അതിഥിയുടെ മനം നിറയാന്‍

അതിഥിയുടെ മനം നിറയാന്‍

വീട്ടിലേക്ക് വരുന്ന അതിഥികളുടെ മനസ് നിറയണമെങ്കില്‍ മികച്ച ആതിഥേയത്വത്തിനൊപ്പം ഗസ്റ് റൂമിന് അതിന്റേതായ സ്ഥാനമുണ്ട്. അതിഥികള്‍ക്ക് ആവശ്യമായ എല്ലാ സൌകര്യവും ഈ മുറിയില്‍ ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്- ജി ആര്‍ അനുരാജ് എഴുതുന്നു

പുതിയ വീട് നിര്‍മ്മിക്കുമ്പോള്‍ അതിഥികള്‍ക്കായി ഒരു മുറി മാറ്റിവെക്കുന്നത് ഇക്കാലത്ത് സര്‍വ്വസാധാരണമായി കഴിഞ്ഞു. വീട്ടിലേക്ക് വരുന്ന അതിഥികളുടെ മനസ് നിറയണമെങ്കില്‍ മികച്ച ആതിഥേയത്വത്തിനൊപ്പം ഗസ്റ് റൂമിന് അതിന്റേതായ സ്ഥാനമുണ്ട്. അതിഥികള്‍ക്ക് ആവശ്യമായ എല്ലാ സൌകര്യവും ഈ മുറിയില്‍ ഒരുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

സാധാരണ മുറികളേക്കാള്‍ ചെറുതായിരിക്കും ഗസ്റ് റൂം. അതുകൊണ്ടുതന്നെ ഫര്‍ണീച്ചറുകള്‍ ക്രമീകരിക്കുമ്പോള്‍ കൂടുതല്‍ സ്ഥലം അപഹരിക്കാന്‍ പാടില്ല. ഫര്‍ണീച്ചറുകള്‍ കൂട്ടിയിട്ടാല്‍ അത് അതിഥികള്‍ക്ക് അലോസരമായി അനുഭവപ്പെടും. അതുകൊണ്ടുതന്നെ ആവശ്യമുള്ള ഫര്‍ണീച്ചറുകള്‍ മാത്രം മതിയാകും.

ചെറിയ കട്ടില്‍, മേശ, കസേര, ടീപ്പോ എന്നിവ മാത്രം മതിയാകും അതിഥി മുറിയില്‍ ഫര്‍ണീച്ചറുകളായി. മടക്കി ഉപയോഗിക്കാവുന്ന സോഫ കം ബെഡ് ഉണ്ടെങ്കില്‍ കട്ടിലിന്റെ ആവശ്യമില്ല. സാധാരണഗതിയില്‍ എപ്പോഴും ഉപയോഗിക്കാത്ത മുറിയായിരിക്കും ഇത്. അതുകൊണ്ടുതന്നെ കൂടുതല്‍ അലങ്കാരങ്ങള്‍ ആവശ്യമില്ല. ഇതിന് പുറമെ ഒരു കപ്പ് ശുദ്ധജലം, ഗ്ലാസ്, ഒരു നോട്ട് പാഡ്, പേന, അലാറം സൌകര്യമുള്ള ക്ലോക്ക്, കുറച്ച് മാസികകളും ഗസ്റ് റൂമില്‍ കരുതണം. ഇത് കൂടാതെ വേദന സംഹാരികളായ ഒയിന്‍മെന്റും ലഭ്യമാക്കുന്നത് നല്ലതാണ്.

ഈ മുറിക്ക് പെയിന്റ് ചെയ്യുമ്പോള്‍ വെള്ള നിറം തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കൂടുതല്‍ ലാളിത്യം അനുഭവപ്പെടാന്‍ ഇത് സഹായിക്കും. ചുവരിനും മേല്‍ഭിത്തിക്കും വെള്ള, അല്ലെങ്കില്‍ ഇളം നിറത്തിലുള്ള പെയിന്റാണ് ഉത്തമം. ഇതിന് അനുസൃതമായ നിറത്തിലാകണം ഫ്ലോറിംഗ്. അതിഥി വരുന്നതിന് മുമ്പ് മുറി നന്നായി വൃത്തിയാക്കി, നല്ല സുഗന്ധമുള്ള സ്പ്രേയോ പനിനീരോ തളിക്കുന്നത്, അതിഥിയെ ഉന്‍മേഷവാനാക്കും.

അറ്റാച്ച്ഡ് ബാത്ത് റൂം ഈ മുറിയില്‍ ഉണ്ടാകണം. ബക്കറ്റ്, ടൂത്ത് പേസ്റ്, സോപ്പ്, ഷാംപൂ, ടവല്‍, ജലലഭ്യത എന്നിവ ബാത്ത് റൂമില്‍ ഉറപ്പാക്കണം. കൂടുതല്‍ ആഡംബരങ്ങള്‍ ഒരുക്കുന്നതിന് പകരം ഇത്തരം കാര്യങ്ങള്‍ക്കാകണം മുന്‍തൂക്കം നല്‍കേണ്ടത്.

ഗസ്റ് റൂമില്‍ വെളിച്ചം ക്രമീകരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഗസ്റ് റൂമില്‍ വെളിച്ചം കുറഞ്ഞ് ട്യൂബ് ലൈറ്റ് ആണ് ഉത്തമം. അതിന് പുറമെ ബെഡ് ലാംപ് ഉണ്ടെങ്കില്‍ നന്നായിരിക്കും. അതേസമയം അമിതവെളിച്ചം അതിഥികള്‍ക്ക് അരോചകമായി മാറിയേക്കാം. വൈദ്യുതി പോകുന്ന സാഹചര്യമുണ്ടെങ്കില്‍ മെഴുകുതിരിയോ റാന്തലോ റൂമില്‍ സജ്ജീകരിക്കുന്നതും നല്ലതാണ്.

കൂടുതല്‍ അലങ്കാരങ്ങളോ ഒരുക്കങ്ങളോ ആവശ്യമില്ല. ഭംഗിയുള്ള ലളിതമായ പൂപ്പാത്രങ്ങളോ പൂക്കളോ അതിഥി മുറിയില്‍ വയ്ക്കാം. ചുവരുകളില്‍ പെയിന്റിംഗുകളും തൂക്കാം. അമിതമായ സൌന്ദര്യവല്‍ക്കരണത്തിന്റെ ആവശ്യമില്ല. അതിഥിക്ക് അലങ്കാരങ്ങളേക്കാള്‍ ആവശ്യം സൌകര്യങ്ങളാണ്. കൂടുതല്‍ പണം ചെലവാക്കി ആഡംബരങ്ങള്‍ ഒരുക്കന്നതിനേക്കാള്‍ പ്രധാനം സൌകര്യങ്ങളാണെന്ന കാര്യം മറക്കണ്ട. സൌകര്യങ്ങളില്ലെങ്കില്‍ ഗസ്റ് റൂം എന്ന പ്രസക്തി തന്നെ നഷ്ടമാകും, ഒപ്പം നല്ല ആതിഥേയനല്ല എന്ന ചീത്തപ്പേരും സ്വന്തമാകും.