img

Navigation

Life

ഈ വേനല്‍ക്കാലത്ത് വിവാഹിതരാകുന്നവര്‍ അറിയാന്‍ 7 കാര്യങ്ങള്‍

Asianet News 2 years ago
ഈ വേനല്‍ക്കാലത്ത് വിവാഹിതരാകുന്നവര്‍ അറിയാന്‍ 7 കാര്യങ്ങള്‍

വേനല്‍ച്ചൂട് കനത്തുവരികയാണ്. അസഹനീയമായ ചൂട് അനുഭവപ്പെടുമ്പോഴും ഈ വേനല്‍ക്കാലം ഒരു വിവാഹ സീസണ്‍ കൂടിയാണ്. ചുട്ടുപൊള്ളുന്ന വേനലില്‍ വിവാഹിതരാകാന്‍ തയ്യാറെടുക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകൂ. സഹായകരമായ ചില കാര്യങ്ങള്‍ ചുവടെ കൊടുക്കുന്നു...

1, വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ അതിഥികളാണ്. അവരുടെ സൗകര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. കനത്ത ചൂടില്‍ വലയാതിരിക്കാന്‍, ആവശ്യത്തിന് കുടിവെള്ളം ലഭ്യമാക്കണം. വിവാഹം ഹാളിനകത്ത് ആണെങ്കില്‍, എയര്‍ കണ്ടീഷന്‍, ഫാന്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ മറക്കരുത്.

2, വരനും വധുവും ഇടയ്‌ക്കിടെ വെള്ളം കുടിക്കണം. ചടങ്ങുകളുടെ ഭാഗമായി കൂടുതല്‍ സമയം ഹാളില്‍ ചെലവഴിക്കേണ്ടി വരുന്നത് വരനും വധുവും ആയിരിക്കും.

3, ചടങ്ങുകളുടെ ഭാഗമായി കൂടുതല്‍ സമയം നില്‍ക്കുകയും ഇരിക്കുകയും ചെയ്യേണ്ടി വരുന്നതിനാല്‍ വരനും വധുവും പെട്ടെന്ന് ക്ഷീണിക്കും. അതുകൊണ്ടുതന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. ചൂടു സമയത്ത് വയര്‍ നിറച്ച് ഭക്ഷണം കഴിച്ചാല്‍ ക്ഷീണം വര്‍ദ്ധിക്കുകയേ ഉള്ളു.

4, വിവാഹവേളയില്‍ വരനും വധുവും കൂടുതല്‍ മേക്കപ്പ് ഉപയോഗിക്കുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍ വേനല്‍ക്കാലത്തെ വിവാഹത്തിന് മേക്കപ്പ് സാമഗ്രികള്‍ കുറയ്‌ക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും, ദ്രവരൂപത്തിലുള്ള മേക്കപ്പ് പൂര്‍ണമായും ഒഴിവാക്കുക.

5, വിവാഹ സല്‍ക്കാരവേളയില്‍ ഇറുകിയ വസ്‌ത്രങ്ങള്‍ ഒഴിവാക്കുക. പകരം അഴഞ്ഞ വസ്‌ത്രങ്ങളാണ് നല്ലത്. വസ്‌ത്രധാരണം ശ്രദ്ദിച്ചില്ലെങ്കില്‍, ചൂടുകാരണം, പെട്ടെന്ന് വിയര്‍ക്കുകയും, ക്ഷീണം അനുഭവപ്പെടുകയും ചെയ്യും.

6, ഭക്ഷണത്തിനൊപ്പം, തണുത്തതെന്തെങ്കിലും കരുതാന്‍ മറക്കരുത്. ജ്യൂസ്, ഐസ്‌ക്രീം, മറ്റ് ശീതളപാനീയങ്ങള്‍ എന്നിവയാണ് നല്ലത്. വേനലില്‍ ചൂടുകാരണം വലയുന്ന അതിഥികളുടെ മനസ് കുളിര്‍പ്പിക്കാന്‍ ജ്യൂസിനും ഐസ്‌ക്രീമിനും സാധിക്കും.

7, അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി, ബീച്ചിലോ, നദീതീരത്തോ, നീന്തല്‍ക്കുളത്തിന്റെ വശത്തോ ആയി വിവാഹസല്‍ക്കാരം ഒരുക്കുക. കടുത്ത ചൂടില്‍, അതിഥികള്‍ക്ക് കുളിര്‍മയേകുന്ന ഒന്നായി വിവാഹസല്‍ക്കാരം മാറും. ഇത് അതിഥികള്‍ക്ക് മറക്കാനാകാത്ത അനുഭവമായിരിക്കും.