ് വര്‍ദ്ധിപ്പിക്കും, മാത്രവുമല്ല വൃത്തിയാക്കുവാനുള്ള സമയവും ശ്രമവും ഏറെയാണ്. ചിലപ്പോള്‍ ആഴത്തിലുള്ള കുളത്തില്‍ മാലിന്യം അടിയാനുള്ള സാധ്യതയും കൂടുതലാണ്.

കുട്ടികളുള്ള വീട്ടില്‍ ഇത്തരം കുളം അപകടം വരുത്താന്‍ സാധ്യതയുള്ളതിനാല്‍ ചുറ്റും സുരക്ഷ വേലിയോ മറ്റോ സ്ഥാപിക്കുന്നത് നല്ലതായിരിക്കും. നിലവില്‍ പുറത്ത് നിര്‍മ്മിച്ച ഫൈബര്‍ ടാങ്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്, വീട്ടുകാരുടെ അഭിരുചിക്കനുസരിച്ച് ഇവ നിര്‍മ്മിച്ച് ലഭിക്കും. കുളത്തിന്‍റെ നിര്‍മ്മാണം കഴിഞ്ഞാല്‍ 10, 15 ദിവസം കഴിഞ്ഞ് മാത്രമേ ഇതില്‍ മത്സ്യങ്ങളെ നിക്ഷേപിക്കാവൂ.

കുളത്തിനുള്ളിലെ ചെടികള്‍

അക്വേറിയത്തില്‍ നിന്നും കുളത്തിലേക്ക് മാറുന്നത് തന്നെ മത്സ്യങ്ങളെ സ്വാഭവികമായ പരിസ്ഥിതിയില്‍ പരിപാലിക്കുക എന്ന ലക്ഷ്യത്തിലാണ്. അതിനാല്‍ കുളത്തിന് സ്വാഭാവികമായ സ്വഭാവം നല്‍കാന്‍ ചെടികള്‍ ആവശ്യമാണ്. ചെളിയില്ലാതെ വളരുന്ന സസ്യങ്ങളാണ് കുളത്തില്‍ അനുയോജ്യമാകുക. വെള്ളം തെളിഞ്ഞ് നില്‍ക്കുന്നതിന് ഇത്തരം സസ്യങ്ങള്‍ സഹായകരമാകും. ഇത്തരം ചെടികള്‍ വിപണിയില്‍ ലഭ്യമാണ്.

ഇത്തരം ചെടികള്‍ വിവിധ നിറങ്ങളിലുള്ള നാച്ചുറല്‍ അഥവാ പോളീഷിഡ് പെബിള്‍സോ മണലോ ഇട്ടതിന് ശേഷം നടാവുതാണ്. കൂടാതെ ഫ്ളോട്ടിംഗ് പ്ലാസ്ററും ഇടാം. ചെടികള്‍ക്ക് നല്‍കുന്ന പ്ലാന്റ് ന്യൂട്രിയന്റസ് വിപണിയില്‍ ലഭ്യമാണ്. ചെടികളില്‍ നിന്ന് മീനുകള്‍ക്ക് ആവശ്യത്തിന് ഓക്സിജനും ഭക്ഷണവും ലഭിക്കുന്നതിനാല്‍ മീനുകള്‍ക്ക് ഇടയ്ക്കിടയ്ക്ക് തീറ്റ കൊടുക്കുന്നത് ഒഴിവാക്കാം, ഇത് സമ്പത്തിക ലാഭം കൂടി ലഭ്യമാക്കുന്നു.

ദീപവിന്യാസം

ലൈറ്റിങ്ങ് വീട്ടിനുള്ളിലെ കുളങ്ങളില്‍ അത്യവശ്യമാണ്, കാരണം വീട്ടിനുള്ളില്‍ കുളം സ്ഥിതിചെയ്യുന്ന ഭാഗത്ത് അത്യവശ്യത്തിന് സൂര്യപ്രകാശം ലഭിക്കണമെന്നില്ല. ഇത് കുളത്തില്‍ വളരുന്ന സസ്യങ്ങളുടെ വളര്‍ച്ചയെ ബാധിക്കും. ഇത്തരം അവസ്ഥയിലാണ് കൃത്രിമമായ പ്രകാശം നല്‍കേണ്ടത്. അതോടൊപ്പം അത് കുളത്തിന് ഒരു മോടിയും നല്‍കും.

അതിനായി ഇപ്പോള്‍ വെള്ളത്തില്‍ മുക്കിയിടാവുന്ന എല്‍ഇഡി വാട്ടര്‍ ഫ്രൂഫ് ലൈറ്റുകള്‍ ഉപയോഗിക്കാവുന്നതാണ്. ഇവ പല തരത്തിലും വലിപ്പത്തിലും വ്യത്യസ്ത വര്‍ണ്ണങ്ങളിലും ലഭ്യമാണ്. എല്‍ഇഡി ലൈറ്റിംഗിന് വളരെ കുറഞ്ഞ വൈദ്യൂതി മതിയാകും. എത്ര സമയം തുടരെ ഉപയോഗിച്ചാലും വെള്ളം ചൂടാകില്ലെന്നതും എല്‍ഇഡി ലൈറ്റുകളുടെ പ്രത്യേകതയാണ്.

ശുദ്ധീകരണ സംവിധാനം

വെള്ളം ഫില്‍ട്ടര്‍ ചെയ്യേണ്ടത്. അത്യവശ്യമാണ് പ്രധാനമായും ശുദ്ധജലത്തില്‍ ജീവിക്കുന്ന മത്സ്യങ്ങളാണ് നമ്മുടെ കുളത്തില്‍ ഉള്ളതെന്നതിനാല്‍. ഇതിനായി ഫില്‍ട്ടറിംഗ് സംവിധാനം കുളത്തില്‍ ഇറക്കി വയ്ക്കാവുന്ന തരത്തിലായിരിക്കണം. ഇത് കുളത്തിന്‍റെ എല്ലാഭാഗത്തെയും ജലം ശുദ്ധികരിക്കാന്‍ സഹായിക്കുന്നു. കുളത്തിലെ പൊടികളെ അരിച്ച് വിടുന്നു എന്നതിനാല്‍ വെള്ളം കൂടുതല്‍ സമയം ചീത്തയാകാതിരിക്കും. വെള്ളത്തിലെ പൂപ്പല്‍ വരുന്നത് തടയാന്‍ സഹായിക്കുന്ന അള്‍ട്രാവയലറ്റ് രശ്മി ഉപയോഗിച്ചുള്ള ഫില്‍ട്ടര്‍ സിസ്റവും ഇപ്പോള്‍ ലഭ്യമാണ്.