ഹൈ ടെക് സ്വപ്ന ഭവനം

ഹൈ ടെക്  സ്വപ്ന  ഭവനം

സ്മാര്‍ട്ട് ഫോണോ ടാബ്ലറ്റോ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഹൈടെക് സംവിധാനങ്ങളാണ് ഇന്നത്തെ ട്രെന്‍ഡ്. ഇതുവഴി എവിടെയിരുന്ന് വേണമെങ്കിലും വീടിനെ നിയന്ത്രിക്കാനാകുമെന്നതാണ് മുഖ്യ സവിശേഷത. തന്നെയുമല്ല, വീടും ചുറ്റുപാടുകളും സ്മാര്‍ട്ട്ഫോണിലൂടെ നിരീക്ഷിക്കാനുമാകും. ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സുരക്ഷയെ നിയന്ത്രിക്കാനും സാധിക്കും- ജി ആര്‍ അനുരാജ് എഴുതുന്നു

ഹൈ ടെക് സ്വപ്ന ഭവനം

അത്യാധുനിക സാങ്കേതിക വിദ്യകള്‍ ഭവന നിര്‍മ്മാണത്തിലും സംയോജിപ്പിച്ചുതുടങ്ങിയിരിക്കുന്നു. ആഡംബര ഭവനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ബര്‍ഗ്ലര്‍ അലാമും, ഗേറ്റ് കണ്‍ട്രോളും ഉപയോഗിച്ചിരുന്നത് ഇന്ന് പഴങ്കഥയായിരിക്കുന്നു. പകരം സ്വന്തം സ്മാര്‍ട്ട് ഫോണോ ടാബ്ലറ്റോ ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ഹൈടെക് സംവിധാനങ്ങളാണ് ഇന്നത്തെ ട്രെന്‍ഡ്. ഇതുവഴി എവിടെയിരുന്ന് വേണമെങ്കിലും വീടിനെ നിയന്ത്രിക്കാനാകുമെന്നതാണ് മുഖ്യ സവിശേഷത. തന്നെയുമല്ല, വീടും ചുറ്റുപാടുകളും സ്മാര്‍ട്ട്ഫോണിലൂടെ നിരീക്ഷിക്കാനുമാകും. ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് സുരക്ഷയെ നിയന്ത്രിക്കാനും സാധിക്കും.

വീടിനുവേണ്ട അത്യാധുനിക സുരക്ഷാ സംവിധാനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇവയെ ഓട്ടോമേഷന്‍ സംവിധാനവുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തനക്ഷമമാക്കാനാകും. 180 ഡിഗ്രി സ്പോട്ട് സെക്യൂരിറ്റി സിസ്റമാണ് ഏറ്റവും ശ്രദ്ധേയം. വീടും പരിസരവും എപ്പോഴും ജാഗരൂകമായി നിരീക്ഷിക്കാനും അസ്വാഭാവിക സന്ദര്‍ഭങ്ങളില്‍ മുന്നറിയിപ്പ് നല്‍കാനും ഈ സംവിധാനത്തിന് സാധിക്കും. ഡോറുകള്‍, ഗേറ്റ്, വൈദ്യുതി ലൈറ്റ് എന്നിവയില്‍ സുരക്ഷാസംവിധാനങ്ങള്‍ ഘടിപ്പിക്കാനാകും.

സുരക്ഷാ വലയം

പണ്ടൊക്കെ കള്ളന്‍മാരെയും സാമൂഹ്യവിരുദ്ധരെയും മുന്നില്‍ക്കണ്ടുള്ള സുരക്ഷാ സംവിധാനങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതിനുപുറമെ, പ്രകൃതിക്ഷോഭം മുലവും മറ്റുമുള്ള അപ്രതീക്ഷിത അപകടങ്ങളില്‍നിന്ന് വീടിന് സുരക്ഷാവലയം തീര്‍ക്കുന്ന അത്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാണ്. സ്മോക്ക് ഡിറ്റക്റ്റര്‍, ഹീറ്റ് ഡിറ്റക്റ്റര്‍, ഗ്യാസ് സെന്‍സര്‍, ഡോര്‍ സെന്‍സര്‍ എന്നിവയൊക്കെ ഇത്തരത്തില്‍ വളരെ പ്രധാനപ്പെട്ട് സുരക്ഷാ സംവിധാനങ്ങളാണ്. ഡോര്‍ ഫോണ്‍, ഇമേജ് സ്റ്റോറിങ്ങ് എന്നിവയൊക്കെ ഓട്ടോമേഷന്‍ സാങ്കേതികതയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നവയാണ്.

ഓട്ടോമേഷന്‍ സംവിധാനം

ഇനി ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ആള്‍ മുറിവിട്ട് ഇറങ്ങുമ്പോള്‍ എസിയും ഫാനും ലൈറ്റുമൊക്കെ തനിയെ ഓഫാകുന്നു. ആളുകള്‍ വരുന്നതിന് അനുസരിച്ച് തുറക്കുന്ന ഡോറും മാറുന്ന കര്‍ട്ടണുമൊക്കെ ഓട്ടോമേറ്റഡ് വീടുകളില്‍ സാധാരണമാണ്. സെന്‍സറുകളുടെ സഹായത്തോടെയാണ് ഇതെല്ലാം സാധ്യമാകുന്നത്. നമ്മുടെ ഇഷ്ടാനുസരണം റഫ്രിജറേറ്ററിലെയും ഏ സിയിലെയും താപനില തനിയെ ക്രമീകരിക്കപ്പെടുന്നതും മറ്റൊരു പ്രത്യേകത. ഇത്തരം ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ ജീവിതം കൂടുതല്‍ അനായാസവും സൌകര്യപ്രദവുമാക്കുന്നു.

ഇക്കാലത്ത് വിപണിയില്‍ ലഭ്യമാകുന്ന എയര്‍ കണ്ടീഷണര്‍, ടിവി, റഫ്രിജറേറ്റര്‍, വാഷിങ് മെഷീന്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഓട്ടോമേഷന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമാണ്. ഇവയ്ക്കൊപ്പം വിവര സാങ്കേതികവിദ്യയിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലും അധിഷ്ഠിതമായ സംവിധാനങ്ങളും കൂടി എത്തിയതോടെയാണ് ഓട്ടോമേഷന്‍ സംവിധാനങ്ങളുടെ കാര്യക്ഷമത ആരെയും അത്ഭുതപ്പെടുത്തുന്നത്. ഇതുസാധ്യമായതോടെയാണ് സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ്പ് എന്നിവ വഴി വീടും പരിസരവരും അവിടെ നടക്കുന്ന കാര്യങ്ങളും നിയന്ത്രണവിധേയമാക്കാവുന്ന അവസ്ഥ സംജാതമായത്.

ആറു സാധ്യതകള്‍

പ്രവര്‍ത്തനരീതി പരിഗണിച്ച് ഹോം ഓട്ടോമേഷന്‍ സംവിധാനങ്ങളെ പ്രധാനമായും ആറായി തിരിക്കാവുന്നതാണ്. എച്ച് വി എ സി, ലൈറ്റിംഗ്, ഓഡിയോ വിഷ്വല്‍, ഷേഡിംഗ്, സെക്യൂരിറ്റി, ഇന്റര്‍കോംസ് എന്നീ രീതികളിലാണ് ഹോം ഓട്ടോമേഷന്‍ പ്രവര്‍ത്തിക്കുന്നത്. ഇനി ഇവയുടെ പ്രവര്‍ത്തനരീതി മനസിലാക്കാം...

എച്ച് വി എ സി ഹീറ്റിംഗ് വെന്റിലേഷന്‍ എയര്‍ കണ്ടീഷനിംഗ് എന്നതിന്റെ ചുരുക്കരൂപമാണ് എച്ച് വി എ സി. ഇതുവഴി വീട്ടിനുള്ളിലെയും പുറത്തെയും താപനിലയും കാലാവസ്ഥയും നമ്മുടെ ഇഷ്ടാനുസരണം ക്രമീകരിക്കാനാകും. യൂറോപ്പിലും അമേരിക്കയിലുമൊക്കെ സര്‍വ്വസാധാരണമായ എച്ച് വി എ സി ഓട്ടോമേഷന്‍ സംവിധാനങ്ങള്‍ ഇപ്പോള്‍ കേരളത്തിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. റിമോള്‍ട്ടുകള്‍ക്ക് പകരം സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ്, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് എന്നിവ ഉപയോഗിച്ച് എച്ച് വി എ സി സംവിധാനം നിയന്ത്രിക്കാനാകുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വൈദ്യുതി ഉപഭോഗം നല്ല രീതിയില്‍ കുറക്കാനാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

ലൈറ്റിംഗ്

: വീട്ടിനുള്ളിലെ വൈദ്യുത ലൈറ്റുകളുടെ ഉപയോഗം നിയന്ത്രിക്കാനാകുന്ന സംവിധാനമാണിത്. സമയവും തീയതിയും ക്രമീകരിച്ചുകൊടുത്താല്‍ അതിനനുസരിച്ച് ലൈറ്റുകള്‍ പ്രവര്‍ത്തനക്ഷമമാകും. മോഷന്‍ ഡിക്റ്റേറ്ററുകള്‍ ഘടിപ്പിക്കുക വഴി, മുറിയിലുള്ള ആള്‍ പുറത്തുപോയാല്‍ ലൈറ്റ് അണയുകയും ആള്‍ അകത്തേക്ക് വന്നാല്‍ ലൈറ്റ് തെളിയുകയും ചെയ്യും. മുറിക്കുള്ളിലെ പ്രകാശലഭ്യതയ്ക്ക് അനുസരിച്ച് ലൈറ്റിന്റെ വെളിച്ചം ക്രമീകരിക്കപ്പെടും.

ഓഡിയോവിഷ്വല്‍: ടെലിവിഷന്‍, റേഡിയോ, സംഗീതം എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാനാകുന്ന സംവിധാനമാണിത്. ഇത് സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ് ആപ്ലിക്കേഷനുകള്‍ വഴിയും ഇന്റര്‍നെറ്റിലൂടെയും പ്രവര്‍ത്തിപ്പിക്കാനാകും. പ്രിയപ്പെട്ട ടെലിവിഷന്‍ ചാനലുകള്‍, സിനിമകള്‍, സംഗീത തുടങ്ങിയവയൊക്കെ നൊടിയിടയ്ക്കുള്ളില്‍ റൂമിലെ എല്‍ ഇ ഡി സ്ക്രീനിലും ലഭ്യമാക്കാനാകും.

ഷേഡിംഗ്

:മുറിക്കുള്ളിലെ പ്രകാശ ക്രമീകരണവും കര്‍ട്ടന്റെയും മറ്റും ഉപയോഗവുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. മുറിക്കുള്ളില്‍ ആളിന്റെ സാന്നിദ്ധ്യമനുസരിച്ചാകും ഇത് പ്രവര്‍ത്തിക്കുക. സ്വകാര്യത ഉറപ്പാക്കാനാണ് പ്രധാനമായും ഈ സംവിധാനം ഉപയോഗിക്കുന്നത്.

സെക്യൂരിറ്റി

: വീടിനും പരിസരത്തിനും സുരക്ഷ ഒരുക്കുകയെന്നതാണ് ഇതിന്റെ മുഖ്യ ഉദ്ദേശം. ഗേറ്റ്, വാതിലുകള്‍, ജനാലകള്‍ എന്നിവ സെന്‍ട്രല്‍ ലോക്കിംഗ് വഴി ബന്ധിപ്പിക്കാനാകും. സര്‍ക്യൂട്ട് ക്യാമറകള്‍ വഴി വീടും പരിസരവും നിരീക്ഷിക്കാനാകും. നേരത്തെ പറഞ്ഞതുപോലെ സ്വന്തം ഫോണിലും കംപ്യൂട്ടറിലുമൊക്കെയായി ഈ നിരീക്ഷണം സാധ്യമാകുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം മുമ്പൊക്കെ വീടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള മോണിട്ടര്‍ പാനല്‍ വഴിയാണ് ഇത് സാധ്യമായിരുന്നത്. ക്യാമറ, ലോക്കിംഗ്, അലാം, വിവരസാങ്കേതികവിദ്യ, ഇന്റര്‍നെറ്റ്, മൊബൈല്‍ ആപ്പ്സ് എന്നിവയെല്ലാം സംയോജിപ്പിച്ചാണ് ഹോം ഓട്ടോമേഷന്‍ വഴിയുള്ള അത്യാധുനിക സെക്യൂരിറ്റി സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പ്രധാനപ്പെട്ട സെക്യൂരിറ്റി ഓട്ടേമേഷന്‍ സംവിധാനങ്ങള്‍ ഇന്‍ട്രൂഷന്‍ ഡിറ്റക്ഷന്‍, മാഗ്നറ്റിക് കോണ്‍ടാക്ട് സെന്‍സറുകള്‍(വാതിലിനും ജനാലയ്ക്കും വേണ്ടി), ഗ്ലാസ് ബ്രേക്ക് ഡിറ്റക്ടര്‍, പ്രഷര്‍ സെന്‍സറുകള്‍, പ്രസന്‍സ് സിമുലേഷന്‍, ഡിറ്റക്ഷന്‍ ഓഫ് ഫയര്‍, ഗ്യാസ് ലീക്ക്, വാട്ടര്‍ ലീക്ക്സ്, മെഡിക്കല്‍ അലര്‍ട്ട്/ ടെലി അസിസ്റന്‍സ്, പ്രിസൈസ് ആന്‍ഡ് സേഫ് ബ്ലൈന്‍ഡ് കണ്‍ട്രോള്‍.

ഇന്റര്‍കോം

: ഒരു വീടിനുള്ളിലെ വിവിധ മുറികളിലിരുന്ന് കൊണ്ട് മൈക്രോഫോണ്‍, ലൌഡ് സ്പീക്കര്‍ എന്നിവ വഴി ആശയവിനിമയം നടത്താനാകും. ഈ സംവിധാനത്തെ ടെലിഫോണ്‍, ടെലിവിഷന്‍, കംപ്യൂട്ടര്‍, ഡോര്‍ ക്യാമറകള്‍ എന്നിവ വഴിയും ബന്ധിപ്പിക്കാനാകും. ഇതുവഴി അപായസന്ദേശങ്ങള്‍ ഫലപ്രദമായി കൈമാറാനും പുറംലോകത്തെ അറിയിക്കാനുമാകും.