Top

സിക വൈറസ് നമ്മുടെ നാട്ടിലും വരുമോ?

Asianet News 1 year ago Health
സിക വൈറസ് നമ്മുടെ നാട്ടിലും വരുമോ?

ആരോഗ്യമേഖലയെ ഭീതിയിലാഴ്‌ത്തിക്കൊണ്ടാണ് സിക വൈറസുകള്‍ രംഗപ്രവേശം ചെയ്‌തത്. മുമ്പ് ചില ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് ഈ രോഗം കണ്ടെത്തിയിരുന്നതെങ്കില്‍ 2015ല്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സിക വൈറസുകള്‍ എത്തി. അപകടകരമായ രീതിയില്‍ സിക വൈറസുകള്‍ വളരുന്നതായി ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്‍കുന്നു.

കേരളം ഭയക്കണോ?

കേരളം സിക വൈറസ് പനിയെ തീര്‍ച്ചയായും ഭയക്കേണ്ടതുണ്ട്. കാരണം ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ പരത്തുന്ന ഏഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ വഴിയാണ് ഫ്ലാവി വൈറസ് വിഭാഗത്തില്‍പ്പെട്ട സിക വ്യാപിക്കുന്നത്. ഗര്‍ഭിണികളിലാണ് ഇത് കൂടുതല്‍ മാരകമാകുന്നത്. കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ചയെ ബാധിക്കുകയും ജന്മനാ ബുദ്ധിമാന്ദ്യം, വൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടുതല്‍ മാരകമായാല്‍ മരണം വരെ സംഭവിക്കാവുന്ന അവസ്ഥയുമുണ്ട്. ഗര്‍ഭകാലത്ത് അമ്മമാരെ ഈ കൊതുകുകള്‍ കടിക്കുമ്പോള്‍ വൈറസ് ഗര്‍ഭസ്ഥശിശുവിലേക്ക് പ്രവേശിക്കുകയും, വലുപ്പം കുറഞ്ഞ  ശിരസവുമായി കുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍


വൈറല്‍ പനിക്ക് സമാനമായ ലക്ഷണങ്ങള്‍ തന്നെയാണ് ഇതിന് പ്രകടമാകുന്നത്. ശരീരവേദന, ശക്തമായ തലവേദന തുടങ്ങിയവ ഉണ്ടാകും. ഗര്‍ഭിണികള്‍, പ്രായമായവര്‍ തുടങ്ങി രോഗപ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത് പെട്ടെന്ന് വ്യാപിക്കുന്നത്. ആന്റി വൈറല്‍ മരുന്നുകള്‍ ലഭ്യമല്ലാത്തതിനാല്‍, പനിക്കുള്ള മരുന്നുകളാണ് ഇതിന് നല്‍കുന്നത്. ഇതിനൊപ്പം പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പോഷകങ്ങള്‍ കൂടുതലുള്ള ആഹാരങ്ങളും കഴിക്കണം.

പ്രതിരോധം

കൊതുകുനിയന്ത്രണം തന്നെയാണ് ഇതിന്റെ പ്രതിരോധ മാര്‍ഗം. കേരളം ഈഡിസ് കൊതുകുകള്‍ ധാരാളമുള്ള പ്രദേശമാണ്. കൊതുകുകള്‍ ശുദ്ധജലത്തിലാണ് വളരുന്നത്. അതിനാല്‍ റബര്‍ എസ്റ്റേറ്റിലെ ചിരട്ടകള്‍, ടെറസ്, ചെടിച്ചെട്ടി, ഫ്രിഡ്ജ് എന്നിവിടങ്ങളില്‍ കെട്ടിക്കിടക്കുന്ന വെള്ളം പതിവായി നീക്കം ചെയ്യണം. ക്യൂലക്‌സ് കൊതുകുകള്‍, ഓവുചാലുകളിലും മറ്റ് അഴുക്കുവെള്ളത്തിലും വളരുമെങ്കിലും, ഈഡിസ് കൊതുകുകള്‍, വീടിനുചുറ്റുമുള്ള ശുദ്ധജലം കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിലാണ് മുട്ടയിട്ട് വളരുന്നത്. അതുകൊണ്ടുതന്നെ ആഴ്‌ചയില്‍ ഒരിക്കല്‍, ഡ്രൈ ഡേ ആയി ആചരിക്കാന്‍ എല്ലാ വീട്ടുകാരും ശ്രദ്ധിക്കണം.

കേരളം സൂക്ഷിക്കണം

പനി കണ്ടുകഴിഞ്ഞാല്‍, സ്വയം ചികില്‍സയ്‌ക്ക് മുതിരാതെ വിദഗ്ദ്ധ വൈദ്യസഹായം തേടേണ്ടതാണ്. നമ്മുടെ നാട്ടില്‍ സിക വൈറസ് പടരാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ടെന്ന കാര്യം മറക്കരുത്. അതുകൊണ്ടു സര്‍ക്കാരും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഓരോ വ്യക്തികളും വരുന്ന മഴക്കാലത്തിന് മുമ്പുതന്നെ കൊതുകുനിവാരണത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതാണ്.

Related News

Recent News

VIDEOS

Follow us on Google Plus

Follow us on Facebook and twitter

Subscribe our youtube channel

Get Latest News in your e-mail Inbox!