img

Navigation

News

ബാര്‍ കോഴ: എസ് പി സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോ എന്ന് ഹൈക്കോടതി

Asianet News 1 year ago
ബാര്‍ കോഴ: എസ് പി സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടോ എന്ന് ഹൈക്കോടതി

കൊച്ചി: ബാര്‍ കോഴക്കേസില്‍ മന്ത്രി കെ എം മാണിയ്‌ക്കെതിരെ വിജിലന്‍സ് എസ് പി സുകേശന്‍ ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെങ്കില്‍ എങ്ങിനെ സര്‍വീസില്‍ തുടരുന്നുവെന്ന് ഹൈക്കോടതി. സുകേശനെതിരെ തെളിവുണ്ടെങ്കില്‍ ഇത് സംബന്ധിച്ച് നാളെ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് പി ഡി രാജന്‍ ഉത്തരവിട്ടു. ഇതിനിടെ, മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള ഭൂമിദാനക്കേസിലെ ദ്രുതപരിശോധന രണ്ടാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ മറ്റൊരു ബെഞ്ച് ഉത്തരവിട്ടു.

ബാര്‍ കോഴക്കേസില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയിലെ നടപടികള്‍ നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് മന്ത്രി കെ എം മാണി നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശന്‍, ബാറുടമ ബിജു രമേശുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അന്വേഷണം കഴിയുന്നത് വരെ സ്റ്റേ ചെയ്യുമെന്ന് മാണിയുടെ അഭിഭാഷകന്‍ വാദിച്ചു.തുടര്‍ന്നായിരുന്നു ജസ്റ്റിസ് പി ‍ഡി രാജന്റെ പരാമര്‍ശങ്ങള്‍. ഗൂഢാലോചന നടത്തിയതിന് സുകേശനെതിരെ എന്ത് തെളിവാണുള്ളതെന്ന് കോടതി ചോദിച്ചു.

തെളിവുണ്ടെങ്കില്‍ അത് ഗുരുതരമായ കുറ്റമാണ്. ഈ എസ്‌പിക്കെതിരെ എന്ത് നടപടിയെടുത്തെന്ന് കോടതി ചോദിച്ചു. ഗുഢാലോചനക്ക് തെളിവുണ്ടെങ്കില്‍ എസ് പി സര്‍വീസില്‍ തുടരാന്‍ അര്‍ഹനല്ല.മാത്രമല്ല പൊലീസില്‍ നിന്ന് പുറത്ത് നിര്‍ത്തിവേണം അന്വേഷണം നടത്തേണ്ടത്. ഇക്കാര്യത്തല്‍ തെളിവുകള്‍ എന്തെന്ന് വിശദമാക്കി നാളെ സത്യവാങ്മൂലം നല്‍കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

സുകേശനെതിരെയുള്ള അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു.കോഴക്കേസില്‍ സുകേശന്‍ നല്‍കിയ അന്തിമ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ ഉള്‍പ്പെടെ 9 പേര്‍ നല്‍കിയ ഹര്‍ജിയില്‍ ഈ മാസം 16ന് വിജിലന്‍സ് കോടതി വിശദമായ വാദം കേള്‍ക്കാനിരിക്കെയാണ് കെ എം മാണിയുടെ ഹര്‍ജി.

ഇതിനിടെ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള ഭൂമിദാനക്കേസിലെ ദ്രുതപരിശോധന രണ്ടാഴ്ചയ്‌ക്കകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് പി ഉബൈദ് ഉത്തരവിട്ടു.റിപ്പോര്‍ട്ട് പരിഗണിച്ച് വിജിലന്‍സ് കോടതിക്ക് മേല്‍ നടപടിയെടുക്കാം. സന്തോഷ് മാധവന്‍ ഇടനിലക്കാരനായ ഭൂമിദാനക്കേസില്‍ ദ്രുതപരിശോധനക്ക് ഉത്തരവിട്ട മൂവാറ്റുപുഴ വിജിലന്‍സ് കോടതി വിധിക്കെതിരെ അടൂര്‍ പ്രകാശ് നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. വിജിലന്‍സിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടില്‍ അടൂര്‍ പ്രകാശിന്റെ ഭാഗത്ത് വീഴ്ചയൊന്നും കാണുന്നില്ലെന്നും കോടതി പറഞ്ഞു.