ആരാധ്യപുരുഷന്‍ ദ്രാവിഡ്, എന്നിട്ട് അവസാന ഓവറില്‍ ബ്രാത്ത്‌വെയ്റ്റ് ചെയ്തതോ !

ആരാധ്യപുരുഷന്‍ ദ്രാവിഡ്, എന്നിട്ട് അവസാന ഓവറില്‍ ബ്രാത്ത്‌വെയ്റ്റ് ചെയ്തതോ !

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറിലെ ആ നാലു സിക്സറുകളെക്കുറിച്ചാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അവസാന ഓവറില്‍ ജയിക്കാന്‍ 19 റണ്‍സ് വേണ്ടപ്പോള്‍ കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ വക ഇടിമിന്നല്‍ പോലെ നാല് സിക്സര്‍. ഇന്ത്യയുടെ വന്‍മതിലായ രാഹുല്‍ ദ്രാവിഡിനെ തന്റെ ആരാധ്യപുരുഷനായി കാണുന്ന ബ്രാത്ത്‌വെയ്റ്റ് എങ്ങനെയാണ് വമ്പനടിക്കാരനായത്. ബ്രാത്ത്‌വെയ്റ്റിനെക്കുറിച്ച് നമ്മളറിയാത്ത ചിലകാര്യങ്ങളിതാ.

ബാര്‍ബഡോസില്‍ 1988 ജൂലെ 18നാണ് ബ്രാത്ത്‌വെയ്റ്റിന്റെ ജനനം. കരിയറിന്റ ആരംഭകാലത്ത് ദ്രാവിഡിനെപ്പോലെ മൂന്നാം നമ്പറിലായിരുന്നു ബ്രാത്ത്‌വെയ്റ്റ് ബാറ്റ് ചെയ്തിരുന്നത്. പരമാവധി പന്തുകള്‍ പ്രതിരോധിക്കുക എന്നതായിരുന്നു അന്ന് തന്റെ സമീപനമെന്ന് ബ്രാത്ത്‌വെയ്റ്റ് പറയുന്നു. എന്നാല്‍ കുറച്ചുകാലങ്ങള്‍ക്കുശേഷം ബ്രാത്ത്‌വെയ്റ്റ് കളിയൊന്ന് മാറ്റി പിടിച്ചു. കെവിന്‍ പീറ്റേഴ്സണായി പിന്നത്തെ ഹീറോ. അതോടെ കളിയുടെ ശൈലിയും മാറി.

2011ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തിലാണ് ആദ്യമായി വിന്‍ഡീസ് കുപ്പായമണിഞ്ഞത്. എന്നാല്‍ ഏകദിനത്തില്‍ ബ്രാത്ത്‌വെയ്റ്റിന്റെ സമയം ഇതുവരെ തെളിഞ്ഞിട്ടില്ല. അന്നുതൊട്ട് ഇതുവരെ ഏഴ് ഏകദിനങ്ങളില്‍ മാത്രമാണ് ബ്രാത്ത്‌വെയ്റ്റ് വിന്‍ഡീസിനായ കളിച്ചത്. അതേവര്‍ഷം തന്നെ ട്വന്റി-20യിലും അരങ്ങേറിയെങ്കിലും ഈ ലോകകപ്പിന് മുമ്പ് വിന്‍ഡീസിനായി ആകെ കളിച്ചത് രണ്ടേ രണ്ട് ട്വന്റി-20 മത്സരങ്ങള്‍ മാത്രവും. എന്നാല്‍ ഫൈനലില്‍ അവസാന ഓവറിലെ തകര്‍ത്തടി ബ്രാത്ത്‌വെയ്റ്റിന്റെ തലവര മാറ്റിയെഴുതി കഴിഞ്ഞു.

പ്രശസ്ത ബാര്‍ബേഡിയന്‍ ഗായികയും പാട്ടെഴുത്തുകാരിയുമായ റിഹാനയുടെ സഹപാഠിയായിരുന്നു ബ്രാത്ത്‌വെയ്റ്റ്. നാലാം ക്ലാസിലാണ് ഇരുവരും ഒരുമിച്ച് പഠിച്ചത്. 2015ല്‍ വിന്‍ഡീസിനായി ടെസ്റ്റില്‍ അരങ്ങേറുന്നതിന് മുമ്പ് തന്റെ പ്രശസ്തി റിഹാനയുടെ സഹപാഠി എന്നതു മാത്രമായിരുന്നുവെന്ന് ബ്രാത്ത്‌വെയ്റ്റ് തന്നെ പറഞ്ഞിട്ടുണ്ട്. വിന്‍ഡീസിനായി ഇതുവരെ രണ്ടു ടെസ്റ്റുകളില്‍ മാത്രമെ ബ്രാത്ത്‌വെയ്റ്റഅ കളിച്ചിട്ടുള്ളു.

വിന്‍ഡീസ് താരമായ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്റ്റുമായി ഒരു ബന്ധവും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിനില്ല. ആകെയുള്ള ബന്ധമാകട്ടെ ഇരുവരും ഒരേ സ്കൂളില്‍ പഠിച്ചു എന്നത് മാത്രമാണ്. ഇപ്പോള്‍ ഇരുവരും ഒരോ ടീമില്‍ കളിക്കുന്നു.

പിഎല്‍ താരലേലത്തില്‍ 30 ലക്ഷമായിരുന്നു ബ്രാത്ത്‌വെയ്റ്റിന്റെ അടിസ്ഥാനവില. എന്നാല്‍ ഇതിന്റെ പതിനാലിരട്ടി(4.2 കോടി) നല്‍കി ഈ അതികായനെ സ്വന്തമാക്കിയതാകട്ടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സും. നമ്മുടെ സഞ്ജുവിനൊപ്പം ഇത്തവണത്തെ ഐപിഎല്ലില്‍ ബ്രാത്ത്‌വെയ്റ്റിനെ കാണാമെന്ന് ചുരുക്കം.


Long On