img

Navigation

Crime

തടികുറയ്ക്കാനുള്ള മരുന്ന് കഴിച്ച യുവാവ് മരിച്ചു; പോലീസ് കേസ് എടുത്തു

Asianet News 1 year ago

കട്ടപ്പന: കട്ടപ്പനയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കളക്ഷന്‍ ഏജന്‍റ് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസ്സെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ശരീര ഭാരം കുറയാനുള്ള മരുന്നു കഴിച്ചതിനെ തുടര്‍ന്നാണ് മരിച്ചതെന്ന പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. കട്ടപ്പന വലിയകണ്ടം സ്വദേശി മനു എസ് നായരാണ് മരിച്ചത്.

രക്തത്തില്‍ പഞ്ചസാരയുടെ അളവു വല്ലാതെ കൂടിയതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത ഉണ്ടായ മനുവിനെ ചൊവ്വാഴ്ച രാത്രി കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചിരുന്നു. ഇന്‍സുലിന്‍ എടുക്കണമെന്ന് നിര്‍ദേശിച്ചെങ്കിലും ആയുര്‍വേദ മരുന്ന് കഴിക്കുന്നതിനാല്‍ കിടത്തിചികിത്സ തേടാതെ സ്വമനസാലെ വീട്ടില്‍ പോകുകയാണെന്ന് ബന്ധുക്കള്‍ അറിയിച്ചതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

തുടര്‍ന്നു വീട്ടിലേയ്ക്കു മടങ്ങിയ മനുവിനെ ഇന്നലെ രാവിലെ എട്ടോടെ വീണ്ടും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ശരീരഭാരം കുറയാനുള്ള മരുന്നുകഴിച്ചതോടെ മനുവിന്റെ ഭാരം 90 കിലോഗ്രാമില്‍ നിന്നും 52 ആയി കുറഞ്ഞിരുന്നു. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ ക്ലാസില്‍ പങ്കെടുത്തശേഷമാണ് മനു മരുന്ന് ഉപയോഗിച്ചു തുടങ്ങിയത്. ഇതിനു ശേഷം കഴിഞ്ഞ രണ്ടു മാസമായി പ്രമേഹത്തിനുള്ള മരുന്നു കഴിക്കുന്നുണ്ടായിരുന്നുവെന്ന് അമ്മ പറഞ്ഞു.

രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കട്ടപ്പനയിലെ കലാക്ഷേത്ര, കൊച്ചിന്‍ കലാവിസ്മയ എന്നീ ട്രൂപ്പുകളടക്കമുള്ളവയില്‍ മിമിക്രി കലാകാരനുമായിരുന്നു മനു.

മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കരിച്ചു. പോസ്റ്റുമോട്ടം റിപ്പോര്‍ട്ടു ലഭിച്ചാലേ യഥാര്‍ത്ഥ മരണകാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് കട്ടപ്പന പൊലീസ് പറഞ്ഞു. ഇതിനുശേഷം സംഭവം സംബന്ധിച്ച് വിശമായ അന്വേഷണം നടത്തും.