വീട്ടിലും ഓഫീസ് മുറി

വീട്ടിലും ഓഫീസ് മുറി

ജോലി സ്ഥലത്തുവെച്ച് ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ വീട്ടില്‍വെച്ച് ചെയ്യുന്നവരുണ്ട്. അത്തരക്കാര്‍ക്ക് അനുയോജ്യമായ ജോലി അന്തരീക്ഷമുള്ളവയായിരിക്കണം വീട്ടിലെ ഓഫീസ് മുറി. എന്നാല്‍ ഓഫീസ് മുറി ഒരുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടില്‍ ഓഫീസ് മുറി രൂപവല്‍ക്കരണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍. ജി ആര്‍ അനുരാജ് എഴുതുന്നു

വീട്ടിലും ഓഫീസ് മുറി

വീട് നിര്‍മ്മാണത്തില്‍ പല കാര്യങ്ങളും ഭാവിയെക്കൂടി കരുതി വേണം ഒരുക്കേണ്ടത്. ഉദാഹരണത്തിന് ഇപ്പോഴത്തെ ഇടത്തരം വീടുകളിലെല്ലാം ഒരു ഓഫീസ് മുറി ഒരുക്കാറുണ്ട്. ഇത് ഇക്കാലത്ത് അത്യാന്താപേക്ഷിതമാണ്. എന്തെന്നാല്‍ ജോലി സ്ഥലത്തുവെച്ച് ചെയ്തു തീര്‍ക്കാന്‍ സാധിക്കാത്ത കാര്യങ്ങള്‍ വീട്ടില്‍വെച്ച് ചെയ്യുന്നവരുണ്ട്. അത്തരക്കാര്‍ക്ക് അനുയോജ്യമായ ജോലി അന്തരീക്ഷമുള്ളവയായിരിക്കണം വീട്ടിലെ ഓഫീസ് മുറി. എന്നാല്‍ ഓഫീസ് മുറി ഒരുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. വീട്ടില്‍ ഓഫീസ് മുറി രൂപവല്‍ക്കരണത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സ്വഭാവം

ആദ്യം നമ്മുടെ ജോലിയുടെ സ്വഭാവവും ആര്‍ക്കാണ് ഇത് ആവശ്യമെന്നും നിശ്ചയിക്കേണ്ടതുണ്ട്. അതിനനുസൃതമായി വേണം വീട്ടിലെ ഓഫീസ് മുറി തയ്യാറാക്കാന്‍. വീട്ടിലെ ഏതൊരാള്‍ക്കും ഈ മുറി ഉപയോഗിക്കേണ്ടതായി വരാം. ഉദാഹരണത്തിന് കുട്ടികള്‍ക്ക് ഹോം വര്‍ക്ക് ചെയ്യാനും പ്രോജക്ടുകള്‍ തയ്യാറാക്കാനും ഓഫീസ് മുറി ഉപയോഗിക്കാം. അതുകൊണ്ടുതന്നെ ഇത് ഒരു സ്റഡി റൂമായും ഉപയോഗിക്കാം. മാതാപിതാക്കള്‍ ജോലിക്കാരല്ലെങ്കില്‍ കുട്ടികള്‍ക്കാകും വീട്ടിലെ ഓഫീസ് മുറി ഉപയോഗയോഗ്യമാകുക. അതുപോലെ ഓഫീസ് ജോലികള്‍ പൂര്‍ത്തീകരിക്കാനും ബിസിനസുകാരാണെങ്കില്‍ അതിന്റെ കണക്കുകള്‍ തയ്യാറാക്കാനുമൊക്കെ ഈ മുറി ഉപയോഗിക്കാം. കൂടാതെ ഓണ്‍ലൈന്‍ ജോലികള്‍ വര്‍ദ്ധിച്ചുവരുന്ന കാലഘട്ടമാണിത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഏറെ സൌകര്യപ്രദമായിരിക്കും ഓഫീസ് മുറി.

സൌകര്യങ്ങള്‍

വീട്ടിലെ മറ്റ് മുറികളില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും ഓഫീസ് മുറി. ആവശ്യമായ സ്ഥലസൌകര്യങ്ങളും ആധുനിക ഫര്‍ണീച്ചറുകളും മതിയായ പ്രകാശവിതാനവും ഓഫീസ് മുറിയില്‍ ആവശ്യമാണ്. വിവിധോപയോഗ ഫര്‍ണീച്ചറുകളാണ് ഓഫീസ് മുറിക്ക് അനുയോജ്യം. നാലില്‍ അധികം അറകളുള്ള കംപ്യൂട്ടര്‍ ടേബിളായിരിക്കണം ഇത്. നല്ല സൌകര്യമുള്ള അലമാരകള്‍ ഓഫീസ് മുറിയില്‍ ആവശ്യമാണ്. ജോലിയുമായി ബന്ധപ്പെട്ട സ്റ്റേഷനറി വസ്തുക്കള്‍ അലമാരകളില്‍ കൃത്യമായി അടുക്കി സൂക്ഷിക്കാം. ഇതിനൊക്കെ പുറമെ രണ്ടോ മൂന്നോ കസേരകള്‍, ഇടത്തരം ബെഡ് എന്നിവ കൂടി മതിയാകും. ജോലിക്ക് ഇടയില്‍ ക്ഷീണം വരുമ്പോള്‍ കിടക്കാന്‍ ബെഡ് ഉപയോഗിക്കാം. ജോലി ചെയ്യാന്‍ ഉപയോഗിക്കുന്ന ടേബിളും മറ്റും ജനാലയ്ക്ക് അഭിമുഖമായി വേണം ക്രമീകരിക്കാന്‍.

നിറം, വെളിച്ചം

മേല്‍ഭിത്തിയില്‍ ഇളംനിറത്തിലുള്ള പെയിന്റ് ഉപയോഗിക്കാം. അതിന് അനുസൃതമായി വ്യത്യസ്ത നിറങ്ങളിലുള്ള പെയിന്റുകള്‍ ചുവരുകളില്‍ ഉപയോഗിക്കാം. പഠനത്തിനും ജോലിക്കും സഹായകരമാകുന്ന ചാര്‍ട്ടുകളോ ചിത്രങ്ങളോ ഭിത്തിയില്‍ തൂക്കിയിടാം. ഫ്ലോറിംഗിനും ഇളംനിറമാണ് അനുയോജ്യം.

ആധുനികരീതിയിലുള്ള വയറിംഗ് ആയിരിക്കണം ഓഫീസ് മുറിയില്‍ ക്രമീകരിക്കേണ്ടത്. ടെലിവിഷന്‍ കേബിള്‍, ഫോണ്‍ കേബിള്‍, ഇന്റര്‍നെറ്റ് സൌകര്യം എന്നിവ സൌകര്യപൂര്‍വ്വം ക്രമീകരിക്കണം. മുറിക്കുള്ളില്‍ വിവിധ കേബിളുകളും ഇലക്ട്രിക് വയറുകളും വാരിവിതറിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കണം.

സീലീംഗ് ഫാന്‍, ടേബിള്‍ ഫാന്‍ എന്നിവയും ഉറപ്പാക്കണം. ഇതിന് പുറമെ നല്ല വെളിച്ചം ലഭിക്കുന്ന തരത്തിലാകണം ലൈറ്റുകള്‍ ക്രമീകരിക്കേണ്ടത്. ട്യൂബ് ലൈറ്റ്, സി എഫ് എല്‍ ബള്‍ബ് എന്നിവയ്ക്ക് പുറമെ ടേബിള്‍ ലാംപും ഓഫീസ് മുറിയില്‍ ആവശ്യമാണ്.

ഓഫീസ് സാമഗ്രികള്‍

ആവശ്യത്തിന് പേപ്പറുകള്‍, പേന, റൈറ്റിംഗ് ബോര്‍ഡ്, മാഗസിന്‍ സ്റാന്‍ഡ്, സ്റ്റേപ്പിള്‍, മാര്‍ക്കര്‍, വൈറ്റ്നര്‍, മൊട്ടുസൂചി, കാല്‍ക്കുലേറ്റര്‍, എന്നിവ എപ്പോഴും ഈ മുറിയില്‍ ലഭ്യമാക്കണം. ക്ലോക്ക്, കലണ്ടര്‍, ചെറിയ ബോര്‍ഡ് എന്നിവയും ഉണ്ടാകണം. അത്യാവശ്യം വേണ്ടുന്ന പുസ്തകങ്ങള്‍ ഉള്‍പ്പെടുന്ന ചെറിയ ലൈബ്രറിയും സജ്ജീകരിക്കണം. ഉപയോഗിക്കുന്നയാളുടെ ജോലിയുമായി ബന്ധപ്പെട്ട പുസ്തകങ്ങളായിരിക്കും ഇവിടെ ലഭ്യമാക്കേണ്ടത്. ഇതിനൊക്കെ പുറമെ ഉപയോഗശൂന്യമായ പേപ്പറുകളും മറ്റും ഇടുന്നതിനായി ഒരു വേസ്റ് ബാസ്ക്കറും ഓഫീസ് മുറിയില്‍ ഉണ്ടായിരിക്കണം.

അറ്റാച്ച്ഡ് ബാത്ത് റൂം കം ടോയ്ലറ്റ് ഓഫീസ് മുറിയോട് ചേര്‍ന്ന് ഉണ്ടായാല്‍ നന്നായിരിക്കും. ബക്കറ്റ്, ടൂത്ത് പേസ്റ്, സോപ്പ്, ഷാംപൂ, ടവല്‍, ജലലഭ്യത എന്നിവ ബാത്ത് റൂമില്‍ ഉറപ്പാക്കണം.