സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്ട്‌സ്ആപ്പ്

സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്ട്‌സ്ആപ്പ്

സമ്പൂര്‍ണ്ണമായി സന്ദേശങ്ങള്‍ എന്‍ക്രിപ്റ്റ് ചെയ്ത് അയക്കാനുള്ള സംവിധാനവുമായി വാട്ട്‌സ്ആപ്പ് രംഗത്ത്. പുതിയ അപ്‌ഡേഷനോടു കൂടി അയക്കുന്നവര്‍ക്കും സ്വീകരിക്കുന്നവര്‍ക്കുമൊഴികെ മറ്റാര്‍ക്കും സന്ദേശങ്ങള്‍ വായിക്കുവാനോ മനസിലാക്കുവാനോ സാധിക്കില്ല. എന്‍ക്രിപ്ഷനുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ എഫ്ബിഐയും ആപ്പിളും തമ്മിലുള്ള യുദ്ധം കനക്കുന്നതിനിടയിലാണ് വാട്ട്സ്ആപ്പിന്‍റെ പുതിയ നീക്കം.

എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്‍ സൗകര്യത്തിലൂടെ വാട്ട്‌സാപ്പില്‍ അയക്കുന്ന മെസ്സേജുകള്‍ അവരുടെ ഓണ്‍ലൈന്‍ സെര്‍വറില്‍ സേവ് ആവുകയില്ല. അതുകൊണ്ട് തന്നെ അയക്കുന്ന സന്ദേശങ്ങള്‍, ചിത്രങ്ങള്‍, വീഡിയോ, ഫയലുകള്‍, വോയിസ് മെസേജുകള്‍ എന്നിവ ഡിഫോള്‍ട്ടായി എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്റ്റഡ് ആയിരിക്കുമെന്നാണ് വാട്ട്‌സ്ആപ്പ് തങ്ങളുടെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചിരിക്കുന്നത്.

ഗ്രൂപ് സന്ദേശങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. ഇനി സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാലും ഒരാളുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കമ്പനിക്ക് നല്‍കാന്‍ സാധിക്കുകയില്ല. വാട്ട്‌സ്ആപ്പിലെ ഓരോ ചാറ്റിനും പ്രത്യേകം എന്‍റ് ടു എന്‍റ് എന്‍ക്രിപ്ഷന്‍ സംവിധാനം ലഭ്യമാണ്. ഇത് ആക്റ്റിവേറ്റ് ചെയ്യാന്‍ ചാറ്റ് ബോക്‌സിലെ ഒരാളുടെ കോണ്‍ടാക്റ്റ് എടുത്ത് അതില്‍ കാണുന്ന എന്‍റ് ടു എന്‍റ് എന്ന എന്‍ക്രിപ്ഷന്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

അപ്പോള്‍ ലഭിക്കുന്ന ക്യുആര്‍ കോഡും 60 അക്ക സംഖ്യയും ആ വ്യക്തിയുമായി ഷെയര്‍ ചെയ്യുകയും ചെയ്താല്‍ ഇരുവര്‍ക്കുമിടയില്‍ എന്റ് ടു എന്റ് എന്‍ക്രിപ്ഷന്‍ സുരക്ഷാ സംവിധാനം ആക്ടിവേറ്റ് ചെയ്യപ്പെടുന്നതാണ്. ഇതിനായി ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് വേര്‍ഷനിലേക്ക് അപ്പ്‌ഡേറ്റ് ചെയ്താല്‍ മാത്രമേ ഈ സംവിധാനം ലഭ്യമാകൂ.
വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരസ്യത്തിനായി ഉപയോഗിക്കില്ലെന്ന ഉറപ്പും പുതിയ ഫീച്ചര്‍ നല്‍കുന്നു. ആപ്പിള്‍ ഐഫോണ്‍, ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളില്‍ ഈ പതിപ്പ് ലഭിക്കും.

Please give us the valuable feedback and keep touch with us...