കെയ്റോ: ഈജിപ്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ ലേലത്തിന് വയ്ക്കാന്‍ തന്റെ ബൂട്ട് ദാനം ചെയ്ത ലയണല്‍ മെസ്സി സ്വപ്നത്തില്‍ പോലും ഇങ്ങനെ ഒകു അക്കിടി പറ്റുമെന്ന് കരുതിയില്ല. ഒരു സ്പാനീഷ് ടിവി ഷോയ്ക്കിടെയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്താന്‍ ലേലം ചെയ്യാനായി മെസ്സി തന്റെ ഒരു ജോഡി ബൂട്ട് അഴിച്ചു നല്‍കിയത്.
എന്നാല്‍ കാലില്‍ ഇടുന്ന ബൂട്ട് ദാനം ചെയ്ത് മെസ്സി ഈജിപ്ഷ്യന്‍ ജനതയെ അപമാനിച്ചിരിക്കുകയാണെന്ന് പറഞ്ഞ് ചില ഈജിപ്ഷ്യന്‍ രാഷ്ട്രീയക്കാരാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 'യെസ്, അയാം ഫെയ്മസ്' എന്ന ഷോയിലാണ് മെസ്സി ബൂട്ട് അവതാരികയ്ക്കു നല്‍കിയത്. അവരത് സ്വീകരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് അറിയിച്ചു.
എന്നാല്‍ ഒരു ഈജിപ്ഷ്യന്‍ ചാനല്‍ അവതാരകനും, ഈജിപ്ഷ്യന്‍ പാര്‍ലമെന്റ് അംഗവുമായ സയ്ദ് ഹുസൈന് തന്റെ ഷൂ ഊരി അത് മെസ്സിക്കു ദാനം ചെയ്യുമെന്നും പറഞ്ഞാണ് ഈ വാര്‍ത്തയോട് പ്രതികരിച്ചത്. പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സീസിയെ ആക്രമിക്കാനും പ്രതിപക്ഷം മെസിയുടെ ബൂട്ട് ഉപാധിയാക്കി. അല്‍സീസിയുടെ ജനതയ്ക്ക് മെസ്സിയുടെ ഷൂ എന്ന ഹാഷ്ടാഗില് ഒട്ടേറെ സന്ദേശങ്ങളാണ് ട്വിറ്ററില്‍ പ്രചരിച്ചത്.
എന്നാല്‍ ഈജിപ്ഷ്യന്‍ ദേശീയ ഫുട്ബോള്‍ താരം മിഡോ മെസ്സിയെ ന്യായീകരിച്ച് രംഗത്ത് എത്തി '' ഒരു എഴുത്തുകാരന് ഏറ്റവും വിലപ്പെട്ട ഉപകരണം അയാളുടെ പേനയാണ്. അതു പോലെ തന്നെയാണ് ഒരു ഫുട്ബോള്‍ കളിക്കാരന് സ്വന്തം ബൂട്ടും.. മെസ്സിയോട് നന്ദി എന്നാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.