ലാഹോര്‍ ഭീകരാക്രമണം; പിഴവിന് മാപ്പുചോദിച്ച് ഫേസ്ബുക്ക്

ലാഹോര്‍ ഭീകരാക്രമണം; പിഴവിന് മാപ്പുചോദിച്ച് ഫേസ്ബുക്ക്

ഈസ്റ്റര്‍ ദിനത്തില്‍ പാകിസ്ഥാനിലെ ലാഹോറില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ലോകത്തിന്റെ പല ഭാഗത്തുമുള്ള ഉപയോക്താക്കള്‍ക്ക് അബദ്ധത്തില്‍ സന്ദേശമയച്ചതിന് ഫേസ്ബുക്ക് ഇന്ന് ഔദ്ദ്യോഗികമായി ക്ഷമചോദിച്ചു. ഇന്ത്യയ്‌ക്ക് പുറമേ അമേരിക്കയടക്കം പാകിസ്ഥാനില്‍ നിന്ന് അനേകം കിലോമീറ്ററുകള്‍ അകലെയുള്ളവര്‍ക്ക് പോലും ഇന്നലെ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ സുരക്ഷിതരാണോയെന്ന് അന്വേഷിച്ച് ഫേസ്ബുക്കിന്റെ സെക്യൂരിറ്റി ചെക് സന്ദേശങ്ങളെത്തിയിരുന്നു.

ദുരന്തമുഖങ്ങളില്‍ ഒറ്റപ്പെട്ടുപോകുന്ന സുഹൃത്തുക്കളെ കണ്ടെത്താനും സഹായം തേടാനും വേണ്ടി ഫേസ്ബുക്ക് ആവിഷ്കരിച്ച സംവിധാനമാണ് സേഫ്റ്റി ചെക്ക്. ഈ സംവിധാനത്തിലുണ്ടായ പിഴവാണ് മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്കും സന്ദേശം അയക്കപ്പെടാന്‍ കാരണമെന്നാണ് ഫേസ്ബുക്ക് വിശദീകരിച്ചത്. സാധാരണഗതിയില്‍ ദുരന്തങ്ങളുണ്ടാവുന്ന പ്രദേശത്തുള്ളവര്‍ക്ക് മാത്രമാണ് ഇത്തരം സന്ദേശങ്ങള്‍ ലഭിക്കുക. എന്നാല്‍ കഴിഞ്ഞ ദിവസം നിങ്ങള്‍ സ്ഫോടനത്തിന് ഇരയായോ എന്ന മാത്രമുള്ള ഫേസ്ബുക്കിന്റെ ചോദ്യം കേട്ടാണ് സംഭവം എന്നാണെന്ന് പോലും അപ്പോഴും അറിഞ്ഞിട്ടില്ലാതിരുന്ന പലരും പരിഭ്രാന്തരായത്.

ലാഹോറിലെ ആക്രമണത്തെപ്പറ്റി മറ്റ് വിവരങ്ങളൊന്നും ഈ സന്ദേശത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ത്യയ്‌ക്ക് പിന്നാലെ അമേരിക്ക, ബ്രിട്ടന്‍, ഹവായ് എന്നിങ്ങനെ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്കും ഈ സന്ദേശം ലഭിച്ചു. പ്രശ്നം ഉടന്‍ തന്നെ പരിഹരിച്ചെന്നും തെറ്റായ സന്ദേശം ലഭിച്ച എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഫേസ്ബുക്കില്‍ അറിയിച്ചു.

Please give us the valuable feedback and keep touch with us...