നിക്കോളാസ് നിങ്ങള്‍ക്ക് തെറ്റി, മണ്ടന്‍മാരുടെ സംഘമല്ല ഈ വിന്‍ഡീസ് ടീം

നിക്കോളാസ് നിങ്ങള്‍ക്ക് തെറ്റി, മണ്ടന്‍മാരുടെ സംഘമല്ല ഈ വിന്‍ഡീസ് ടീം

കൊല്‍ക്കത്ത: വെസ്റ്റിന്‍ഡീസിന്റെ വിശ്വവിജയവും കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റിന്റെ അവസാന ഓവറിലെ അത്ഭുതപ്രകടനവും ചിലരെയെങ്കിലും അത്ഭുതപ്പെടുത്തുന്നുണ്ടാവാം. എന്നാല്‍ ടൂര്‍ണമെന്റിന് മുമ്പ് വിന്‍ഡീസിനെ ബുദ്ധിയില്ലാത്തവരുടെ സംഘമെന്ന് വിശേഷിപ്പിച്ച മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ മാര്‍ക് നിക്കോളസിനുള്ള മറുപടി കൂടിയായിയരുന്നു വിന്‍ഡീസിന്റെ  ഈ വിജയം. ഫൈനലിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിക്കോളാസിന്റെ പരമാര്‍ശം ചൂണ്ടിക്കാണിച്ച് വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി പറഞ്ഞിരുന്നു, ഞങ്ങളുടെ ടീമിലെ 15 പേരും മാച്ച് വിന്നര്‍മാരാണെന്ന്. അത് അക്ഷരംപ്രതി ശരിവെയ്ക്കുന്ന പ്രകടനമാണ് വിന്‍ഡീസ് ടൂര്‍ണമെന്റിലെ ഓരോ മത്സരത്തിലും നടത്തിയത്.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയില്‍ ആയിരുന്നു വിന്‍ഡീസിന്റെ വിജയതാരമായെതെങ്കില്‍ പിന്നീടുള്ള ഓരോ മത്സരങ്ങളിലും പേരുകള്‍ മാറി മാറിവന്നു. അഫ്ഗാനെതിരെ മാത്രമായിരുന്നു വിന്‍ഡീസിന് അടിതെറ്റിയത്. ഇന്ത്യക്കെതിരായ സെമിഫൈനലില്‍ അവസാന നിമിഷം പകരക്കാരനായി എത്തിയിട്ടും സിമണ്‍സ് വിജയവും കൊണ്ടാണ് ക്രീസ് വിട്ടത്.

ഒടുവിലിതാ ഫൈനലില്‍ ക്രിസ് ഗെയിലും സിമണ്‍സുമെല്ലാം പരാജയപ്പെട്ടിടത് മാര്‍ലോണ്‍ സാമുവല്‍സ് രക്ഷകനായി അവതരിച്ചു. അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ തുടര്‍ച്ചയായി നാലു സിക്സറുകള്‍ പറത്തി കാല്‍ലോസ് ബ്രാത്ത്‌വെയ്റ്റെന്ന അതികായകന്‍ വിന്‍ഡീസിന്റെ വീരനായകനായി. സമിയുടെ വാക്കുകള്‍ പൊന്നായി. ഈ ടീമിലെ 15 പേരും മാച്ച് വിന്നര്‍മാരാണ്. ഫൈനല്‍ജയത്തിനുശേഷം സംസാരിക്കവെ നിക്കോളാസിന്റെ പരാമര്‍ശം സമി വീണ്ടും എടുത്തുപറഞ്ഞു. അത് വിന്‍ഡീസിന് എത്രമാത്രം നോവിച്ചുവെന്നത് സമിയുടെ വാക്കുകള്‍ തന്നെ തെളിവ്. പക്ഷെ അതിനവര്‍ കണക്കുതീര്‍ത്തത് നിക്കോളാസിന്റെ നാട്ടുകാരോടാണെന്ന് മാത്രം. നാക്കുപിഴയോര്‍ത്ത് നിക്കോളാസ് ഇപ്പോള്‍ സ്വയം ശപിക്കുന്നുണ്ടാകണം.


Long On