വാസ്തു പ്രകാരം വീടു വെയ്ക്കുമ്പോള്‍

വാസ്തു പ്രകാരം വീടു വെയ്ക്കുമ്പോള്‍

വീട് വെയ്ക്കുന്നതിന് മുമ്പ് വാസ്തു നോക്കുക എന്നത് നമ്മുടെ ശീലങ്ങളുടെ ഭാഗമായിട്ട് കാലമേറെയായി. പണ്ടുകാലങ്ങളില്‍ സ്ഥലത്തെ പ്രധാന ആശാരി വീടിന് സ്ഥാനം നിര്‍ണയിച്ച് കുറ്റിയടിച്ചാല്‍ പിന്നെ മറ്റുകാര്യങ്ങളൊന്നും നോക്കാനുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാലം മാറി. വീട് നിര്‍മാണത്തിന് മുമ്പ് പരിഗണിക്കേണ്ട മുന്‍ഗണനകളും മാറി- സി. ഗോപാലകൃഷ്ണന്‍ എഴുതുന്നു

വാസ്തു പ്രകാരം വീടു വെയ്ക്കുമ്പോള്‍

സ്വപ്നഗൃഹം നിര്‍മിക്കാനായി ഇറങ്ങിത്തിരിക്കുമ്പോള്‍ ഓരോരുത്തരുടെയും മനസില്‍ മനസില്‍ നൂറു നൂറു സംശയങ്ങളാണ്. ഉപദേശങ്ങളും നിര്‍ദേശങ്ങളുമായി പലരും രംഗത്തെത്തുക കൂടി ചെയ്യുന്നതോടെ കണ്‍ഫ്യൂഷന്‍ വീണ്ടും കൂടും. വീടിന് കല്ലിടുമ്പോള്‍ തുടങ്ങുന്ന സംശയങ്ങളാകട്ടെ വീടിന്റെ പാലു കാച്ചല്‍ കഴിഞ്ഞാലും തീരാറുമില്ല. വീട് വെയ്ക്കുന്നതിന് മുമ്പ് വാസ്തു നോക്കുക എന്നത് നമ്മുടെ ശീലങ്ങളുടെ ഭാഗമായിട്ട് കാലമേറെയായി. പണ്ടുകാലങ്ങളില്‍ സ്ഥലത്തെ പ്രധാന ആശാരി വീടിന് സ്ഥാനം നിര്‍ണയിച്ച് കുറ്റിയടിച്ചാല്‍ പിന്നെ മറ്റുകാര്യങ്ങളൊന്നും നോക്കാനുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന് കാലം മാറി. വീട് നിര്‍മാണത്തിന് മുമ്പ് പരിഗണിക്കേണ്ട മുന്‍ഗണനകളും മാറി.

ഭൂമി തെരഞ്ഞെടുപ്പ്

വാസ്തു അനുസരിച്ച് ഒരു വീടു വെയ്ക്കുമ്പോള്‍ അതിന് തെരഞ്ഞെടുക്കുന്ന സ്ഥാനത്തിന് ഏറെ പ്രാധാന്യമുണ്ട്. ഭൂമി തെരഞ്ഞെടുക്കുമ്പോള്‍ ഉറപ്പ് അറിയാനുള്ള പരിശോധനകളെല്ലാം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നെങ്കിലും ഭൂമിലഭ്യത കുറഞ്ഞ ഇക്കാലത്ത് അത്തരം കാര്യങ്ങള്‍ പ്രായോഗികമല്ലാത്തതിനാല്‍ ലഭ്യമായ ഏതു പ്ലോട്ടും ഭൂമിക്ക് അനുയോജ്യമായാണ് കണക്കാക്കുന്നത്. എങ്കിലും ചിലകാര്യങ്ങളില്‍ അല്‍പം ശ്രദ്ധകൊടുക്കുന്നത് പിന്നീടുള്ള തലവേദന ഒഴിവാക്കാന്‍ സഹായിക്കും.

വാസ്തു അനുസരിച്ച് വടക്ക് കിഴക്കോട്ട് ചരിവുള്ള ഭൂമിയില്‍ വീടുവെയ്ക്കുന്നതാണ് ഉത്തമം. വടക്ക് കിഴക്ക് മൂല താഴ്ന്നും തെക്ക് പടിഞ്ഞാറ് മൂല ഉയര്‍ന്നും ഇരിക്കണം. ഭൂമിയുടെ ചരിവിനൊപ്പം വീടിന്റെ തറനിരപ്പും ആയാല്‍ ഉത്തമമായി. പ്ലോട്ടിന്റെ നീളത്തിനും വീതിക്കും ആനുപാതികമായിട്ടായിരിക്കണം വീട് വയ്ക്കേണ്ടത്. അതായത്, ദീര്‍ഘ ചതുരത്തിലുള്ള പ്ലോട്ടിലാണ് വീട് വയ്ക്കുന്നതെങ്കില്‍ വീടും അതേ രൂപത്തിലായിരിക്കണം.

ദേവാലയത്തിന് സമീപമാണ് വീടുവെയ്ക്കുന്നതെങ്കില്‍ ആരാധനാലയത്തിലേത് ഉഗ്രമൂര്‍ത്തിയാണോ, സൌമ്യമൂര്‍ത്തിയാണോ എന്നത് പരിശോധിക്കണം. ദേവലായത്തിന് നേരെ വരുന്ന രീതിയില്‍ വീടു വെയ്ക്കരുത്. ഉഗ്രമൂര്‍ത്തിയുടെ നേരെയും വലതുവശത്തുമായി വരുന്നരീതിയിലും വീട് വെയ്ക്കരുതെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. സൌമ്യമൂര്‍ത്തിയുടെ ഇടതുവശത്തും പുറകുവശത്തും വീടിന് നല്ല സ്ഥാനമല്ല.

വീടകത്തെ സ്ഥാനങ്ങള്‍

വീടിന്റെ ദര്‍ശനം, ചുറ്റളവ്, മുറികളുടെ സ്ഥാനം, മുറികളുടെ ചുറ്റളവ്, വീടിന്റെ മധ്യരേഖ കടന്നുപോകാനുള്ള ഒഴിവുകള്‍, പ്രധാന വാതിലിന്റെ സ്ഥാനം എന്നിവയും വാസ്തു അനുസരിച്ച് പ്രാധാന്യമുള്ള കാര്യങ്ങളാണ്. എന്നാല്‍ നാഗരിക ജീവിതത്തില്‍ താമസത്തിനായി പലപ്പോഴും താമസത്തിന് ഫ്ലാറ്റുകളെ ആശ്രയിക്കേണ്ടിവരുന്നവര്‍ക്ക് ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഇനി ശ്രദ്ധിച്ചാലും ഫ്ലാറ്റ് നിര്‍മാതാക്കള്‍ ഇതൊന്നും പരിഗണിക്കണമെന്നുമില്ല.

അത്തരം സാഹചര്യങ്ങളില്‍ പ്രധാനമായും വീടിനകത്തെ സ്ഥാനങ്ങള്‍ ശ്രദ്ധിക്കുകമാത്രമാണ് പോംവഴി. ഇതിലേറ്റവും പ്രധാനം അടുക്കളയുടെ സ്ഥാനമാണ്. അടുക്കളയുടെ സ്ഥാനം കന്നിമൂലയില്‍ വരുന്നത് അത്ര നല്ലതല്ല. തെക്കു കിഴക്കേ മൂലയിലോ വടക്കു കിഴക്കേ മൂലയിലോ അടുക്കള വരുന്നതാണ് വാസ്തു അനുസരിച്ച് ഉത്തമം.

മൂലകള്‍, കിണര്‍

വീടിന്റെ മൂലകള്‍ ഒരിക്കലും ഇരുളടഞ്ഞ് കിടക്കരുത്. മൂലകളില്‍ പ്രകാശമെത്തണം. പൂജാ മുറി വീടിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വരുന്നതാണ് ഉത്തമം. പൂജാമുറിക്കടുത്ത് കുളിമുറിയും കക്കൂസും പാടില്ല. അതുപോലെ കിടപ്പുമുറിയില്‍ ജലസാന്നിധ്യവും ചെടികളും പാടില്ല. ഫര്‍ണിച്ചറുകള്‍ കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കുകള്‍ക്ക് അഭിമുഖമായിട്ട് വേണം ക്രമീകരിക്കാന്‍.

നിറങ്ങളെക്കുറിച്ച് വാസ്തു പുസ്തകങ്ങളില്‍ വിശദമായൊന്നും പറയുന്നില്ലെങ്കിലും കടും നിറങ്ങള്‍ ഒഴിവാക്കുന്നത് ഉത്തമമാണ്. കിണറിന്റെ സ്ഥാനം വടക്കുകിഴക്ക് ഭാഗത്തോ അല്ലെങ്കില്‍ വടക്കുഭാഗത്തോ കിഴക്കു ഭാഗത്തോ വരുന്നതാണ് ഉത്തമം. ഒരിക്കലും വടക്ക് പടിഞ്ഞാറോ തെക്ക് പടിഞ്ഞാറോ കിണര്‍ വരരുത്.

വിവരങ്ങള്‍ക്ക് കടപ്പാട്: സി സി രവീന്ദ്രന്‍ (സിനിയര്‍ ആര്‍ക്കിടെക്ചറല്‍ എഞ്ചിനീയര്‍, വാസ്തുവിദ്യാ ഗുരുകുലം, ആറന്‍മുള)