img

Navigation

Sports

കേരളത്തിലെ ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

Asianet News 2 years ago
കേരളത്തിലെ ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്

കൊച്ചി: കേരളത്തില്‍ നടന്ന ദേശീയ ഗെയിംസില്‍ കോടികളുടെ ക്രമക്കേട് നടന്നതായി കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണം മുതല്‍ എസികള്‍ വാങ്ങിയതില്‍ വരെ വ്യാപക ക്രമക്കേട് നടന്നതായി സിഎജി റിപ്പോര്‍ട്ടില് പറയുന്നു. സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേല്‍ണം നടത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ദേശീയ ഗെയിംസിന്റെ ഭാഗമായുളള കരാറുകളും ടെന്‍ഡര്‍ നടപടികളും പരിശോധിച്ച ശേഷമാണ് സിഎജി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തെരഞ്ഞെടുക്കുന്നവര്‍ക്ക് ഇവിടെ പരിശീലനം നല്‍കാന്‍ സ്വാകാര്യ ഭൂമിയില്‍ ടെന്നിസ് കോര്‍ട്ട് നിര്‍മ്മിച്ചത് 1 കോടി 50 ലക്ഷത്തി 55543 രൂപ ചെലവാക്കിയാണ്. എന്നാല്‍ ഒരു കളിക്കാരന് പോലും ഇതിന്റെ ഗുണം കിട്ടിയില്ല. 10 കോടി 85 ലക്ഷത്തി 7102 രൂപ ചെലവിട്ട് നവീകരിച്ച കൊച്ചി രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം ഉപയോഗിച്ചത് വെറും ക്യാമ്പ് ഓഫീസ് ആയാണ്. 500 ഓളം വാഹനങ്ങള്‍ ഗെയിംസിനായി വാടകയ്ക്ക് എടുത്ത് ഓടിച്ചിരുന്നെങ്കിലും ഇവ എങ്ങോട്ട് ആര്‍ക്കൊക്കെ വേണ്ടി ഓടിയെന്നതിന് കൃത്യം കണക്കില്ല. 10.78 കോടി രൂപ മുടക്കി വണ്ടികളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിച്ചിരുന്നെങ്കിലും അത് ഉപയോഗിച്ചില്ല. വേദികളിലായി നാനൂറോളം എസികള്‍ വാടകയ്ക്കും 100ഓളം എസികള്‍ വിലയ്ക്കു വാങ്ങുകയും ചെയ്തു. ഗെയിംസ് കഴിഞ്ഞതോടെ വാങ്ങിയ എസികള്‍ ഒന്നു പോലും കാണാതായി. വെറും മുപ്പത് ദിവസത്തെ ഗെയിംസിന് വേണ്ടി എസികള്‍ വാടകയ്ക്ക് എടുക്കുന്നതിന് പകരം വാങ്ങിയത് അധികചെവലുണ്ടാക്കിയതായും സിഎജി കണ്ടെത്തി.

ഗെയിംസ് നടത്തിപ്പിനായുളള 611 കോടി രൂപയില്‍ കേന്ദ്രവിഹിതം 121 കോടി രൂപയാണ്. ഗെയിംസ് നടത്തിപ്പില്‍ ഒരു പൈസയുടെ അഴിമതി പോലും നടന്നിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും കായികവകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും അവകാശവാദങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുയാണ് സിഎജി റിപ്പോര്‍ട്ട്.