img

Navigation

News

വിശ്വവിഖ്യാതമായ തെറി പുസ്തക രൂപത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

Asianet News 2 years ago
വിശ്വവിഖ്യാതമായ തെറി പുസ്തക രൂപത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്നു

കോട്ടയം: സമൂഹമാധ്യമങ്ങളിലടക്കം വിവാദത്തിനും ചര്‍ച്ചയ്ക്കും തിരികൊളുത്തിയ കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളജിലെ മാഗസിന്‍ വിശ്വവിഖ്യാതമായ തെറി പുസ്തക രൂപത്തില്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്. കോളജിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ഏറെ വ്യത്യസ്തതകളുള്ള ഈ മാഗസിന്‍ കേരളത്തില്‍ പ്രചരം നേടിയ ചില പദപ്രയോഗങ്ങളുടെ കീഴാളവിരുദ്ധതയാണാണ് വെളിപ്പെടുത്തുന്നത്.

മലയാളത്തിലെ തെറികളുടെ രാഷ്ട്രീയമാണ് 160 പേജുള്ള മാഗസിന്റെ കവര്‍ സ്‌റ്റോറി. വരേണ്യതയുടെ ആട്ടും തുപ്പുമേല്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്കെതിരായ വിളിപ്പേരായാണ് എല്ലാ തെറികളുടെയും ഉത്ഭവം. പുലയനും പുലയന്റെ മകനും തെറിയായത് സവര്‍ണന്റെ രാഷ്ട്രീയം കൊണ്ടാണെന്ന് മാഗസിന്‍ സ്ഥാപിക്കുന്നു. മണ്ണിന്റെ മക്കള്‍ ചേറുകൊണ്ടു പുരയുണ്ടാക്കിയപ്പോള്‍ ആരൊക്കെയോ അതിനെ ചെറ്റക്കുടിലുകള്‍ എന്നു വിളിച്ചു. ഇന്നു ചെറ്റയെന്നതു മലയാളിയുടെ ഏറ്റവും ലളിതമായ തെറിയാണെന്നു മാഗസിന്‍ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

മനുഷ്യവിസര്‍ജ്യത്തേക്കാളേറെ മലീമസമായ, അകറ്റിനിര്‍ത്തേണ്ട ഒന്നു സമൂഹത്തിലുണ്ടെങ്കില്‍ അതു തീര്‍ച്ചയായും ഇന്ത്യയിലെ അപരിഷ്‌കൃത ജാതിവ്യവസ്ഥയാണെന്നും മാഗസിന്‍ ഓര്‍മിപ്പിക്കുന്നു. സവര്‍ണന്റെ പെണ്ണിനെ മോഹിച്ച കീഴാളനു നല്‍കിയ ശിക്ഷയാണു കഴുമരമെന്നും കഴുവേറി എന്ന തെറിയുണ്ടായത് അങ്ങനെയാണെന്നും മാഗസിന്‍ പ്രവര്‍ത്തകര്‍ സമര്‍ഥിക്കുന്നു. ഇങ്ങനെ കേരളത്തില്‍ തെറികളുണ്ടായതിന്റെ ചരിത്രം പറഞ്ഞ വിശ്വവിഖ്യാത തെറി ഡി സി ബുക്‌സ് പുസ്തക രൂപത്തിലാണ് പ്രസിദ്ധീകരിക്കുന്നത്.

പ്രാചീനകാലം മുതല്‍ പ്രചാരത്തിലിരുന്ന തെറിവാക്കുകള്‍ രൂപപ്പെട്ടതിന്റെ വൃത്താന്തം ഉള്‍പ്പെടുത്തി വിശ്വവിഖ്യാത തെറി കോളജ് മാഗസിന്‍ എഡിറ്റര്‍ ശ്രീഷമിം തന്നെയാണ് തയ്യാറാക്കുന്നത്. തെറിയിലെ രാഷ്ട്രീയവും മേലാളസ്വഭാവവും പുരുഷമേധാവിത്വവും കീഴാളവിരുദ്ധതയുമെല്ലാം തുറന്നുകാട്ടുന്ന പുസ്തകമാകും വിശ്വവിഖ്യാത തെറി.