ലോകകപ്പ് തോല്‍വിയിലും കൊഹ്‌ലി നിരാശനല്ല; കാരണം ഈ ജമ്മു ക്രിക്കറ്റ് താരം

ലോകകപ്പ് തോല്‍വിയിലും കൊഹ്‌ലി നിരാശനല്ല; കാരണം ഈ ജമ്മു ക്രിക്കറ്റ് താരം

ദില്ലി: ട്വന്റി-20 ലോകകപ്പ് സെമിയില്‍ വിന്‍ഡീസിനോട് തോറ്റ് ഇന്ത്യ പുറത്തായെങ്കിലും വിരാട് കൊഹ്‌ലി നിരാശനല്ല. അതിന് കാരണമുണ്ട്. എട്ടാം വയസില്‍ ഒരു അപകടത്തില്‍ ഇരുകൈകളും നഷ്ടമായിട്ടും ഇപ്പോഴും ആവേശത്തോടെ ക്രിക്കറ്റ് കളിക്കുന്ന ജമ്മു കാശ്മീരില്‍ നിന്നുള്ള ക്രിക്കറ്റ് താരം അമിര്‍ ഹുസൈന്‍ ലോണാണ്. ലോണ്‍ ക്രിക്കറ്റ് കളിക്കുന്ന വീഡിയോ ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത കൊഹ്‌ലി ഇങ്ങനെ കുറിച്ചു, പ്രതീക്ഷകള്‍ ഒരിക്കലും നഷ്ടമാകുന്നില്ല, ജീവിതം അവസാനിക്കുന്നുമില്ല, അത് തുടങ്ങുന്നതെയുള്ളു, യുവതാരത്തിന് അഭിനന്ദങ്ങള്‍.



1997ല്‍ നടന്നൊരു അപകടമാണ് ലോണിന്റെ ഇരുകൈകളും നഷ്ടമാക്കിയത്. അന്ന് എട്ട് വയസായിരുന്നു ലോണിന്റെ പ്രായം. എന്നാല്‍ അതൊന്നും ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്ന് ലോണിനെ തടഞ്ഞില്ല. വാള്‍നട്ട് കച്ചവടക്കാരനായ 26കാരനായ ലോണ്‍ ഇപ്പോള്‍ ഭിന്നശേഷിയുള്ളവരുടെ ജമ്മു കശ്മീര്‍ ടീം നായകനാണ്.

കാലുകൊണ്ട് ബൗള്‍ ചെയ്തും കഴുത്തിനും താടിക്കുമിടയില്‍ ബാറ്റ് മുറുകെ പിടിച്ച് ബാറ്റ് ചെയ്തും ലോണ്‍ ശുഭപ്രതീക്ഷയുടെ ആള്‍രൂപമാവുന്നു. കൊഹ്‌ലിക്ക് മാത്രമല്ല രാജ്യത്തിനു മുഴുവന്‍ പ്രചോദനവും.


Long On