img

Navigation

News

ബാര്‍കോഴക്കേസില്‍ കെഎം മാണിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

Asianet News 1 year ago
ബാര്‍കോഴക്കേസില്‍ കെഎം മാണിക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

ബാര്‍കോഴക്കേസില്‍ തനിക്കെതിരായ വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച കെഎം മാണിക്ക് തിരിച്ചെടി. തിരുവനന്തപുരം വിജിലന്‍സ് കോടതി നടപടികള്‍ സ്റ്റേ ചെയ്യാനാവില്ലെന്നും ഒരു കാരണവശാലും വിജിലന്‍സ് കോടതിയുടെ നടപടികളില്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. അതിനുതക്ക സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്നും കോടതി നിരീക്ഷിച്ചു. മെയ് 16ന് നടക്കുന്ന കോടതി നടപടികള്‍ തുടരട്ടെയെന്നും അതിന് ശേഷം പരാതിയുണ്ടെങ്കില്‍ 19ന് പുതിയ ഹരജി നല്‍കാമെന്നുമായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്.

കേസ് അന്വേഷിച്ച വിജിലന്‍സ് എസ്‍പി ആര്‍ സുകേശനെതിരെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ തനിക്കെതിരായ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യവുമായാണ് മാണി കോടതിയെ സമീപിച്ചത്. സുകേശന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതിന് തെളിവായി കോടതിയില്‍ ക്രൈം ബ്രാഞ്ച് ഹാജരാക്കിയ സിഡിയുടെ കാര്യത്തില്‍ കോടതി സംശയം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് കോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിക്കുകയെന്ന മാണിയുടെ ലക്ഷ്യത്തിന് ഇതോടം വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. സുകേശനെതിരായി ഹാജരാക്കിയ സിഡി ഫോറന്‍സിക് പരിശോധന നടത്തിയതാണോയെന്ന് പരിശോധിക്കണമെന്നും കോടതി പറഞ്ഞു. സിഡി മാത്രം കൊണ്ടുവന്നിട്ട് ഞാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ച കോടതി ക്രൈം ബ്രാഞ്ചിനെയും വിമര്‍ശിച്ചു. ഐടി ആക്ട് പ്രകാരമുള്ള പ്രാഥമിക നടപടി എന്താണെന്ന് എസ്‍പി ഉണ്ണിരാജന് അറിയില്ലേയെന്നും കോടതി ചോദിച്ചു.

സുകേശനെതിരെ ക്രൈം ബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിലും കോടതി അവിശ്വാസം പ്രകടിപ്പിച്ചു. ഐടി ആക്ട് പ്രകാരം കേസ് അന്വേഷിക്കുമ്പോള്‍ പാലിക്കേണ്ട പ്രാഥമിക നടപടികള്‍ അന്വേഷണ ഉദ്ദ്യോഗസ്ഥന്‍ പാലിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സുകേശനെതിരെ എന്ത് തെളിവാണുള്ളതെന്ന് പലവട്ടം സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു. എന്നാല്‍ ഇതിന് അഭിഭാഷകന് മറുപടിയുണ്ടായിരുന്നില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചുനോക്കിയെങ്കിലും കോടതി അതും അംഗീകരിച്ചില്ല. പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പിന്നെ എന്തിനാണ് അന്വേഷിക്കുന്നതെന്ന് ചോദിച്ച ജഡ്ജി സുകേശനെതിരായ അന്വേഷണം പുകമറ സൃഷ്ടിക്കാന്‍ വേണ്ടിയാണെന്നും സംശയം പ്രകടിപ്പിച്ചു. തെളിവുണ്ടായിരുന്നെങ്കില്‍ ഇതിനോടകം നിങ്ങള്‍ കേസെടുക്കുമായിരുന്നെന്നും ഗൂഢാലോചനയില്‍ പങ്കാളിയായ ബിജു രമേശിനെതിരെ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നും കോടി ചോദിച്ചു.

വിധി പ്രഖ്യാപിച്ച ശേഷവും ഒരു ഇടക്കാല സ്റ്റേ നല്‍കണമെന്ന് പലവട്ടം കെഎം മാണിയുടെ അഭിഭാഷകന്‍ വാദിച്ചുനോക്കിയെങ്കിലും കോടതി അംഗീകരിച്ചില്ല. ഇത്തരത്തിലുള്ള വാദങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.