വിശ്വവിജയികളായി വീണ്ടും വിന്‍ഡീസ്

വിശ്വവിജയികളായി വീണ്ടും വിന്‍ഡീസ്

കൊല്‍ക്കത്ത: ട്വന്റി-20 ലോക കിരീടം വെസ്റ്റിന്‍ഡീസിന്. ആവേശം അവസാന ഓവറിലേക്ക് നീണ്ട കിരീടപ്പോരില്‍ ഇംഗ്ലണ്ടിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് വിന്‍ഡീസ് വിശ്വവിജയികളായത്. വിന്‍ഡീസിന്റെ രണ്ടാം ട്വന്റി-20 ലോക കിരീട നേട്ടമാണിത്. അവസാന ഓവര്‍ തുടങ്ങും മുമ്പുവരെ കിരീടത്തില്‍ പിടിമുറുക്കിയിരുന്ന ഇംഗ്ലണ്ടിന്റെ കൈയില്‍ നിന്ന് കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് അക്ഷരാര്‍ഥത്തില്‍ കിരീട്ടം തട്ടിയെടുക്കുകായായിരുന്നു.

ബെന്‍ സ്റ്റോക്സ് എറിഞ്ഞ അവസാന ഓവറില്‍ 19 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്ന വിന്‍ഡീസിനായി കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ് ആദ്യ നാലു പന്തുകളും സിക്സറിന് പറത്തി. അവിശ്വസനീയതോടെ സ്റ്റോക്സും ഇംഗ്ലണ്ടും തലയില്‍ കൈവച്ചുപോയി. ബ്രാത്ത്‌വെയ്റ്റിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന് മുമ്പ് മാര്‍ലോണ്‍ സാമുവല്‍സിന്റെ അവസരോചിത ഇന്നിംഗ്സാണ് വീന്‍ഡീസിനെ വിജയത്തോട് അടുപ്പിച്ചത്. 66 പന്തില്‍ 85 റണ്‍സെടുത്ത സാമുവല്‍സ് വിന്‍ഡീസ് വിജയത്തില്‍ നങ്കൂരക്കാരനായി. സ്കോര്‍ ഇംഗ്ലണ്ട് 20 ഓവറില്‍ 155/9, വെസ്റ്റിന്‍ഡീസ് 19.4 ഓവറില്‍ 161/6.

കിരീടം കൈയിലൊതുക്കിയ അവസാന ഓവര്‍

മാര്‍ലോണ്‍ സാമുവല്‍സ് കോട്ട കാത്ത് ക്രീസിലുണ്ടായിരുന്നെങ്കിലും അവസാന ഓവര്‍വരെ വിന്‍ഡീസിന് വിജയം കൈയാലപ്പുറത്തായിരുന്നു. അവസാന നാലോവറില്‍ 45 റണ്‍സായിരുന്നു വിന്‍ഡീസിന് വേണ്ടിയിരുന്നത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ അച്ചടക്കമുള്ള കുട്ടികളായപ്പോള്‍ വിജയം മെല്ലെ വിന്‍ഡീസില്‍ നിന്നകലുകയാണോ എന്ന് തോന്നിച്ചു. കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റെന്ന വമ്പനടിക്കാരനെപ്പോലും ഇംഗ്ലീഷ് ബൗളര്‍മാര്‍ ക്രീസില്‍ കെട്ടിയിട്ടപ്പോള്‍ വിന്‍ഡീസിന്റെ ലക്ഷ്യം അവസാന ഓവറില്‍ 19 റണ്‍സായി. പ്രധാന ബൗളര്‍മാരെല്ലാം ക്വാട്ട പൂര്‍ത്തിയാക്കിയതിനാല്‍ ബെന്‍ സ്റ്റോക്സിനെയാണ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ അവസാന ഓവര്‍ എറിയാന്‍ ഏല്‍പ്പിച്ചത്. ബ്രാത്ത്‌വെയ്റ്റിനായിരുന്നു സ്ട്രൈക്ക്. ആദ്യ പന്ത് സ്ക്വയര്‍ ലെഗ്ഗിലൂടെ സിക്സര്‍. അടുത്ത പന്ത് ലോംഗ് ഓണിന് മുകളിലൂടെ, മൂന്നാം പന്ത് ലോംഗ് ഓഫിലൂടെ. ജയിക്കാന്‍ ഒരു റണ്‍സ് വേണ്ടപ്പോള്‍ നാലാം പന്തും സിക്സര്‍. ഇംഗ്ലീഷ് താരങ്ങളുടെ മുഖം വിര്‍ണമായി. വിന്‍‍ഡീസ് താരങ്ങള്‍ വിജയനൃത്തം വെച്ചു.

ചീറ്റിപ്പോയ പടക്കങ്ങള്‍

ഇംഗ്ലീഷ് നീരയിലെ ജേസണ്‍ റോയിയുടെയും വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയിലിന്റെയും വമ്പനടികള്‍ പ്രതീക്ഷച്ചെത്തിയ കാണികളെ ഇരുവരും നിരാശപ്പെടുത്തിയപ്പോള്‍ ഇംഗ്ലണ്ടിനെ ജോ റൂട്ടും വിന്‍ഡീസിനെ സാമുവല്‍സും ഒറ്റയ്ക്കൊറ്റയ്ക്ക് ചുമലിലേറ്റുന്ന കാഴ്ചയ്ക്കാണ് ഈഡന്‍ സാക്ഷ്യം വഹിച്ചത്. ഇംഗ്ലണ്ടിനായി ജോ റൂട്ടും(36 പന്തില്‍ 54), ജോസ് ബട്‌ലറും(22 പന്തില്‍36), ഡേവിഡ് വില്ലിയും(21) പൊരുതിയപ്പോള്‍ വിന്‍ഡീസിനെ സാമുവല്‍സ്(66 പന്തില്‍ 85 നോട്ടൗട്ട്) ഒറ്റയ്ക്ക് ചുമലിലേറ്റി. ബ്രാവോയുടെ(25) പിന്തുണയും ബ്രാത്ത്‌വെയ്റ്റിന്റെ വെടിക്കെട്ടും(10 പന്തില്‍ 34 നോട്ടൗട്ട്) വിന്‍ഡീസിന് കാര്യങ്ങള്‍ എളുപ്പമാക്കി. വമ്പനടിക്കാരായ ഇംഗ്ലണ്ടിന്റെ ജേസണ്‍ റോയ്(0), അലക്സ് ഹെയില്‍സി്(1) വിന്‍ഡീസിന്റെ ക്രിസ് ഗെയില്‍(4), സിമണ്‍സ്(0), ജോണ്‍സണ്‍ ചാള്‍സ്‍(1) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ ബ്രാത്ത്‌വെയ്റ്റിന്റെ അവസാന ഓവറിലെ വെടിക്കെട്ട് കാണികള്‍ക്ക് വിരുന്നായി.

സാമുവല്‍സാണ് താരം

ഗെയിലും സിമണ്‍സും പരാജയപ്പെട്ടിടത്ത് വിന്‍ഡീസിനെ ഒറ്റയ്ക്ക് ചുമലിലേറ്റുകയായിരുന്നു മൂന്നാമനായി ക്രീസിലെത്തിയ സാമുവല്‍സ്. വ്യക്തിഗത സ്കോര്‍ 27ല്‍ നില്‍ക്കെ വിക്കറ്റ് കീപ്പര്‍ പിടിച്ച് സാമുവല്‍സ് പുറത്തായെങ്കിലും തേര്‍ഡ് അമ്പയറുടെ പരിശോധനയില്‍ ക്യാച്ചിന് മുമ്പ് പന്ത് നിലം തൊട്ടതായി വ്യക്തമായതിനെത്തുടര്‍ന്ന് തിരിച്ച് ക്രീസിലെത്തുകയായിരുന്നു. ഇംഗ്ലണ്ടിന്റെ വിധിയും അവിടെ കുറിക്കപ്പെട്ടു. കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും മറ്റാരുമല്ല.

വിന്‍‍ഡീസിന് ഇരട്ടിമധുരം

നേരത്തെ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് വനിതാ ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമിന് ഇരട്ടി മധുരമായി പുരുഷ ടീമിന്റെ വിശ്വവിജയം. വനിതാ ടീം അംഗങ്ങളുടെ വിജയത്തിനുശേഷം അവരോടൊപ്പം ആവേശനൃത്തംവെയ്ക്കാന്‍ പുരുഷ ടീം ഗ്രൗണ്ടിലിറങ്ങിയത് കാണികള്‍ക്ക് വിരുന്നാകുകയും ചെയ്തു.


Long On