മാലിന്യത്തെ പഴിക്കാതിരിക്കാം

മാലിന്യത്തെ പഴിക്കാതിരിക്കാം

ഒന്നു മനസുവെച്ചാല്‍ മാലിന്യത്തെയും നമുക്ക് വഴിക്കുവരുത്താം. ഇതിനാദ്യം ചെയ്യേണ്ടത് മാലിന്യത്തെ തരംതിരിക്കുക എന്നതാണ്. ജൈവമാലിന്യങ്ങള്‍(ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍, പച്ചക്കറി വേസ്റ് എന്നിവ), അജൈവ മാലിന്യങ്ങള്‍(പേപ്പര്‍, പ്ലാസ്റിക് കവറുകള്‍. ഗ്ലാസ്, അലൂമിനിയം ഫോയില്‍, ക്യാനുകള്‍ തുടങ്ങിയവ) എന്നിങ്ങനെ തരംതിരിക്കുക - സി. ഗോപാലകൃഷ്ണന്‍ എഴുതുന്നു

മാലിന്യത്തെ പഴിക്കാതിരിക്കാം

നഗരങ്ങളില്‍ വീടു വെയ്ക്കാന്‍ സ്ഥലം കണ്ടെത്തുന്നതുപോലെയോ അതിനേക്കാളോ ബുദ്ധിമുട്ടേറിയ കാര്യമാണ് മാലിന്യ സംസ്കരണം. പാതിരാത്രിയില്‍ ആരും കാണാതെ മാലിന്യം വലിച്ചെറിയാനിറങ്ങുന്ന നഗരജീവികള്‍ തിരുവനന്തപുരം പോലുള്ള വലിയ നഗരങ്ങളിലെ പതിവു കാഴ്ചയാണ്. ഇന്ത്യയിലെ ഓരോ നഗര ജീവിയും പ്രതിവര്‍ഷം 216 കിലോഗ്രാം മാലിന്യം സൃഷ്ടിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഉത്തരവാദിത്വമുള്ള പൌരനെന്ന നിലയില്‍ നമ്മള്‍ സൃഷ്ടിക്കുന്ന മാലിന്യം നമ്മള്‍ തന്നെ സംസ്കരിക്കുക എന്നത് ഓരോ വ്യക്തിയുടെയും കടമയാണ്. അല്ലാത്ത പക്ഷം ജലവായുമലിനീകരണം, പകര്‍ച്ച വ്യാധികള്‍ എന്നിവയുടെ രൂപത്തില്‍ അതെല്ലാം നമ്മളെത്തന്നെ തിരിഞ്ഞുകൊത്തും.

നഗരങ്ങളില്‍ മൂന്ന് സെന്റിലോ നാലു സെന്റിലോ വീടുവെയ്ക്കുന്നവരും ഫ്ലാറ്റുകളിലേക്ക് താമസം മാറുന്നവരുമെല്ലാം പ്രധാനമായും നേരിടുന്ന പ്രശ്നം വീട്ടില്‍ ദിനംപ്രതി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ എന്തു ചെയ്യുമെന്നതാണ്. ഒന്നു മനസുവെച്ചാല്‍ മാലിന്യത്തെയും നമുക്ക് വഴിക്കുവരുത്താം. ഇതിനാദ്യം ചെയ്യേണ്ടത് മാലിന്യത്തെ തരംതിരിക്കുക എന്നതാണ്. ജൈവമാലിന്യങ്ങള്‍(ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍, പച്ചക്കറി വേസ്റ് എന്നിവ), അജൈവ മാലിന്യങ്ങള്‍(പേപ്പര്‍, പ്ലാസ്റിക് കവറുകള്‍. ഗ്ലാസ്, അലൂമിനിയം ഫോയില്‍, ക്യാനുകള്‍ തുടങ്ങിയവ) എന്നിങ്ങനെ തരംതിരിക്കുക. ഉറവിടത്തില്‍ തന്നെ മാലിന്യം വേര്‍തിരിക്കാന്‍ കഴിഞ്ഞാല്‍ സംസ്ക്കരണത്തിന്റെ എഴുപതു ശതമാനം പൂര്‍ത്തിയായി. വീട്ടില്‍ വളരെ സുഗമമായി ഇത് സാധിക്കും. അടുക്കളയില്‍ ഒരു തയ്യാറെടുപ്പാണ് ഇതിനു വേണ്ടത്.

തരംതിരിക്കാം

ആദ്യം വീട്ടില്‍ ഉണ്ടാകാന്‍ ഇടയുള്ള മാലിന്യങ്ങള്‍ നമുക്ക് തരംതിരിക്കാം. പുറത്തു നിന്ന് സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ട് വരുന്ന പേപ്പറുകള്‍, പേപ്പര്‍ കവറുകള്‍, മീനും ഇറച്ചിയും പാലും കൊണ്ടുവരുന്ന പ്ലാസ്റിക് കവറുകള്‍, ക്യാരി ബാഗുകള്‍. അരി കഴുന്ന വെള്ളം (കാടി) പാത്രങ്ങള്‍ കഴുകുന്ന വെള്ളം. പച്ചക്കറികളുടെയും മീന്‍, ഇറച്ചി തുടങ്ങിയവയുടെയും അവശിഷ്ടങ്ങള്‍.പൊട്ടിയ ഗ്ലാസ്സുകളുടെയും പാത്രങ്ങളുടെയും കേടായ ബള്‍ബുകളുടെയും ചില്ലുകള്‍.ഭക്ഷണാവശിഷ്ടങ്ങള്‍. ഇതില്‍ പേപ്പര്‍ ഇനത്തില്‍ വരുന്നവ അടുക്കി വയ്ക്കുക. പത്രക്കടലാസിനു കിലോക്ക് നല്ല തുക ലഭിക്കും. മറ്റു പത്രങ്ങള്‍ക്കൊപ്പം വില്‍ക്കാം. നനഞ്ഞ കടലാസുകള്‍ അടുപ്പിന്റെ പരിസരത്ത് വച്ചോ മറ്റെവിടെയെങ്കിലും നിവര്‍ത്തി വച്ചോ ഉണക്കി അടുക്കി വയ്ക്കുക.

കവറുകള്‍ സൂക്ഷിക്കാം

ഒരു നൂല്‍ കമ്പിയോ കുട കമ്പിയോ അടുക്കള വാതിലിനു പുറത്തു ചുമരില്‍ തൂക്കിയിടുക. വലിയ കവറുകള്‍ മടക്കി വേണം കൊളുത്തിയിടാന്‍. മീനും ഇറച്ചിയും കൊണ്ടു വരുന്ന കാരി ബാഗുകള്‍ കഴുകിയ ശേഷം ഇതില്‍ കൊളുത്തിയിടുക. കഴുകാതെ ഒരു കാരണവശാലും സൂക്ഷിക്കരുത്. വൃത്തിയായ പ്ലാസ്റിക് മാത്രമേ പുനരുപയോഗിക്കാനും വില്‍ക്കാനും കഴിയുകയുള്ളൂ. മാത്രമല്ല കവറുകളില്‍ അഴുക്കു ഉണങ്ങിപിടിച്ചാല്‍ പിന്നെ കഴുകി വൃത്തിയാക്കാന്‍ കൂടുതല്‍ സമയവും വേണം.

വേസ്റ്റ് ബിന്നുകള്‍

അടുക്കളയുടെ ചുവരിനോട് ചേര്‍ന്ന് ഒരു പഴയ ചാക്കോ ബക്കറ്റോ വെയ്ക്കുക. പൊട്ടിയ ഗ്ലാസുകളും കുപ്പികളും ചില്ലുകളും ഇതില്‍ ഇട്ടു വെക്കുക. കുറച്ചുനാള്‍ കഴിയുമ്പോള്‍ വില്‍ക്കാവുന്നതാണ്. ഇതിനൊന്നും കഴിയില്ലെങ്കില്‍ വീടിന് പുറത്ത് ജൈവമാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനും അജൈവ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനുമായി രണ്ട് വേസ്റ് ബിന്നുകള്‍(പ്ലാസ്റിക് പൈപ്പുകള്‍ ഉപയോഗിച്ച്) ഉണ്ടാക്കുക(കോര്‍പറേഷനുകളിലോ മുനിസിപ്പാലിറ്റികളിലോ ബന്ധപ്പെട്ടാല്‍ ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ലഭ്യമാണ്).

ഭക്ഷണ അവശിഷ്ടങ്ങള്‍ അടക്കമുള്ള ജൈവമാലിന്യങ്ങള്‍ ഒരു ബിന്നിലും പ്ലാസ്റിക് പോലെയുള്ള അജൈവ മാലിന്യങ്ങള്‍ മറ്റൊരു ബിന്നിലും നിക്ഷേപിക്കുക. രണ്ടാഴ്ചത്തെയെങ്കിലും മാലിന്യങ്ങള്‍ ശേഖരിച്ചുവെയ്ക്കാന്‍തക്ക വലിപ്പമുള്ളവയായിരിക്കണം ഈ വേസ്റ് ബിന്നുകള്‍. പുനസംസ്കരിക്കാവുന്ന പ്ലാസ്റിക് മാലിന്യങ്ങള്‍ കഴുകി വൃത്തിയാക്കിയശേഷമാകണം ബിന്നില്‍ നിക്ഷേപിക്കേണ്ടത്. ജൈവ വസ്തുക്കള്‍ ശേഖരിച്ച ബിന്നില്‍ ബിടിഎം ബയോ കള്‍ചര്‍ ലായനി തളിച്ചുകൊടുക്കുക. ലായനിയിലെ ബാക്ടീരിയ അടക്കമുള്ള സൂക്ഷ്മാണുക്കള്‍ മാലിന്യത്തെ വേഗത്തില്‍ അഴുകാന്‍ സഹായിച്ച് അവ വളമാക്കും. ഈ വളം വീട്ടില്‍ തന്നെയുള്ള ചെട്ടിച്ചട്ടികളിലോ അടുക്കള തോട്ടത്തിലോ ഉപയോഗിക്കുകയും ചെയ്യാം.