Top

കെപിഎസി ലളിത ഇല്ലെങ്കില്‍ ആ ലിസ്റ്റ് അപൂര്‍ണ്ണമായിരിക്കും

Asianet News 2 years ago Special
കെപിഎസി ലളിത ഇല്ലെങ്കില്‍ ആ ലിസ്റ്റ് അപൂര്‍ണ്ണമായിരിക്കും

സഖാക്കളെ, നിങ്ങള്‍ പറഞ്ഞതു പോലെ താരം തന്നെയാണ് കെപിഎസി ലളിത. നക്ഷത്രം. അരിവാള്‍ ചുറ്റിക നക്ഷത്രത്തിലെ നക്ഷത്രം കെപിഎസി ലളിതയാണ് - ഷനോജ് ആര്‍ ചന്ദ്രന്‍ എഴുതുന്നുലളിത ഉറങ്ങാത്ത രാത്രികളെ വടക്കാഞ്ചേരിയിലെ സഖാക്കളുടെ പകല്‍ പ്രതിഷേധപ്രകടനങ്ങളില്‍ നിന്നും പോസ്റ്റര്‍ ചായങ്ങളില്‍ നിന്നും ഇങ്ങനെ വായിച്ചും വ്യാഖ്യാനിച്ചുമെടുക്കാം: ''അത് മായിക കലാലോകം സ്വപ്‍നം കണ്ട ആട്ടക്കാരിയുടെ താരമാകാനുള്ള നാടകയാത്രകളായിരുന്നു. മുഖം തേച്ചു മിനുക്കാന്‍ അവരിട്ട മേയ്‍ക്കപ്പുകള്‍ അവര്‍ക്ക് ഗ്ലാമറും പണവും നല്‍കി. കെട്ടിയിറക്കപ്പെടുന്ന താരത്തിനെതിരെ ഇതാ ഞങ്ങള്‍ മുഴുവന്‍ സമയ പാര്‍ട്ടി പോരാളികളുടെ മുഷ്‍ടി ചുരുട്ടല്‍, ഞങ്ങള്‍ വിപ്ലവകാരികള്‍ ലളിതയ്‍ക്കു മേല്‍ ചെങ്കൊടി കുത്തും!''സഖാക്കളേ, ലളിത ഉറക്കം വരാതെ ഉറങ്ങാതിരുന്ന ഒരു പാടു രാത്രികളില്‍ ഒന്നു രണ്ടെണ്ണം ഓര്‍മ്മിപ്പിക്കാനാണ് ഈ ചെറുകുറിപ്പ്. ആ രാത്രികളിലൊന്ന് ലളിതയുടെ അഞ്ചാം വയസിലായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 1952ല്‍. വടക്കാഞ്ചേരിയിലെ ആ സഖാക്കള്‍ ജനിക്കുന്നതിനു മുമ്പ് ആയിരിക്കണം അത്. അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നു. അച്ഛനോടും അമ്മയോടും ഇളയ അനിയത്തിയോടുമൊപ്പം അഞ്ചു വയസുകാരി ലളിത തൊടുപുഴയിലായിരുന്നു. തൊടുപുഴയില്‍ ഫോട്ടോഗ്രാഫറായിരുന്നു അച്ഛന്‍. കമ്മ്യൂണിസ്റ്റായിരുന്നു. കമ്മ്യൂണിസ്റ്റുകാരനെന്ന് പറഞ്ഞാല്‍ എല്ലാവര്‍ക്കും അപമാനവും നിന്ദയുമായിരുന്ന കാലമായിരുന്നു അതെന്ന് ലളിത ഓര്‍ത്തെടുത്ത് പറഞ്ഞിട്ടുണ്ട്.

ദാരിദ്ര്യവും അവഗണനയും, അച്ഛന്റെയും അമ്മയുടെയും തറവാടുകളില്‍ നിന്ന് ആട്ടിയോടിക്കപ്പെട്ടതും ലളിതയുടെ അച്ഛന്‍ കമ്മ്യൂണിസ്റ്റായതു കൊണ്ട് ലഭിച്ച ലാഭങ്ങളായിരുന്നു. കമ്മ്യൂണിസ്റ്റാകാന്‍ അക്കാലത്ത് ഒരുപാട് അപമാനങ്ങളുടെയും വേദനകളുടെയും കയ്പ് കടിച്ചു കുടിച്ചിറക്കണമായിരുന്നു.ആ കാലത്താണ് ആ രാത്രികളില്‍ ഒന്ന് വന്നത്. തൊടുപുഴയില്‍ ഒരു കൊലപാതകം നടന്നു. കമ്മ്യൂണിസ്റ്റുകാരാണ് കൊല നടത്തിയതെന്ന് ഭരണകൂടവും പൊതുസമൂഹവും വിധിയെഴുതി. കുറ്റം ആരോപിക്കപ്പെട്ട ലളിതയുടെ അച്ഛന്‍ ഗര്‍ഭിണിയായ ഭാര്യയെയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളെയും തനിച്ചാക്കി ഒളിവില്‍ പോയി. അന്നാണ്, കൃത്യമായി പറഞ്ഞാല്‍ ലളിത ആദ്യമായി ഉറങ്ങാതിരുന്നത്.ആ അഞ്ചു വയസുകാരി, ഇനി ഉറങ്ങാന്‍ അവളെ അനുവദിക്കാത്ത ഒരുപാടു  രാത്രികളെ നേരിടാന്‍ പോകുകയാണ്. ഭീതിയും കുറ്റവാളിയുടെ മകളെന്ന അപമാനവും ദു:ഖവും രാത്രികള്‍ക്ക് കൂടുതല്‍ ഇരുട്ട് നല്‍കിയെങ്കിലും അക്കാലമാണ് ചെങ്കൊടിയോട് കൂടുതല്‍ പ്രണയം തോന്നിച്ച് തുടങ്ങിയ കാലമെന്ന് ലളിത പറഞ്ഞിട്ടുണ്ട്. പിന്നീടുള്ള ലളിതയുടെ രാത്രികള്‍ ഭീതിദങ്ങളായിരുന്നു. പോലിസുകാര്‍ നിരന്തരം വീട്ടില്‍ വന്നു തുടങ്ങി. എപ്പോഴും വീട്ടില്‍ പോലീസിന്റെ തെരച്ചില്‍. നേരവും കാലവും നോക്കാതെ രാത്രിയും പകലും പോലീസ് വീട്ടിലെത്തി. ക്ഷീണം ഇടയ്ക്ക് ഉറക്കത്തിലേക്ക് രക്ഷപ്പെടുത്തിയ കണ്ണുകളെ ഏതു സെക്കന്‍ഡിലും പൊലീസിന്റെ ബൂട്ട്‌സ് ഒച്ച ഞെട്ടിച്ചു.

ആ രാത്രികളിലൊന്നില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്ന അമ്മയ്‍ക്കു പ്രസവ വേദന തുടങ്ങി. പിഞ്ചുകുഞ്ഞുങ്ങളുടെ നിസഹായതയ്‍ക്കു മുന്നിലൂടെ അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോയി. ഇരട്ടകളെയാണ് അമ്മ പ്രസവിച്ചത്. ഒരാണ്‍കുഞ്ഞും പെണ്‍കുഞ്ഞും. വീട്ടില്‍ അമ്മയോടൊപ്പം ലളിതയടക്കം നാലു പിഞ്ചു കുഞ്ഞുങ്ങളായി.

ഒരു നിരത്തു വക്കിലായിരുന്നു ആ വീട്. രാത്രിയാകുമ്പോള്‍ പൊലീസ് വാതിലില്‍ ഇടിക്കാന്‍ തുടങ്ങും. ഭയങ്കരമായ ആ ഇടിയില്‍ വാതില്‍ കിടന്ന് കുലുങ്ങും. അമ്മയെയും കുഞ്ഞു സഹോദരങ്ങളെയും കട്ടിലില്‍ ഉറങ്ങാന്‍ വിട്ട് വാതിലിനരികില്‍ പാ വിരിച്ച് കിടന്നുറങ്ങുന്ന ലളിത പൊലീസ് വാതിലില്‍ ഇടിക്കുമ്പോള്‍ ഇരുട്ടിലേക്ക് ദയനീയമായി നോക്കി കിടക്കും.

ദാരിദ്ര്യത്തിലൂടെയും വേദനകളിലൂടെയും പൊലീസ് ഭീകരതയിലൂടെയും അവഗണനകളിലൂടെയും പകലുകളും രാത്രികളും അങ്ങനെ കടന്നു പോകവേ അഞ്ചാം ദിവസം ആ ഇരട്ടകളില്‍ ഒരു കുഞ്ഞ്  മരിച്ചു. പെണ്‍കുഞ്ഞ്. അവള്‍ യാതനകളില്‍ നിന്ന് രക്ഷപ്പെട്ടു. കുഞ്ഞ് മരിച്ച വിവരമറിഞ്ഞ പൊലീസ് രാത്രിയിലും വീടിന്റെ പരിസരത്ത് ഒളിച്ചിരിപ്പായി. മരിച്ച ചോരക്കുഞ്ഞിനെ കാണാന്‍ അവരുടെ അച്ഛന്‍ കമ്മ്യൂണിസ്റ്റ് തെമ്മാടി വരുമെന്നും അപ്പോള്‍ അയാളെ കസ്റ്റഡിയില്‍ എടുക്കാമെന്നും പൊലീസ് കരുതി. ലളിതയുടെ അമ്മയും അങ്ങനെ തന്നെ കരുതി. കുഞ്ഞിനെ അവസാനമായി കാണാന്‍ ഒളിവില്‍ നിന്ന് അയാള്‍ വരുമെന്ന് അവര്‍ വിചാരിച്ചു. അതുകൊണ്ട് കുഞ്ഞിന്റെ ശവം കുഴിച്ചിടാതെ ലളിതയുടെ അമ്മ വാതില്‍ക്കല്‍ കാത്തിരുന്നു. മരിച്ചിട്ടും പ്രതീക്ഷ കൈവിടാത്ത കണ്ണുകളുള്ള കുഞ്ഞുശവത്തിനരികില്‍ രാത്രിയും പകലും ലളിതയും ഉറങ്ങാതിരുന്നു. പുറത്ത് പൊലീസും.

വീട്ടില്‍ അച്ഛന്‍ അവശേഷിപ്പിച്ചു പോയ കമ്മ്യൂണിസ്റ്റ് ബന്ധത്തിന്റെ തെളിവുകള്‍ കത്തിച്ചു കളയാന്‍ അവരോട് ഒരാള്‍ ഉപദേശിച്ചു. ലളിതയുടെ വീട്ടില്‍ ഒരുപാട് കമ്മ്യൂണിസ്റ്റ് പുസ്‍തകങ്ങളുണ്ടായിരുന്നു. തടിയന്‍ പുസ്തകങ്ങള്‍. എടുത്തപ്പോള്‍ രണ്ട് ചാക്ക് നിറയെയുണ്ടായിരുന്നു അച്ഛന്റെ കമ്മ്യൂണിസ്റ്റ് പുസ്‍തക ശേഖരമെന്ന് ലളിത ഓര്‍ത്തെടുത്തു പിന്നീട്.ഒടുവില്‍ വീടിനു പിറകിലെ പുളിമരച്ചോട്ടില്‍ ആ കുഞ്ഞുശവത്തെ കുഴിച്ചിട്ടു. കുഴിയിലെ  ആ ചോരക്കുഞ്ഞിനുമേല്‍ കമ്മ്യൂണിസ്റ്റ് പുസ്‍തകങ്ങള്‍ നിരത്തി. മാര്‍ക്‌സും എംഗല്‍സും ലെനിനും  കുഞ്ഞു രക്തസാക്ഷിയുടെ മേല്‍ നിരന്നു കിടന്നു. പിന്നെ ആ പുസ്തകങ്ങള്‍ കത്തിച്ചു. വടക്കാഞ്ചേരിയിലെ സഖാക്കളെ, അന്ന് ആ തീയില്‍ നിന്ന് കൊളുത്തി കത്തിച്ചു വെച്ചതാണ് ലളിതയുടെ ഉള്ളിലെ കെടാത്ത ആ കമ്മ്യൂണിസ്റ്റ് വിളക്ക്.

അതിനു ശേഷം ഒരു ദശാബ്ദം കഴിഞ്ഞാണ് ലളിത നിങ്ങള്‍ക്കറിയാവുന്ന നടിയായത്. ''1964 ല്‍ പൊരുതുന്ന വിപ്ലവ കലാ പ്രസ്ഥാനമായ കെപിഎസിയില്‍ ഞാന്‍ ചേര്‍ന്നു'' വെന്ന് ലളിത രേഖപ്പെടുത്തി. ഇപ്പോള്‍ ആരോപിക്കപ്പെടുന്ന കലാപ്രവര്‍ത്തകയെന്ന നിലം തൊടാത്ത സ്വപ്‍നലോകത്തെ ജീവിതത്തിനായിരുന്നില്ല ; രാഷ്ട്രീയ പ്രവര്‍ത്തനത്തിനായിരുന്നു ലളിതയുടെ ആ ഉദ്യമം. '' കേരളമാകെ നിറഞ്ഞു നില്‍ക്കുന്ന മഹാപ്രസ്ഥാനം, അച്ഛന്റെ രാഷ്ട്രീയത്തോട് കടുത്ത ബന്ധമുള്ള കലാപ്രസ്ഥാനം, ഇതൊക്കെക്കൊണ്ടായിരുന്നു അതെന്ന്'' ലളിത എഴുതി. അത് ലളിതയുടെ പതിനേഴാം വയസായിരുന്നു.

അതിനു മുമ്പ് തന്നെ ലളിത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകയായി മാറിയിരുന്നു. കെപിഎസിയ്ക്ക് മുമ്പ് ചങ്ങനാശ്ശേരി ഗീഥയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ നാടകമില്ലാത്ത ദിവസങ്ങളില്‍ ലളിത രാഷ്‍ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായി. രാഷ്ട്രീയം കൂടുതല്‍ ഗൗരവത്തോടെ ചര്‍ച്ച ചെയ്യാനും പ്രസംഗിക്കാനും തുടങ്ങി. കെപിഎസിയിലെത്തിയതോടെ കേരളത്തിലെ ഉന്നതരായ കമ്മ്യൂണിസ്റ്റ് നേതാക്കളുമായി ഇടപഴകാന്‍ തുടങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ കെപിഎസിക്ക് നാടകമുണ്ടായിരുന്നില്ല. ആ ദിവസങ്ങളില്‍ ചുവന്ന ബ്ലൗസും വെള്ള സാരിയും ധരിച്ച് സമ്മേളന സ്ഥലങ്ങളില്‍ ലളിത വളണ്ടിയറായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രചാരണാര്‍ത്ഥം പ്രോഗ്രാമുകളില്‍ പങ്കെടുത്തു. ഡാന്‍സുകള്‍, പാട്ടുകള്‍, നാടകങ്ങള്‍, തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍. പാട്ടു പാടിയുള്ള ബക്കറ്റ് പിരിവുകള്‍. ഒരു മുഴുവന്‍ സമയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകയായി ലളിത മാറി. ആ യാത്രയുടെ ഒടുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മഹിളാ സംഘത്തിന്റെ സംസ്ഥാന ജോയിന്റ് സെക്രട്ടറി വരെയായി ലളിത. ലളിത ലളിതയെ നടിയായി സ്വയം തിരിച്ചറിഞ്ഞതേയില്ല. കമ്മ്യൂണിസ്റ്റായിരുന്നു അവര്‍. കമ്മ്യൂണിസ്റ്റാകാനുള്ള അവരുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരുന്നു കലാപ്രവര്‍ത്തനം.


 
ലളിത ഉറങ്ങാത്ത ഒരു രാത്രി കൂടി പറഞ്ഞു കൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. അത് 1964 ലായിരുന്നു. കെപിഎസിയുടെ ഉത്തരേന്ത്യന്‍ പര്യടനം. അശ്വമേധവും ശരശയ്യയുമാണ് നാടകങ്ങള്‍. ആ പര്യടനത്തിനിടയില്‍ ബല്‍ഗാമില്‍ വെച്ച് നാടക സംഘം ആ വാര്‍ത്തയറിഞ്ഞു: പാര്‍ട്ടി രണ്ടായി പിളര്‍ന്നു !


ഇരുപത്തിനാല് പേര്‍ സഞ്ചരിക്കുന്ന വണ്ടിയായിരുന്നു അത്. ആ വാര്‍ത്തയറിഞ്ഞതോടെ ആ ഇരുപത്തിനാലു പേരും രണ്ടായി പിളര്‍ന്നു. ശരിക്കും രണ്ടല്ല; മൂന്നായിട്ടായിരുന്നു കെപിഎസിയിലെ ആ പിളര്‍പ്പ്. ആ നിമിഷം ഇരു ചേരിയിലും നില്‍ക്കാനാവാതെ പകച്ചുനിന്നു,  മൂന്നാം ചേരിയിലെ കെപിഎസി ലളിത. ആ രാത്രിയിലെ സമാനതകളില്ലാത്ത  ഇരുട്ടില്‍ കെപിഎസി. ലളിതയുടെ ഹൃദയത്തില്‍ ഒരു ചിത കത്തി. ആ ചിതയില്‍ ഒരു ചോരക്കുഞ്ഞ് ശരീരം പൊള്ളി വാവിട്ട് നിലവിളിച്ചു.
    
വടക്കാഞ്ചേരിയിലെ സഖാക്കളെ, നിങ്ങള്‍ പറഞ്ഞതു പോലെ താരം തന്നെയാണ് കെപിഎസി ലളിത. നക്ഷത്രം. അരിവാള്‍ ചുറ്റിക നക്ഷത്രത്തിലെ നക്ഷത്രം കെപിഎസി ലളിതയാണ്.

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!