img

Navigation

Business

റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറച്ചു; വായ്പാ പലിശ കുറയും

Asianet News 2 years ago
റിസര്‍വ് ബാങ്ക് റീപോ നിരക്ക് കുറച്ചു; വായ്പാ പലിശ കുറയും

ദില്ലി: വായ്പാ പലിശ നിരക്ക് ഇനിയും കുറയാനുള്ള സാധ്യത തുറന്നു റിസര്‍വ് ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പാ നയം പ്രഖ്യാപിച്ചു. റീപോ നിരക്ക് കാല്‍ ശതമാനം കുറച്ചു. 6.50 ശതമാനമായിരിക്കും പുതിയ റീപോ നിരക്ക്. പുതിയ പ്രഖ്യാപനത്തോടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് റീപോ നിരക്ക് എത്തി. റിവേഴ്സ് റീപോ നിരക്കിലും കുറവു വരുത്തിയിട്ടുണ്ട്. ആറു ശതമാനമായിരിക്കും ഇനി റിവേഴ്സ് റീപോ നിരക്ക്.

കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും പ്രതിദിന മിനിമം കരുതല്‍ ധനാനുപാതം(സിആര്‍ആര്‍) 95 ശതമാനത്തില്‍നിന്നു 90 ശതമാനമാക്കി കുറച്ചിട്ടുണ്ട്. ബാങ്കിങ് സംവിധാനത്തില്‍ പണത്തിന്റെ ലഭ്യത കൂട്ടുകയെന്ന ലക്ഷ്യത്തിലാണിത്. ഇതേ ലക്ഷ്യത്തില്‍ത്തന്നെയാണ് റിവേഴ്സ് റീപോ നിരക്കിലും കുറവു വരുത്തിയിരിക്കുന്നത്.

ഇഎംഐ കുറയും; വരുന്നതു പലിശ കുറവിന്റെ നാളുകള്‍

റീപോ നിരക്ക് കുറച്ചതോടെ ലോണെടുത്തിട്ടുള്ളവര്‍ ഇപ്പോള്‍ അടയ്ക്കുന്ന ഇഎംഐ കുറയാനും വഴിതെളിയുന്നു. രാജ്യത്തെ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയാണു റീപോ. ബാങ്കുകള്‍ക്കു ലഭിക്കുന്ന വായ്പയ്ക്കു പലിശ കുറയുന്നതോടെ ബാങ്കുകള്‍ തങ്ങളുടെ ഇടപാടുകാര്‍ക്കു നല്‍കുന്ന വായ്പയുടെ പലിശയും കുറയും.

വായ്പാ പലിശ നിര്‍ണയത്തിനു റിസര്‍വ് ബാങ്ക് ആവിഷ്കരിച്ചിട്ടുള്ള പുതിയ രീതിയായ മാര്‍ജിനല്‍ കോസ്റ്റ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ്സ്(എംസിഎല്‍ആര്‍) കൂടി എല്ലാ ബാങ്കുകളും നടപ്പാക്കുന്നതോടെ ഭവന, വാഹന വായ്പകളടക്കമള്ളവയുടെ പ്രതിമാസ തിരിച്ചടവില്‍ വലിയ കുറവുണ്ടാകും. നിലവില്‍ എസ്ബിഐ മാത്രമാണ് ഈ രീതി നടപ്പാക്കിയിട്ടുള്ളത്.

രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ന്നു നില്‍ക്കുന്നതും നാണ്യപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതുമാണു റീപോ നിരക്ക് കുറവു വരുത്താന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. റീപോ നിരക്കില്‍ വലിയ കുറവ് റിസര്‍വ് ബാങ്ക് വരുത്തിയിട്ടും അതിന്റെ ആനൂകൂല്യം പൂര്‍ണതോതില്‍ ജനങ്ങള്‍ക്കു നല്‍കാന്‍ ബാങ്കുകള്‍ തയാറായിരുന്നില്ല. ഇതോടെയാണു പലിശ പുനര്‍ നിര്‍ണയത്തിന് ആര്‍ബിഐ പുതിയ രീതി ഏര്‍പ്പെടുത്തിയതും. വീണ്ടും റീപോ കുറച്ചതോടെ പലിശ കുറയ്ക്കാന്‍ ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് വീണ്ടും സമ്മര്‍ദം ചെലുത്തുകയാണെന്നു പറയാം.

ചുരുക്കത്തില്‍, കുറഞ്ഞ പലിശയ്ക്കു വായ്പ ലഭിക്കുന്ന നാളുകളിലേക്കു രാജ്യം നീങ്ങുകയാണെന്നതിന്റെ സൂചനകളാണ് റിസര്‍വ് ബാങ്കിന്റെ ഇന്നത്തെ വായ്പാ നയത്തിലൂടെ വ്യക്തമാകുന്നത്. കുറഞ്ഞ നിരക്കില്‍ വായ്പാ ലഭ്യതയുണ്ടെന്ന സാഹചര്യമൊരുങ്ങുന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും ഉണര്‍വുണ്ടാകും.

ഓഹരി വിപണിയില്‍ ഇടിവ്

റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാ നയം പുറത്തുവന്നതിനു ശേഷം ഓഹരി വിപണികളില്‍ ഇടിവാണു കാണിക്കുന്നത്. സെന്‍സെക്സ് 148 പോയിന്റ് ഇടിഞ്ഞു. നിഫ്ടി 54.06 പോയിന്റും ഇടിഞ്ഞു. ബാങ്കിങ് ഓഹരികളിലാണ് നഷ്ടം കാണിക്കുന്നത്.