Top

നാഷണല്‍ അവാര്‍ഡ് കിട്ടിയതുപോലുള്ള സന്തോഷം; ആക്ഷന്‍ ഹീറോ ബിജുവിലെ കിടിലന്‍ കഥാപാത്രത്തെക്കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു

Asianet News 1 year ago Interviews
നാഷണല്‍ അവാര്‍ഡ് കിട്ടിയതുപോലുള്ള സന്തോഷം; ആക്ഷന്‍ ഹീറോ ബിജുവിലെ കിടിലന്‍ കഥാപാത്രത്തെക്കുറിച്ച് സുരാജ് വെഞ്ഞാറമ്മൂട് പറയുന്നു

'പേരറിയാത്തവരിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ നെറ്റി ചുളിച്ചിരുന്നു. ആ സിനിമ കണ്ടിരുന്നില്ല. പക്ഷേ ഇപ്പോള്‍ മനസ്സിലാകുന്നു. ആ അഭിനയ മികവ്. മാപ്പ് സുരാജേട്ടാ..' ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം കണ്ട് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ എഴുതിയതാണ് ഇത്. ആക്ഷന്‍ ഹീറോ ബിജുവിനെ കുറിച്ചുള്ള സിനിമാ നിരൂപണങ്ങളിലെല്ലാം സുരാജിന്റെ പ്രകടനം എടുത്തുപറഞ്ഞ് അഭിനന്ദിക്കുന്നു. രണ്ടു രംഗങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും ചിത്രം കണ്ടിറങ്ങിയ ശേഷവും പ്രേക്ഷകമനസില്‍ തങ്ങിനില്‍ക്കുന്നത്രയും മികവുറ്റതാക്കിയിരിക്കുന്നു, സുരാജ് വെഞ്ഞാറമൂട് ആ കഥാപാത്രത്തെ. സുരാജിലെ മികച്ച നടനെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയുകയുമാണ് ഇതിലൂടെ.




സുരാജിനെ ഹാസ്യ വേഷങ്ങളിലാണ് എല്ലാവരും അധികവും കണ്ടിട്ടുള്ളത്. പേരറിയാത്തവരിലെ അഭിനയത്തിന് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോഴും ചിലരെങ്കിലും മനസ്സില്‍ അത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. അതിലെ സുരാജിന്റെ അഭിനയം അവര്‍ കണ്ടിട്ടില്ല. ഇപ്പോള്‍ അതിനുള്ള ഒരു മറുപടിയാകുകയാണ് ആക്ഷന്‍ ഹീറോ ബിജുവിലെ വേഷം. എന്തുതോന്നുന്നു?

എനിക്ക് നാഷണല്‍ അവാര്‍ഡ് കിട്ടിയതുപോലെയാണ് ഫോണിലൂടെയും നേരിട്ടുമൊക്കെ അഭിനന്ദനങ്ങള്‍ കിട്ടുന്നത്. ആക്ഷന്‍ ഹീറോവിലെ വേഷം പ്രേക്ഷകര്‍ സ്വീകരിച്ചുവെന്ന് അറിയുന്നതില്‍ ആ സന്തോഷവുമുണ്ട്. ഒരു നാഷണല്‍ അവാര്‍ഡ് കിട്ടിയതുപോലുള്ള സന്തോഷം.

'പേരറിയാത്തവര്‍' അധികമാരും കണ്ടിട്ടില്ല. സാങ്കേതികമായി മാത്രമാണ് തീയേറ്ററിലെത്തിയത്. സെന്റിമെന്റലായ വേഷമായിരുന്നില്ല പേരറിയാത്തവരില്‍. നാച്ച്വറലായിട്ടുള്ള കഥാപാത്രമാണ്. അത് കൂടുതല്‍ ആളുകള്‍ കാണണമെന്നുണ്ട്. അത് റിലീസ് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എന്തായാലും കൂടുതല്‍പേര്‍ കാണുന്നവെന്നതില്‍ ആക്ഷന്‍ ഹീറോ ബിജുവിലെ വേഷം എനിക്ക് വലിയൊരു അംഗീകാരം തന്നെയാണ്. വല്ലപ്പോഴുമല്ലേ ഇത്തരം കഥാപാത്രങ്ങള്‍ ലഭിക്കൂ.



ഇത്തിരിപ്പോന്ന കഥാപാത്രം;
ഒത്തിരി സാദ്ധ്യത
സീനിയര്‍ നടനാണ് സുരാജ്. മുഴുനീള കഥാപാത്രങ്ങള്‍ ചെയ്യുന്ന നടന്‍. എങ്ങനെയാണ് ആക്ഷന്‍ ഹീറോ ബിജുവിലേക്ക് എത്തുന്നത്. കുറച്ചുനേരം മാത്രമുള്ള കഥാപാത്രം സ്വീകരിക്കുന്നത്?

എബ്രിഡ് ഷൈന്‍ പറഞ്ഞു ഒരു ചെറിയ വേഷമുണ്ടെന്ന്. കഥാപാത്രത്തെയും വിശദീകരിച്ചുതന്നു. ചേട്ടന്‍ ചെയ്താല്‍ അത് ഗംഭീരമാകുമെന്ന് പറഞ്ഞു. ചെറുതാണെങ്കിലും ആ കഥാപാത്രത്തെ കുറിച്ച് എബ്രിഡ് ഷൈന് പ്രതീക്ഷയുണ്ടെന്നു എനിക്ക് തോന്നിയിരുന്നു. എനിക്ക് അയാളില്‍, വലിയ വിശ്വാസവുമുണ്ടായിരുന്നു. അങ്ങനെയാണ് ആ കഥാപാത്രം ചെയ്യാന്‍ തീരുമാനിക്കുന്നത്. മറ്റെല്ലാ പരിപാടികളും മാറ്റിവച്ചിട്ടാണ് ഞാന്‍ ഇത് ചെയ്തത്.

പിന്നെ 1983 കണ്ടപ്പോള്‍ത്തന്നെ എനിക്ക് എബ്രിഡ് ഷൈന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എബ്രിഡ് ഷൈന് ആ ചിത്രം അംഗീകാരങ്ങള്‍ സമ്മാനിക്കും എന്നു അന്ന് സിനിമയിലടക്കമുള്ള ഫ്രണ്ട്‌സിനോട് ഞാന്‍ പറഞ്ഞിരുന്നു. അത്രയ്ക്കു ഗംഭീര സിനിമയയായിരുന്നു അത്. 1983 ചെയ്യുമ്പോള്‍ നിവിന്‍ അത്ര വലിയ താരമല്ല. അപ്പോള്‍ ഇങ്ങനെയുള്ള ഒരു യുവനടനെ കൊണ്ട് ഇത് ചെയ്യിപ്പിക്കാന്‍ കഴിയും എന്നു മുന്‍കൂട്ടി കാണാന്‍ എബ്രിഡ് ഷൈനു കഴിഞ്ഞിരുന്നു. നിവിനില്‍ നിന്ന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ സംവിധാന മികവുകൊണ്ടായിരുന്നു. അദ്ദേഹം ബെസ്റ്റ് ഡയറക്ടറാണ്.

സിനിമയിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് പൂര്‍ണ്ണ ബോധ്യമുള്ള സംവിധായകനാണ് അദ്ദേഹം. ഒരു സീന്‍ വിവരിച്ചുതരുമ്പോള്‍ അത് നമുക്ക് മനസ്സിലാകും. ഇപ്പോള്‍ നിങ്ങള്‍ക്ക് സിനിമ കണ്ട് അദ്ദേഹത്തെ കുറിച്ച് അറിയാം. അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു സീനിലെങ്കിലും അഭിനയിച്ചാല്‍ ഇക്കാര്യം പൂര്‍ണ്ണമായും ബോധ്യമാകും. എനിക്ക് ഈ സിനിമയിലെ അഭിനയം എന്റെ കരിയറിലെ പുതിയ ഒരു അനുഭവമായിരുന്നു.

കഥാപാത്രത്തെ കുറിച്ച്?

ഭാര്യ പിണങ്ങിപ്പോയെ ഒരു ഭര്‍ത്താവിന്റെ കഥാപാത്രമാണ് എന്റേത്. രണ്ട് രംഗങ്ങളാണുള്ളത്. അതില്‍ ഞാന്‍ മേക്കപ്പ് ചെയ്തിട്ടില്ല. ഗ്ലിസറിന്‍ ഉപയോഗിച്ചിട്ടില്ല. ആദ്യത്തെ രംഗം സിംഗിള്‍ ഷോട്ടാണ്. രണ്ടാമത്തെ രംഗവും അങ്ങനെ തന്നെയായിരുന്നു. പക്ഷേ എഡിറ്റിംഗിന്റെ സൗകര്യത്തിനുവേണ്ടി കട്ട് ചെയ്തുവെന്നേ ഉള്ളൂ. ആ വേഷം ഇത്രയേറെ സ്വീകരിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് എബ്രിഡ് ഷൈനാണ്.



പാസിംഗ് ഷോട്ടാണെങ്കില്‍ പോലും
നല്ല സിനിമയില്‍ ഞാന്‍ അഭിനയിക്കും
അടുത്തിടെ ക്യാരക്ടര്‍ റോളുകളിലാണ് കാണുന്നത്. തീരുമാനിച്ചുറപ്പിച്ച തെരഞ്ഞെടുപ്പാണോ?

അങ്ങനെയൊന്നുമില്ല. ഞാന്‍ അടുത്തിടെ അഭിനയിച്ച ടു കണ്‍ട്രീസില്‍ കോമഡി തന്നെയായിരുന്നു. ചെറിയതോ വലുതോ സീരിയസോ കോമഡിയോ എന്ന ഭേദമൊന്നുമില്ല. ഏതു വേഷം വന്നാലും സ്വീകരിക്കും. സിനിമ മൊത്തം നല്ലതായിരിക്കണം. നമ്മുടെ കഥാപാത്രവും. ഒരു പാസിംഗ് ഷോട്ടാണെങ്കില്‍ പോലും നല്ല സിനിമയില്‍ ഞാന്‍ അഭിനയിക്കും.

പഴയതുപോലെ സജീവമല്ല. ഇടവേളകളുമുണ്ടാകുന്നു? സ്റ്റേജ് ഷോകളിലും ടി വി പ്രോഗ്രാമുകളിലുമാണ് അധികവും കാണുന്നത്?

ഞാന്‍ തീരുമാനിച്ച് ഇടവേളകള്‍ എടുക്കാറില്ല. നമുക്ക് സിനിമകള്‍ വരുമ്പോള്‍ ചെയ്യുന്നു. അല്ലാത്തപ്പോള്‍ ടി വി പ്രോഗ്രാമും ചെയ്യുന്നു. അതും ആള്‍ക്കാര്‍ ആസ്വദിക്കുന്നുണ്ട്.

നായകനായ ആദ്യ ചിത്രം ഹിറ്റായിരുന്നു. രണ്ടാമത് അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. ഇനി ഒരു  നായകവേഷം ഉടനുണ്ടാകുമോ?

ഇപ്പോള്‍ ഒന്നും തീരുമാനിച്ചിട്ടില്ല. എനിക്ക് ചേരുന്ന നായകവേഷമേ ഞാന്‍ ചെയ്യാവൂ എന്നു മാത്രമേയുള്ളൂ.

ആക്ഷന്‍ ഹീറോ ബിജുവിനെ കുറിച്ച്?

ആക്ഷന്‍ ഹീറോ ബിജു മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കും ഒരു പുതിയ അനുഭവമാണ്. ഇങ്ങനെ ഒരു സിനിമ നമ്മള്‍ കണ്ടിട്ടുണ്ടാകില്ല. മമ്മൂക്കയുടേയും സുരേഷേട്ടന്റെയോ പൊലീസ് വേഷം പോലെയല്ല ആക്ഷന്‍ ഹീറോ ബിജു. നമ്മുടെ നാട്ടിലെ സാധാരണ പൊലീസ് ഉദ്യോഗസ്ഥന്റെ ഹീറോയിസമേ ഉള്ളൂ. നിവിന്‍ അത് ഗംഭീരമായി ചെയ്യുകയും ചെയ്!തു.

എടാ ഇത് നമ്മുടെ നാട്ടിലെ പൊലീസ് അല്ലെടാ എന്നൊക്കെയാണ് സിനിമ കാണുമ്പോള്‍ ആള്‍ക്കാര്‍ തീയേറ്ററില്‍ നിന്ന് പറയുന്നത്. കാരണം അത്രയ്!ക്ക് ജീവിതത്തോട് ചേര്‍ന്നിട്ടുള്ളതാണ് ആക്ഷന്‍ ഹീറോ ബിജു.

വീണ്ടും വീണ്ടും കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്ന പാട്ടുകളും ഇതിലുണ്ട്. കുറച്ചുകാലത്തിനു ശേഷമാണ് ജെറി അമല്‍ദേവ് സര്‍ ഒരു സിനിമയ്!ക്ക് സംഗീതം നല്‍കുന്നത്. ചിരിക്കാനുമുണ്ട്. എല്ലാ കഥാപാത്രങ്ങളും മികച്ചുനില്‍ക്കുന്നു. ഓരോ നടന്‍മാരും നടിമാരും മികച്ച പെര്‍ഫോര്‍മന്‍സാണ് നടത്തിയിരിക്കുന്നു. മലയാളസിനിമയില്‍ ഒരു പുതിയ രീതിക്കു തുടക്കമിടുകയുമാണ് ആക്ഷന്‍ ഹീറോ ബിജു.



അതിനാലാണ് നിവിന്‍ പോളിയ്ക്ക്
ലാലേട്ടനു കിട്ടിയതുപോലെ സ്‌നേഹം കിട്ടുന്നത്്
മലയാളത്തിലെ പുതിയ തരംഗമാണ് നിവിന്‍ പോളി. അദ്ദേഹത്തിന്റെ വളര്‍ച്ച, ഒപ്പമുള്ള അഭിനയം എങ്ങനെ കാണുന്നു?

നിവിന്‍ പോളിയുടെ ആദ്യത്തെ സിനിമയില്‍ ഞാനുമുണ്ട്. വിനീത് ശ്രീനിവാസന്റെ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍. അന്നേ ഞാന്‍ കരുതിയിരുന്നു ഇവന്റെ കയ്യില്‍ മരുന്നുണ്ടെന്ന്. പിന്നീട് അത് തെളിയിക്കുന്നതാണ് കണ്ടത്. മികച്ച നടന്‍ തന്നെയാണ് നിവിന്‍ പോളി.

ഓരോ നടനെയും ഞാന്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ട്. നിവിനെയും ആ രീതിയില്‍ നോക്കിയിട്ടുണ്ട്. ഓരോ സിനിമയിലും നിവിന്റെ അഭിനയം വ്യത്യസ!്ത സ്‌റ്റൈലിലുള്ളതാണ്. മലര്‍വാടിയില്‍ നിന്ന് വളരെ വ്യത്യസ്തമാണ് ആഷിഖ് അബുവിന്റെ ഡാ തടിയാ എന്ന ചിത്രത്തിലെ അഭിനയം. ബാംഗ്ലൂര്‍ ഡേയ്‌സിലേതാണെങ്കിലും വേറൊരു രീതിയില്‍. അങ്ങനെ ഓരോന്നും വ്യത്യസ്തമാണ്. 1983 എന്ന ഒറ്റ സിനിമയില്‍ തന്നെ വ്യത്യസ്ത കാലഘട്ടങ്ങളിലെ അഭിനയമാണ് നിവിന്‍ ഗംഭീരമായി കാഴ്ചവച്ചിരിക്കുന്നത്. വിദ്യാര്‍ഥിയായും ക്രിക്കറ്റുകളിക്കാരനായും അച്ഛനായും എല്ലാം അത് അനുസരിച്ചുള്ള രീതിയിലാണ് നിവിന്‍ അഭിനയിക്കുന്നത്. പ്രേമത്തിലും 1983ലെ പോലെ വ്യത്യസ്ത പ്രായത്തിലുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജുവാകുമ്പോള്‍ വേറെ സ്‌റ്റൈല്‍. അത്രയ്ക്കു വഴക്കമുള്ള നടനാണ് നിവിന്‍ പോളി. അതുകൊണ്ടുതന്നെയാണ് നിവിന്‍ പോളിക്ക് ഇത്രയും ആരാധകരുമുണ്ടാകുന്നതും. ലാലേട്ടനു കിട്ടിയതുപോലെയൊക്കെയുള്ള സ്!നേഹം കിട്ടുന്നതും.

'പേരറിയാത്തവരിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂടിന് നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ നെറ്റി ചുളിച്ചിരുന്നു. ആ സിനിമ കണ്ടിരുന്നില്ല. പക്ഷേ ഇപ്പോള്‍ മനസ്സിലാകുന്നു. ആ അഭിനയ മികവ്. മാപ്പ് സുരാജേട്ടാ..' ആക്ഷന്‍ ഹീറോ ബിജുവിലെ സുരാജ് വെഞ്ഞാറമൂടിന്റെ പ്രകടനം കണ്ട് ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കില്‍ എഴുതിയതാണ് ഇത്. ആക്ഷന്‍ ഹീറോ ബിജുവിനെ കുറിച്ചുള്ള സിനിമാ നിരൂപണങ്ങളിലെല്ലാം സുരാജിന്റെ പ്രകടനം എടുത്തുപറഞ്ഞ് അഭിനന്ദിക്കുന്നു. രണ്ടു രംഗങ്ങള്‍ മാത്രമേയുള്ളൂവെങ്കിലും ചിത്രം കണ്ടിറങ്ങിയ ശേഷവും പ്രേക്ഷകമനസില്‍ തങ്ങിനില്‍ക്കുന്നത്രയും മികവുറ്റതാക്കിയിരിക്കുന്നു, സുരാജ് വെഞ്ഞാറമൂട് ആ കഥാപാത്രത്തെ. സുരാജിലെ മികച്ച നടനെ പ്രേക്ഷകര്‍ക്ക് തിരിച്ചറിയുകയുമാണ് ഇതിലൂടെ. 







Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!