Top

ബിജു മേനോന്‍ വീണ്ടും തരംഗമാകും!

Asianet News 2 years ago Special
ബിജു മേനോന്‍ വീണ്ടും തരംഗമാകും!

വെബ് ഡെസ്‍ക്

മലയാളത്തിലെ ഏറ്റവും അഭിനയശേഷിയുടെ നടന്‍മാരില്‍ ഒരാളാണ് ബിജു മേനോന്‍. ബിജു മേനോന്റെ അഭിനയമികവ് വ്യക്തമാക്കാന്‍ മലയാളിക്കു മുന്നില്‍ ഉദാഹരണങ്ങള്‍ നിരത്തേണ്ടതുമില്ല. വില്ലനായും നായകനായും സഹനടനായും കൊമേഡിയനായും എല്ലാം ബിജു മേനോന്‍ നിരവധി വേഷങ്ങളാണ് ഉജ്ജ്വലമാക്കിയത്.

മിഖായേലിന്റെ സന്തതികള്‍ എന്ന സീരിയിലിന്റെ തുടര്‍ച്ചയായി വന്ന പുത്രന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറിയ ബിജു മേനോനെ മാന്നാര്‍ മാത്തായി സ്‍പീക്കിംഗിലെ വില്ലന്‍ വേഷമാണ് ശ്രദ്ധേയനാക്കിയത്. അഴകിയ രാവണിലെ സംവിധായകന്റെ വേഷവും കയ്യടി നേടി. പിന്നീട് കൃഷ്‍ണഗുഡിയില്‍ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള സംസ്ഥാന അവാര്‍ഡും നേടി. അഭിനയിക്കാനറിയുന്ന നടന്‍ എന്ന പേരോടെ തിളങ്ങി പിന്നീട് ബിജു മേനോന്‍. 1990കളില്‍ ഓഫ്ബീറ്റ് ചിത്രങ്ങളുടെ ഭാഗമായി നിരൂപകപ്രശംസ പിടിച്ചുപറ്റി. മഴ, മേഘമല്‍ഹാര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിന്റെ കരുത്ത് അറിയിച്ചു. തുടര്‍ന്ന് ഉപനായക കഥാപാത്രങ്ങളെ അവതരിപ്പിച്ചു വാണിജ്യസിനിമകള്‍ക്ക് ഒപ്പം നിന്നു.പക്ഷേ, അലസനായ നടനെന്ന് പേരുള്ള ബിജുമേനോന്‍ ഇടയ്‍ക്കു ഒന്നു മങ്ങി. അന്യഭാഷാ ചിത്രങ്ങളിലും എത്തിയെങ്കിലും ബിജു മേനോന് അത്രകണ്ട് പ്രേക്ഷകരുടെ പ്രിയംപിടിച്ചുപറ്റാനായില്ല. പക്ഷേ 2010ല്‍ ബിജു മേനോനും ഒരു ഇമേജ് ബ്രേക്കിംഗ് നടത്തി - മേരിക്കുണ്ടൊരു കുഞ്ഞാടിലൂടെ. ചിത്രത്തില്‍ ദിലീപായിരുന്നു നായകനെങ്കിലും ബിജുമേനോനായിരുന്നു കയ്യടി കൂടുതല്‍ നേടിയത്. തുടര്‍ന്ന് സീനീയേഴ്‍സ് - അതിലും ബിജു മേനോന്‍ കസറി. ഓര്‍ഡിനറിയെ അസാധാരണമാക്കിയതും ബിജു മേനോന്‍ തന്നെ. പകത്വയാര്‍ന്ന, ഗൗരവമുള്ള വേഷങ്ങള്‍ അവതരിപ്പിച്ചിരുന്ന ബിജുമേനോന്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാനും തുടങ്ങി. ബിജുമേനോന്‍ ഉണ്ടെങ്കില്‍ ചിത്രം സൂപ്പര്‍ഹിറ്റ് എന്ന വിജയ ഫോര്‍‌മലയുമുണ്ടായി.ഇവയ്‍ക്കെല്ലാം ശേഷമാണ് വെള്ളിമൂങ്ങ വന്നത്. മാമച്ചന്‍ എന്ന രാഷ്‍ട്രീയക്കാരനെ അനായാസേന അവതരിപ്പിച്ച് പ്രേക്ഷകപ്രീതി നേടിയപ്പോള്‍ ബിജുമേനോന്‍ വീണ്ടും നായകനിരയിലേക്ക് ഉയര്‍ന്നു. സൂപ്പര്‍ഹിറ്റായ വെള്ളിമൂങ്ങയ്‍ക്കു ശേഷം നിരവധി നായകകഥാപാത്രങ്ങളാണ് ബിജു മേനോന്‍ തേടിയെത്തുന്നത്. ഇപ്പോഴിതാ രഞ്ജിത്തിന്റെ ലീലയിലെ കുട്ടിയപ്പനായി ബിജു മേനോന്‍ എത്തുന്നതാണ് മലയാള ചലച്ചിത്രലോകത്തെ ഏറ്റവും പ്രതീക്ഷയുള്ള കാത്തിരിപ്പ്. ബിജു മേനോന്റെ പ്രതീക്ഷയുണര്‍ത്തുന്ന പുതിയ ചിത്രങ്ങള്‍ നോക്കാം.കുട്ടിയപ്പന്‍

ആര്‍ ഉണ്ണിയുടെ ശ്രദ്ധേയമായ കഥയായ ലീല അതേ പേരിലാണ് രഞ്ജിത് സിനിമയാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ കുട്ടിയപ്പനെ അവതരിപ്പിക്കുന്നതിനായി പല പേരുകളും ഉയര്‍ന്നുകേട്ടുവെങ്കിലും ബിജു മേനോനാണ് നറുക്കുവീണത്. കുട്ടിയപ്പനായി ബിജു മേനോന്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നുവെന്നാണ് സംവിധായകന്‍ രഞ്ജിത്തും തിരക്കഥാകൃത്ത് ആര്‍ ഉണ്ണിയും ഉറപ്പുനല്‍കുന്നത്. എന്തുകൊണ്ടും ബിജു മേനോനു യോജിക്കുന്ന കഥാപാത്രമാണ് ഇതെന്നും ഇവര്‍ പറയുന്നു. കുട്ടിയപ്പനായുള്ള ബിജു മേനോന്‍ ഗൌരവമായി ചെയ്യുന്ന പല കാര്യങ്ങളും പ്രേക്ഷകരില്‍ ചിരി പടര്‍ത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാര്‍വതി നമ്പ്യാരാണ് നായികയായ ലീലയെ അവതരിപ്പിക്കുന്നത്.മരുഭൂമിയിലെ ആന

ബിജു മേനോന്‍ അറബിയായി അഭിനയിക്കുന്ന ചിത്രമാണ് മരുഭൂമിയിലെ ആന. വളരെ രസകരമായ ഒരു കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി കെ പ്രകാശ് ആണ്. സംസ്‍കൃത ഷേണായി ആണ് നായിക. സനൂഷ, മേജര്‍ രവി, പാഷാണം ഷാജി, കൃഷ്‍ണ ഷങ്കര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. വൈ വി രാജേഷ് ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.

അനുരാഗ കരിക്കിന്‍വെള്ളം

ബിജു മേനോന്‍ ആസിഫ് അലിയുടെ അച്ഛനായി അഭിനയിക്കുന്ന ചിത്രമാണ് അനുരാഗ കരിക്കിന്‍വെള്ളം. ഖാലിദ് റഹ്‍മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആശാ ശരത്, രണ്‍ജി പണിക്കര്‍, സുധീ കോപ്പ, ശ്രീനാഥ് ഭാസി, സൌബിന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നവീന്‍ ഭാസ്‍കറാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതസംവിധായകന്‍. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്, സന്തോഷ് ശിവന്‍, ഷാജി നടേശന്‍, ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വീണ്ടും വെള്ളിമൂങ്ങ ടീം!

വെള്ളിമൂങ്ങ ഒരുക്കിയ ജിബു ജേക്കബും ബിജു മേനോനും വീണ്ടും ഒരു ചിത്രത്തില്‍ ഒന്നിക്കുകയാണ്. സ്‍നേഹവീടിനു ശേഷം മോഹന്‍ലാലിനൊപ്പം ബിജു മേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകയുമുണ്ട്. മോഹന്‍ലാല്‍ പഞ്ചായത്ത് സെക്രട്ടറിയുടെ വേഷത്തിലാണ് അഭിനയിക്കുന്നത്. ബിജു മേനോനും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വേഷത്തില്‍ എത്തുന്നു. കോമഡി ട്രാക്കിലാണ് പുതിയ ചിത്രവും. മോഹന്‍ലാലിന്റെ നായികയായി മീന അഭിനയിക്കുന്നു. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന എന്നിവരും ചിത്രത്തിലുണ്ട്. എം സിന്ദുരാജാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!