ഒടുവില്‍ നിക്കോളാസ് പറയുന്നു; വിന്‍ഡീസ് നിങ്ങള്‍ മണ്ടന്‍മാരല്ല

ഒടുവില്‍ നിക്കോളാസ് പറയുന്നു; വിന്‍ഡീസ് നിങ്ങള്‍ മണ്ടന്‍മാരല്ല

കൊല്‍ക്കത്ത: ട്വന്റി-20 ലോകകപ്പിന് മുമ്പ് വിന്‍ഡീസിനെ ബുദ്ധിശൂന്യരെന്ന് വിശേഷിപ്പിച്ച മുന്‍ ഇംഗ്ലീഷ് താരവും കമന്റേറ്ററുമായ മാര്‍ക് നിക്കോളസ് മാപ്പു പറഞ്ഞു. വിന്‍ഡീസിന്റെ ലോകകപ്പ് വിജയത്തിനുശേഷമാണ് നിക്കോളാസ് മാപ്പു പറഞ്ഞത്. വിന്‍ഡീസ് നായകന്‍ ഡാരന്‍ സമിയോട് തനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ടെന്നും വിന്‍ഡീസിനെ ബുദ്ധിശൂന്യരെന്ന് വിശേഷിപ്പിച്ചതില്‍ ക്ഷമ ചോദിക്കുന്നുവെന്നും നിക്കോളാസ് വ്യക്തമാക്കി.

സത്യത്തില്‍ താന്‍ വിന്‍ഡീസിനെ ബുദ്ധിശൂന്യരെന്ന് വിശേഷിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല. എന്നാല്‍ തന്റെ വാക്കുകള്‍ തെറ്റിദ്ധാരണ ഉണ്ടാക്കി. എങ്കിലും എന്റെ പ്രസ്താവന മഹത്തായൊരു ക്രിക്കറ്റ് പാരമ്പര്യമുള്ള വിന്‍ഡീസ് ടീമിനെ വേദനിപ്പിച്ചുവെന്നറിഞ്ഞതില്‍ വിഷമമുണ്ട്. ഓസ്ട്രേലിയയില്‍ നടന്ന ഏകദിന ലോകകപ്പിലെയും സമീപകാലത്ത് ഓസ്ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലെയും വിന്‍ഡീസിന്റെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് അത്തരമൊരു പ്രസ്താവന വന്നത്. എന്തായാലും പ്രസ്താവനയില്‍ ഞാന്‍ ഖേദിക്കുന്നു. ക്ഷമ ചോദിക്കുകയും ചെയ്യുന്നു-നിക്കോളാസ് പറഞ്ഞു.

ഫൈനലിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നിക്കോളാസിന്റെ പരമാര്‍ശം ചൂണ്ടിക്കാണിച്ച് വിന്‍ഡീസ് നായകന്‍ ഡാരന്‍ സമി പറഞ്ഞത്, ഞങ്ങളുടെ ടീമിലെ 15 പേരും മാച്ച് വിന്നര്‍മാരാണെന്നായിരുന്നു. അത് അക്ഷരംപ്രതി ശരിവെയ്ക്കുന്ന പ്രകടനമാണ് വിന്‍ഡീസ് ടൂര്‍ണമെന്റിലെ ഓരോ മത്സരത്തിലും നടത്തിയത്.

ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ക്രിസ് ഗെയില്‍ ആയിരുന്നു വിന്‍ഡീസിന്റെ വിജയതാരമായെതെങ്കില്‍ പിന്നീടുള്ള ഓരോ മത്സരങ്ങളിലും പേരുകള്‍ മാറി മാറിവന്നു. അഫ്ഗാനെതിരെ മാത്രമായിരുന്നു വിന്‍ഡീസിന് അടിതെറ്റിയത്. ഇന്ത്യക്കെതിരായ സെമിഫൈനലില്‍ അവസാന നിമിഷം പകരക്കാരനായി എത്തിയിട്ടും സിമണ്‍സ് വിജയവും കൊണ്ടാണ് ക്രീസ് വിട്ടത്.

ഒടുവിലിതാ ഫൈനലില്‍ ക്രിസ് ഗെയിലും സിമണ്‍സുമെല്ലാം പരാജയപ്പെട്ടിടത് മാര്‍ലോണ്‍ സാമുവല്‍സ് രക്ഷകനായി അവതരിച്ചു. അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ തുടര്‍ച്ചയായി നാലു സിക്സറുകള്‍ പറത്തി കാല്‍ലോസ് ബ്രാത്ത്‌വെയ്റ്റെന്ന അതികായകന്‍ വിന്‍ഡീസിന്റെ വീരനായകനായി. ഫൈനല്‍ജയത്തിനുശേഷം സംസാരിക്കവെ നിക്കോളാസിന്റെ പരാമര്‍ശം സമി വീണ്ടും എടുത്തുപറഞ്ഞു. അത് വിന്‍ഡീസിന് എത്രമാത്രം നോവിച്ചുവെന്നതിന് തെളിവായിരുന്നു സമിയുടെ വാക്കുകള്‍.


Long On