വീടകത്തെ സൂര്യന്‍

വീടകത്തെ സൂര്യന്‍
സോളാര്‍ പാനലുകളെക്കുറിച്ച് ഇന്നും പലര്‍ക്കും വ്യക്തമായ ധാരണയില്ല. വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ഈ രംഗത്തു പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും സാധാരണക്കാര്‍ക്കു വേണ്ടത്ര പരിജ്ഞാനം കുറവ്. സോളാര്‍ വൈദ്യുതി എങ്ങനെ വീടുകളില്‍ എത്തിക്കാമെന്നതിനെക്കുറിച്ച് എ.സി ജിപ്സണ്‍ എഴുതുന്നു

വീടകത്തെ സൂര്യന്‍

വൈദ്യുതി പ്രതിസന്ധിയുടെ വാര്‍ത്തയാണു മാധ്യമങ്ങള്‍ നിറയെ. മഴയുടെ കുറവും, വൈദ്യുതിയുടെ വര്‍ധിച്ച ഉപയോഗവും സംസ്ഥാനത്തു രൂക്ഷമായ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നു. ലോഡ് ഷെഡ്ഡിങായും പവര്‍ ഹോളി ഡേയായുമൊക്കെ വൈദ്യുതി നിയന്ത്രണം നിരവധി വന്നുകഴിഞ്ഞു. വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ എന്താണു വഴി? വീടുകളില്‍ ചെയ്യാവുന്ന ചെറുതും ഏറെ ഫലപ്രദവുമായ മാര്‍ഗമാണു സോളാര്‍ വൈദ്യുതി ഉപയോഗത്തെക്കുറിച്ചറിഞ്ഞാല്‍ ഈ ചോദ്യത്തിനു മറുപടിയാകും. വീട്ടിലെ ഉപയോഗത്തിനു വീട്ടില്‍ത്തന്നെ വൈദ്യുതി ഉത്പാദിപ്പിച്ചാലെന്താ? കാറ്റു വന്നാലോ മഴ വന്നാലോ കറണ്ടു പോകുമെന്ന പേടിവേണ്ട, ലോഡ്ഷെഡിങോ പവര്‍ ഹോളിഡേയോ സംബന്ധിച്ച മുന്‍കരുതല്‍ വേണ്ട. ചെലവും കുറവ്. ഏറെ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്നതും പരക്കെ അംഗീകരിക്കപ്പെട്ടതുമായ സോളാര്‍ പാനലുകളെക്കുറിച്ച് പക്ഷേ, പലര്‍ക്കും ഇന്നും വ്യക്തമായ ധാരണയില്ല. വൈദ്യുതി ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാരുകള്‍ ഈ രംഗത്തു പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ചും സാധാരണക്കാര്‍ക്കു വേണ്ടത്ര പരിജ്ഞാനം കുറവ്. സോളാര്‍ വൈദ്യുതി എങ്ങനെ വീടുകളില്‍ എത്തിക്കാമെന്നതിനെക്കുറിച്ചുള്ള ചെറു വിവരണമാണു ചുവടെ. സര്‍ക്കാര്‍ സ്ഥാപനമായ അനെര്‍ട്ട് സോളാര്‍ പാനലുകള്‍ വ്യാപകമാക്കുന്നതിനു പ്രഖ്യാപിച്ചിട്ടുള്ള പദ്ധതിയുടെ വിശദാംശങ്ങളാണിത്.

സോളാര്‍ പാനല്‍

സൌരോര്‍ജത്തെ വൈദ്യുതോര്‍ജമാക്കുന്ന പ്രക്രിയയാണു സോളാര്‍ പാനലുകളില്‍ നടക്കുന്നത്. സിലിക്കണ്‍ കൊണ്ടു നിര്‍മിച്ച വലിയ പാളിയാണു സോളാര്‍ പാനല്‍. പാനലില്‍ പതിക്കുന്ന സൂര്യപ്രകാശം ഇലക്ട്രോണുകളുടെ പ്രവാഹമുണ്ടാക്കുകയും അതു വൈദ്യുതോര്‍ജമായി മാറുകയും ചെയ്യുന്നതാണ് ഇതിന്‍റെ ശാസ്ത്രീയ വശം. ഇതില്‍നിന്നുതന്നെ മനസിലാകും സൂര്യപ്രകാശമാണു സോളാര്‍ സിസ്റത്തെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതെന്ന്. വീടുകള്‍ക്കു മുകളില്‍ ഏറ്റവും നന്നായി സൂര്യപ്രകാശം ലഭിക്കുന്നിടത്തു സോളാര്‍ പാനല്‍ സ്ഥാപിക്കണം.സോളാര്‍ പാനല്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍, ചാര്‍ജ് കണ്‍ട്രോളര്‍ എന്നിവയുണ്ടെങ്കില്‍ വീടുകളില്‍ സ്വന്തമായി വൈദ്യുതിയുണ്ടാക്കാം. സോളാര്‍ പാനലുകളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതി ചാര്‍ജ് കണ്‍ട്രോളറിലേക്കും പിന്നീടു ബാറ്ററിയിലേക്കും പോകും. ബാറ്ററിയില്‍ ശേഖരിക്കപ്പെടുന്ന വൈദ്യുതോര്‍ജം ഇന്‍വെര്‍ട്ടറിലൂടെ ഗൃഹോപകരണങ്ങളിലേക്കെത്തിക്കാം. ഇതുകൂടാതെ, സൌരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സോളാര്‍ വാട്ടര്‍ ഹീറ്ററുകളും ഇന്നു വിപണിയില്‍ ലഭ്യമാണ്.

വില

ഇനി സോളാര്‍ പാനലിന്‍റെ വിലയെക്കുറിച്ചു നോക്കാം. രണ്ടു ലക്ഷം രൂപയ്ക്കുമേലാണ് ഒരു സോളാര്‍ യൂണിറ്റിനു വില. ഊര്‍ജ പ്രതിസന്ധി പരിഹരിക്കുന്ന പദ്ധതികളുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സോളാര്‍ സിസ്റം വാങ്ങാന്‍ ധാരാളം സബ്സിഡി നല്‍കുന്നുണ്ട്. തുടക്കത്തിലെ ചെലവു മാറ്റി നിര്‍ത്തിയാല്‍, പിന്നീടു വൈദ്യുതി ഉപയോഗത്തിനു പണം നല്‍കേണ്ടതില്ലെന്നതിനാല്‍, വളരെ ലാഭകരമാണിത്. അനെര്‍ട്ട്സംസ്ഥാനത്ത് ഏജന്‍സി ഫോര്‍ നോണ്‍ കണ്‍വന്‍ഷണല്‍ എനര്‍ജി ആന്‍ഡ് റൂറല്‍ ടെക്നോളജി(അനെര്‍ട്ട്) എന്ന സ്ഥാപനം സോളാര്‍ പാനലുകളുടെ ഉപയോഗം വ്യാപിപ്പിക്കാന്‍ പ്രവര്‍ത്തിക്കുന്നത്. സോളാര്‍ വൈദ്യുതി വ്യാപകമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സബ്സിഡികളും അനെര്‍ട്ടിന്‍റെ പദ്ധതികള്‍ വഴിയാണു ലഭിക്കുന്നത്. സോളാര്‍ പാനല്‍ പ്രോത്സാഹിപ്പിക്കാന്‍ അനെര്‍ട്ട് പ്രത്യേക പദ്ധതിയുടെ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു കിലോ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന യൂണിറ്റുകളാണ് ഇതുവഴി നല്‍കുന്നത്. അനെര്‍ട്ടിന്‍റെ അനുമതിയോടെയും മാര്‍ഗരേഖയനുസരിച്ചും നിര്‍മിക്കുന്ന പ്ലാന്റുകള്‍ക്കാണു സബ്സിഡി ലഭിക്കുന്നത്. രണ്ടു ലക്ഷം രൂപയ്ക്കു മേല്‍ വരും ഒരു യൂണിറ്റിന്‍റെ വില. ഇതില്‍ 39000 രൂപ സംസ്ഥാന സര്‍ക്കാറിന്‍റെ സബ്സിഡിയും 81,000 രൂപയോ ആകെ ചെലവിന്‍റെ 30 ശതമാനമോ(ഇതില്‍ ഏതാണു കുറവ് അത്) കേന്ദ്ര സര്‍ക്കാറിന്‍റെ സബ്സിഡിയായും ലഭിക്കും. അഡീഷനല്‍ ഫിറ്റിങ്സിനു ഗുണഭോക്താവ് പണം നല്‍കണം. 25 വര്‍ഷം വരെ ഒരു പ്ലാന്റിന് ആയുസുണ്ടാകുമെന്നാണു കമ്പനികള്‍ പറയുന്നത്. ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനു സംസ്ഥാനത്തെ 10000 വീടുകളില്‍ റൂഫ് ടോപ്പ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് അനെര്‍ട്ട് വഴി സര്‍ക്കാര്‍ സബ്സിഡി നല്‍കുന്നത്. കഴിഞ്ഞ ഫെബ്രുവരി 11ന് ഈ പദ്ധതി പ്രാബല്യത്തില്‍വന്നിട്ടുണ്ട്. അനെര്‍ട്ടിന്‍റെ വെബ്സൈറ്റില്‍ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്.